വന്യമൃഗ ശല്യത്തിനെതിരെ കൂരാച്ചുണ്ടിൽ ജാഗ്രതാ സമിതി രൂപീകരിച്ചു
കൂരാച്ചുണ്ട് : ഗ്രാമപഞ്ചായത്തിന്റെ വനമേഖലയിൽ അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി വാർഡ് തലങ്ങളിൽ 'വന്യജീവി ജാഗ്രതാ സമിതി' രൂപീകരിച്ചു. പ്രസിഡൻറ് ഓ ക്കെ അമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി ആർ എഫ് ഓ, സി വിജിത്ത് സ്വാഗതവും സെക്രട്ടറി ഷാനവാസ് ഇ നന്ദിയും അറിയിച്ചു. കൃഷിനാശം വിതയ്ക്കുകയും ആളപായമുണ്ടാക്കുകയും ചെയ്യുന്ന വന്യജീവികളിൽ നിന്നും സംരക്ഷണയൊരുക്കുവാൻ പ്രത്യേകം വളണ്ടിയർമാരെ ഉൾപ്പെടുത്തി വാർഡ് തലങ്ങളിൽ ജാഗ്രതാ സമിതികൾക്ക് രൂപം നൽകി. നിലവിൽ രണ്ട് ജാഗ്രതാ സമിതി ഗ്രൂപ്പുകളാണ് രൂപീകരിച്ചത്.
4, 5, 6 വാർഡുകളിൽ ആദ്യ ഗ്രൂപ്പും, 2, 3, 7 വാർഡുകളിൽ രണ്ടാമത്തെ ഗ്രൂപ്പും പ്രവർത്തിക്കും. ഈ വാർഡുകളിൽ ജനവാസ മേഖലയിൽ വന്യജീവി സാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതും ഇവിടങ്ങളിലെ ജാഗ്രതാ സമിതികളുടെ ബാദ്ധ്യതയായിരിക്കും. എല്ലാ മാസവും പഞ്ചായത്ത് ഹാളിൽ ജാഗ്രതാ സമിതി യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും എന്തെങ്കിലും പ്രശനങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹാരം കാണുകയും വേണമെന്നും തീരുമാനിച്ചു. കൂടാതെ കക്കയം ഏരിയയിൽ 2 കിലോമീറ്റർ നീളത്തിൽ ഇലക്ട്രിക് ഫെൻസിങ് ഉടനടി സ്ഥാപിക്കുവാൻ തീരുമാനിച്ചു.
ഒന്നാം ഗ്രൂപ്പിനെ ജോസ് വെളിയത്ത്, മുജീബ് കക്കയം, സജി തേനംമാക്കൽ, ആന്റോ കൊച്ചുമല, റെജി തുടങ്ങിയവർ നയിക്കുമ്പോൾ, രണ്ടാം ഗ്രൂപ്പിനെ രാജേഷ് മഠത്തിൽകുളങ്ങര, സോബിൻ, ജോജോ, എ സി രാമകൃഷ്ണൻ, ഷാജു കൂരാപ്പള്ളി, അശോകൻ കുറ്റിപ്പുറത്തിൽ, ജോസ് ചെരിയമ്പുറത്ത്, ജോസ് ചെമ്പുട്ടിക്കൽ തുടങ്ങിയവരും നയിക്കും

Comments
Post a Comment