താമരശ്ശേരിയിൽ ലഹരിക്കടിമയായ ഭർത്താവിൻറെ ക്രൂര മർദനം താമരശേരിയിൽ യുവതിക്കും മകൾക്കും പരിക്ക്
താമരശ്ശേരി: താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ച ഭർത്താവിനെ അറസ്റ്റുചെയ്തു. പനന്തോട്ടത്തിൽ നൗഷാദിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഭർതൃപീഡനം, കൊലപാതകശ്രമം, കുട്ടികൾക്കുനേരെയുള്ള അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് നൗഷാദ് ഭാര്യയെയും മകളെയും ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയിൽ വീടിനകത്തുവെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മർദിച്ചശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചെന്നായിരുന്നു നൗഷാദിന്റെ ഭാര്യ നസ്ജയുടെ പരാതി.
അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുള്ള മകൾക്കും തന്റെ വല്ലുമ്മയ്ക്കും പരിക്കേറ്റതായും നസ്ജയുടെ പരാതിയിലുണ്ട്. ഗത്യന്തരമില്ലാതെ വീടുവിട്ടോടിയ ഇവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മക്കളുമാണ് ഭർത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായത്.
വിവാഹം കഴിഞ്ഞതുമുതൽ തുടങ്ങിയ ഉപദ്രവമാണെന്ന് യുവതി പറയുന്നു. കൊല്ലുമെന്ന് പറഞ്ഞ് ക്രൂരമായി മർദ്ദിച്ചു. കൊടുവാളുകൊണ്ട് വെട്ടാൻ വന്നപ്പോഴാണ് ഓടിയത്. രക്ഷപ്പെടാനായിരുന്നില്ല, വണ്ടിയുടെ മുന്നിൽ ചാടാനാണ് ഓടിയത്. പക്ഷേ, അത് കണ്ടപ്പോൾ നാട്ടുകാർ പിടിച്ചുവലിച്ച് കൊണ്ടുപോയി.
കല്യാണം കഴിഞ്ഞ അന്ന് തുടങ്ങിയ ഉപദ്രവമാണ്. എല്ലാം ശരിയാകുമെന്ന് കരുതി ക്ഷമിച്ച് നിൽക്കുകയായിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു. രാത്രി 10 മണിക്ക് ആരംഭിച്ച മർദനം രണ്ടു മണിക്കൂറോളം തുടർന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്. മകളെ തേനീച്ച കുത്തിയതിനെ തുടർന്ന് നാലുദിവസമായി യുവതിയും മകളും മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഡിസ്ചാർജ് ചെയ്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. തൻ്റെ വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. നസ്ജയും മകളും വല്ലുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു.


Comments
Post a Comment