ഓർമ്മകളിൽ ആ സ്നേഹനക്ഷത്രം ; മാലാഖ എന്ന വാഴ്ത്തലുകൾക്കുമപ്പുറം കർമ മണ്ഡലത്തിൽ തന്റെ ജീവൻ ത്യജിക്കേണ്ടി വന്ന ധീരയായ സ്ത്രീയായിരുന്നു ലിനി.
ലിനി സിസ്റ്ററിൻ്റെ വേർപാടിന് ഏഴ് വയസ്സ്
നിപ്പ എന്നു കേൾക്കുമ്പോൾ തന്നെ മലയാളിയുടെ നോവാണ് ആരോഗ്യപ്രവർത്തകയായിരുന്ന ലിനി
മാലാഖ എന്ന വാഴ്ത്തലുകൾക്കുമപ്പുറം കർമ മണ്ഡലത്തിൽ തന്റെ ജീവൻ ത്യജിക്കേണ്ടി വന്ന ധീരയായ സ്ത്രീയായിരുന്നു ലിനി.
കൂരാച്ചുണ്ട്/ ചക്കിട്ടപാറ: നിപ്പയുടെ ഭീതിയിലാണ് ഇന്നും കേരളം. കേരളത്തിൽ ഈ വർഷവും നിപ്പ പിടിപെട്ടെങ്കിലും ഇന്ന് നമുക്ക് ആ രോഗത്തെ അറിയാം. എന്തെല്ലാം മുൻകരുതലെടുക്കണമെന്നും എങ്ങനെ സജ്ജമാകണമെന്നും മുൻ മാതൃകകളിൽ നിന്ന് കേരളം പഠിച്ചതാണ്. എന്നാൽ 2018ൽ ആദ്യമായി കോഴിക്കോട് ജില്ലയിലെ സൂപ്പിക്കട എന്ന പ്രദേശത്തെ നിപ്പ പിടിമുറുക്കിയപ്പോൾ മലയാളി ഏറെ ഭയപ്പെട്ടു. അന്ന് മറ്റൊരു ജില്ലയിലേക്കും വ്യാപിക്കാതെ അസുഖത്തെ ഇല്ലാതാക്കാൻ കേരളത്തിനായെങ്കിലും 17 ജീവനുകൾ പൊലിഞ്ഞു. നിപ്പ എന്നു കേൾക്കുമ്പോൾ തന്നെ എന്നും മലയാളിയുടെ നോവാണ് ആരോഗ്യപ്രവർത്തകയായിരുന്ന ലിനി. ലിനിയെപറ്റി ചിന്തിക്കാതെ ഒരു നിപ്പകാലവും മലയാളിക്കില്ലെന്നു തന്നെ പറയാം.
സിസ്റ്റർ ലിനി: കർമ്മ മണ്ഡലത്തിൽ ജീവൻ ത്യജിക്കേണ്ടി വന്ന ധീര...
ലിനി ഓർമ്മയായിട്ട് ഇന്നേക്ക് ഏഴ് വർഷം.. നിപ്പ എന്ന ഭീകര രോഗം കേരളത്തെയാകെ ഭയത്തിന്റെ മുൾമുനകളിൽ കൊരുത്തിട്ട ദിവസങ്ങൾ.. നേഴ്സായുള്ള തന്റെ സേവന ജീവിതത്തിൽ അവർ ജീവൻ വെടിയേണ്ടി വന്നിട്ട് ഏഴാണ്ട്..
സിസ്റ്റർ ലിനി, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു. സൂപ്പിക്കടയിലെ സാബിത്തിനെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് നിപ്പ ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ലിനി മരിക്കുന്നത് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്.
ആതുരശുശ്രൂഷയെ ഇഷ്‌ടപ്പെട്ടാണ് ലിനി നഴ്സിങ്ങ് തിരഞ്ഞെടുത്തത്
മരണക്കിടക്കയിൽ വച്ച് ലിനി ഭർത്താവിന് എഴുതിയ കത്ത് അന്ന് കേരളത്തെയാകെ കരയിച്ചിരുന്നു. തനിക്ക് നിപ്പ ബാധിച്ചുവെന്നും അതെത്ര ഭീകരമായ അവസ്ഥയാണെന്നും ലിനിക്ക് മനസ്സിലായിരുന്നു. അതിനാൽ തന്നെ പ്രിയപ്പെട്ടവർ തന്നെ കാണാനെത്തരുതെന്നും അവൾക്കറിയാമായിരുന്നു. അതുകൊണ്ട് അന്ന് ലിനി കുറിച്ചു, "സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry... നമ്മുടെ മക്കളെ നന്നായി നോക്കണേ.. പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം . please... with lots of love.."
പിന്നീട്, ലിനിയുടെ ഭർത്താവ് സജീഷിന് സർക്കാർ ജോലി നൽകി. അമ്മയുടെ ആഗ്രഹം പോലെ തന്നെ മകൻ കുഞ്ചുവുമായി സജീഷ് ഗൾഫ് സന്ദർശിച്ചിരുന്നു. മലയാളി നഴ്സസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അത്. പിന്നീട് നിപ്പ പ്രമേയമായി വരുന്ന വൈറസ് സിനിമയുടെ ലോഞ്ചിങ്ങിലും ഇരുവരും പങ്കെടുത്തു.
ആതുരശുശ്രൂഷയെ ഇഷ്‌ടപ്പെട്ടാണ് ലിനി നഴ്സിങ്ങ് തിരഞ്ഞെടുത്തത്. ലോണെടുത്ത് ബംഗളൂരു പവൻ സ്‌കൂൾ ഓഫ് നഴ്സിങ്ങിൽ നിന്ന് ബി എസ് സി നഴ്‌സിങ്ങ് പഠനം പൂർത്തിയാക്കി. കോഴിക്കോട് വിവിധ ആശുപത്രികളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും തുച്ഛമായ ശമ്പളമായിരുന്നു. പിന്നീടാണ്, ദിവസ വേതനത്തിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത്.
നിപ്പയെ തുടർന്ന് ലിനി മരിച്ചത് കേരളത്തെയൊന്നടങ്കം വേദനയിലാഴ്ത്തി
ജോലിയെ ഏറെ ഇഷ്‌ടപ്പെട്ട ആളായിരുന്നു ലിനി. അതുകൊണ്ട് തന്നെ മുന്നിലെത്തുന്ന രോഗികളെ തികഞ്ഞ ആത്മാർത്ഥതയോടും ദീനാനുകമ്പയോടും പരിചരിച്ചു അവർ. നിപ്പയെ തുടർന്ന് ലിനി മരിച്ചത് കേരളത്തെയൊന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. മാലാഖ എന്ന വാഴ്ത്തലുകൾക്കുമപ്പുറം കർമ മണ്ഡലത്തിൽ തന്റെ ജീവൻ ത്യജിക്കേണ്ടി വന്ന ധീരയായ സ്ത്രീയായിരുന്നു ലിനി. ലിനിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം!

Comments
Post a Comment