പിടിച്ചിട്ടത് 24 ദിവസം, 13 ലക്ഷം കെട്ടിവച്ചു; മാനിനെ ഇടിച്ച KSRTC സ്കാനിയക്ക് ഒടുവിൽ മോചനം
സുൽത്താൻബത്തേരി: ബസ്സിടിച്ച് മാൻ ചത്ത സംഭവത്തിൽ കസ്റ്റഡിയിലായ കെഎസ്ആർടിസി സ്‌കാനിയ ബസിന് ഒടുവിൽ മോചനമാകുന്നു. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് 24 ദിവസമായ ദീർഘദൂര അന്തസ്സംസ്ഥാന ബസ് വിട്ടുനൽകാൻ ബത്തേരി ജെഎഫ്‌സിഎം കോടതിയാണ് ഉത്തരവിട്ടത്.
ചൊവ്വാഴ്ച ബസിൻ്റെ സാക്ഷ്യപ്പെടുത്തിയ ചിത്രങ്ങൾ സഹിതം കോടതിയിൽ സമർപ്പിക്കുന്നതോടെ ബസ് കെഎസ്ആർടിസിക്ക് കൊണ്ടുപോകാനാകും. ബസ് വിട്ടുകിട്ടുന്നതിലേക്കായി നിർദേശിച്ച 13 ലക്ഷം രൂപ കെഎസ്‌ആർടിസി കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്.
തിരുവനന്തപുരം ഡിപ്പോയിലെ ബസിന്റെ രേഖകൾ മുഴുവനായി ഹാജരാക്കാനും വൈകിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസാണിത്. ഈ ബസ് കസ്റ്റഡിയിലായതോടെ മറ്റൊരു ബസ് ഈ സർവീസ് നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഏപ്രിൽ 19-ന് രാവിലെയാണ് മുത്തങ്ങക്കടുത്ത് എടത്തറയിൽ റോഡ് മുറിച്ചുകടക്കുന്ന പുള്ളിമാനിനെ സ്കാനിയ ബസ്സിടിച്ചത്. ലോഫ്ളോർ ബസായതിനാൽ മാൻ അടിയിൽക്കുടുങ്ങുകയും കുറച്ചുദൂരം വലിച്ചിഴയ്ക്കുകയുംചെയ്തു. തുടർന്ന് വന്യജീവിസംരക്ഷണനിയമത്തിൽ നായാട്ടിനുള്ള സെക്ഷൻ ഒൻപത് പ്രകാരം ഡ്രൈവറുടെ പേരിൽ വനംവകുപ്പ് പൊൻകുഴി സെക്ഷൻ ഓഫീസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഭവത്തിൽ കുറിച്യാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വാഹനം വിട്ടുനൽകിയശേഷം കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകും. തുടർന്ന് കോടതി ഡ്രൈവറെ വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിക്കും. മൂന്നാഴ്ചയിലേറെയായി ബസ് ബത്തേരിയിൽ വനംവകുപ്പിന്റെ ആർആർടി റെയ്ഞ്ച് ഓഫീസ് വളപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ബസിന്റെ മുൻ ബംപറിലും ടയറുകൾക്കും കേടുപാടുണ്ട്. ഇത്രയും ദിവസമായി ഓടാത്തതിനാൽ കേടുപാടുകൾ തീർത്ത് വിശദമായ പരിശോധനയ്ക്ക് ശേഷമേ ബസ് നിരത്തിലിറക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. സമയക്രമം നോക്കി ബെംഗളൂരുവിലേക്കോ തിരുവനന്തപുരത്തേക്കോ സർവീസായാണ് അയക്കുക.

Comments
Post a Comment