മഴക്കാലം കണക്കിലെടുത്ത് പെരുവണ്ണാമൂഴി ഡാമിലെ നാലുഷട്ടറും മുഴുവനായും തുറന്നിട്ടിരിക്കുകയാണ്.
✒️ ജോബി മാത്യു
പെരുവണ്ണാമൂഴി : കുറ്റ്യാടി ജലസേചനപദ്ധതിക്കുകീഴിലുള്ള പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ 66 ശതമാനം വെള്ളമാണുള്ളത്. കനാൽ ജലവിതരണം നടക്കുന്ന സമയമായതിനാലാണ് വെള്ളം കുറഞ്ഞുനിൽക്കുന്നത്. മഴ ശക്തമായതോടെ ജലനിരപ്പ് ഉയരാൻതുടങ്ങിയിട്ടുണ്ട്. 44.41 മീറ്റർ പരമാവധി സംഭരണപരിധിയുള്ള ഡാമിൽ 5.77 മീറ്റർ താഴെയാണ് (38.64) ശനിയാഴ്‌ചത്തെ ജലനിരപ്പ്. 105.69 ദശലക്ഷം ക്യുബിക് മീറ്റർ പരമാവധി വെള്ളം ഉൾക്കൊള്ളാൻകഴിയുന്ന ഡാം റിസർവോയറിൽ 69.65 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണുള്ളത്. സെക്കൻഡിൽ 12.39 ക്യുബിക് മീറ്റർ വെള്ളം ഡാമിൽനിന്ന് കനാലിലേക്ക് ഒഴുക്കിവിടുന്നുണ്ട്. മഴക്കാലം കണക്കിലെടുത്ത് ഡാമിലെ നാലുഷട്ടറും മുഴുവനായും തുറന്നിട്ടിരിക്കുകയാണ്. വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസം രാവിലെവരെയുള്ള 24 മണിക്കൂർ സമയത്തിനുള്ളിൽ 60.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ കക്കയം ഡാം റിസർവോയറിൽ 42.46 ശതമാനം വെള്ളമാണുള്ളത്. ഡാമിൽ 749.32 മീറ്ററാണ് കഴിഞ്ഞദിവസത്തെ ജലനിരപ്പ്. 758.04 ആണ് പരമാവധി ജലസംഭരണപരിധി. 33.98 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം പരമാവധി ഉൾക്കൊള്ളാൻകഴിയുന്ന ഡാം റിസർവോയറിൽ 14.429 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണുള്ളത്.

Comments
Post a Comment