കക്കയം-മുതുകാട്-പെരുവണ്ണാമൂഴി ബൈപ്പാസ് റോഡ് വരുമെന്ന് പറഞ്ഞിട്ട് 50 വർഷം



കൂരാച്ചുണ്ട്: ബാലുശ്ശേരി, പേരാമ്പ്ര നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കക്കയം-മുതുകാട് റോഡിനായുള്ള പ്രദേശവാസികളുടെ ശ്രമങ്ങൾതുടങ്ങിയിട്ട് 50 വർഷം പിന്നിട്ടു.

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കക്കയം-പെരുവണ്ണാമൂഴി മേഖലകളെ ബന്ധിപ്പിക്കുന്ന റോഡ് യാഥാർഥ്യമാക്കാൻ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതികളും ജനപ്രതിനിധികളും രംഗത്തുണ്ടെങ്കിലും എന്ന് യാഥാർഥ്യമാവുമെന്നാണ് പ്രദേശവാസിയും അധ്യാപകനുമായ ജോൺസന്റെ ചോദ്യം.

പ്രകൃതിമനോഹരമായ ഈ പ്രദേശങ്ങൾ വിനോദസഞ്ചാരസാധ്യതകളെ വർധിപ്പിക്കുമെന്നുമാത്രമല്ല അപകടസാധ്യത കൂടുതലുള്ള കക്കയത്തേക്ക് പേരാമ്പ്രയിൽനിന്ന് അഗ്നിരക്ഷാസേനയ്ക്കും മറ്റും എളുപ്പത്തിൽ എത്തിച്ചേരാനും ഈ വഴി ഉപകരിക്കുമെന്ന് ജോൺസൺ പറയുന്നു. കക്കയം മേഖലയിൽ കഴിഞ്ഞവർഷങ്ങളിൽ തീപ്പിടിത്തമുണ്ടായപ്പോൾ തിരക്കേറിയ കൂരാച്ചുണ്ട് ടൗണിലൂടെ എത്തിപ്പെടാൻ വൈകിയതുകൊണ്ട് ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചിരുന്നെന്നും ജോൺസൺ പറയുന്നു. റോഡ് പൂർത്തീകരിച്ചാൽ ഡാം റിസർവോയർ തീരത്തുകൂടി വിനോദസഞ്ചാരികൾക്ക് പ്രകൃതിഭംഗി ആസ്വദിച്ച് യാത്രചെയ്യാൻസാധിക്കുമെന്നും ജോൺസൺ പറഞ്ഞു.
റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് നവകേരളസദസ്സിൽ പരാതിനൽകിയതിനെത്തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയിരുന്നു. വിശദമായ സർവേനടത്തി റോഡിനുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വനമേഖലയടക്കം വിവിധവകുപ്പുകളുടെ കൈവശമുള്ള ഭൂമി പാതയിൽവരുന്നുണ്ട്. എല്ലാ അനുമതിയും ലഭിച്ചാൽമാത്രമേ റോഡുനിർമാണം നടക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥ-ഭരണ തലത്തിൽ ഇടപെടലുകൾക്ക് വേഗംകൂടിയിട്ടുള്ളത് അനുകൂലഘടകമാണെന്നും ഇപ്പോഴത്തെ കേന്ദ്ര വനനിയമവും റോഡിന് പ്രതിസന്ധിയാവില്ലെന്നും പൊതുപ്രവർത്തകനായ പാറപ്പുറം സുനിൽ പറയുന്നു.
പഴയകാലത്ത് ഒട്ടേറെയാളുകൾ കക്കയത്തുനിന്ന് മുതുകാടിലേക്ക് യാത്രചെയ്ത‌ വഴിയാണിതെന്ന് കർഷകസംഘടനയായ വിഫാമിന്റെ ജില്ലാപ്രസിഡന്റായ വി.ടി. തോമസ് ഓർത്തെടുക്കുന്നു. മുതുകാടുനിന്ന് കക്കയത്തേക്ക് ഈ റോഡുവഴി ഒൻപത് കിലോമീറ്റർ മാത്രമേ ദൂരമുള്ളൂവെന്നും കുറച്ചുവർഷങ്ങൾക്കുമുൻപ് ഇതുവഴി നാട്ടുകാർ റോഡുവെട്ടിയിരുന്നെന്നും അദ്ദേഹം പറയുന്നു. 1965-ൽ കക്കയം ഡാം നിർമാണസമയത്ത് വനഭൂമിയിലൂടെ കൂപ്പ് റോഡുണ്ടായിരുന്നെന്നും 1973-ൽ ജനകീയസഹകരണത്തോടെ കക്കയത്തുനിന്ന് മുതുകാടുവരെ മൺപാതനിർമിച്ചിരുന്നെന്നും വി.ടി. തോമസ് പറഞ്ഞു.
വനം, ജലസേചനം, പൊതുമരാമത്ത്, പഞ്ചായത്ത്, കെഎസ്ഇബി വകുപ്പുകൾ റോഡിനെ സംബന്ധിച്ച് പഠിക്കുന്നതിനും സർവേ പൂർത്തിയാക്കി സംയുക്തപരിശോധന നടത്തുന്നതിനും നടപടിസ്വീകരിക്കണമെന്നാണ് മൂന്നുപേരും ഒരേസ്വരത്തിൽ പറയുന്നത്. ഒരുനാടിന്റെ ചിരകാലാഭിലാഷം പൂർത്തീകരിക്കാൻ ആരുമുന്നിട്ടിറങ്ങിയാലും പ്രദേശവാസികൾ കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഒപ്പമുണ്ടാകുമെന്നും ഇവർ പറയുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി