രാത്രിയിൽ ഒറ്റയ്ക്ക് കോഴിക്കോട് ടൗണിലൂടെ യാത്രചെയ്യുന്നവരെ കത്തികാണിച്ച് പണംതട്ടും; 4 പേർകൂടി പിടിയിലായി
കോഴിക്കോട്: കോഴിക്കോട് ടൗണിലൂടെ രാത്രി യാത്രക്കാരെ കത്തികാണിച്ച് പണംതട്ടിയ കേസിൽ നാലുപേർകൂടി പിടിയിൽ, കവർച്ചയ്ക്കുപയോഗിച്ച വാഹനവും ആയുധവും തട്ടിയെടുത്ത മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്‌ച മുൻപ് രാത്രിയിൽ നഗരത്തിൽ. നടന്ന പിടിച്ചുപറിയുടെ സിസിടിവി ദൃശ്യമാണിത്.
കോട്ടപ്പറമ്പ് ആശുപത്രിക്ക് മുൻവശത്തൂടെ നടന്നുപോയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ സംഘം തടഞ്ഞു നിർത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും കവർന്നു. മറ്റ് പല ദിവസങ്ങളിലും രാത്രിയിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്നവരെ സംഘം ആക്രമിച്ച് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തിരുന്നു.
ടൂറിസ്റ്റ് ബസ് ഡ്രൈവറിന്റെ പരാതിയിൽ മണിക്കൂറുകൾക്കകം തന്നെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പയ്യാനക്കൽ ചക്കുംകടവ് സ്വദേശി മുഹമ്മദ് ഷംസീറിനെ ബുധനാഴ്‌ച പിടികൂടി. ഒപ്പമുണ്ടായിരുന്ന കായലം സ്വദേശികളായ രാജു, വിജേഷ്, ചക്കുംകടവ് സ്വദേശി ഫാസിൽ, ചേളന്നൂർ സ്വദേശി സായൂജ്, കുതിരവട്ടം സ്വദേശി പ്രവീൺ എന്നിവരെയാണ് ഇന്ന് കസബ പൊലീസ് പിടികൂടിയത്.
മുഹമ്മദ് ഷംസീറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളും ലഹരിക്കേസുകളുമുണ്ട്. ബാക്കയുള്ളവർക്കെതിരെ മറ്റ് കേസുകളുണ്ടോയെന്നറിയാൻ ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കസബ പൊലീസ് അറിയിച്ചു.

Comments
Post a Comment