രാഷ്ട്രീയകേരളത്തിന്റെ പൂമുഖത്തുനിന്ന് ഇ.കെ.നായനാർ വിട പറഞ്ഞിട്ട് 21 വർഷങ്ങൾ
ജനനായകൻ ഇ കെ നായനാർ ചരിത്രത്തിലേക്ക് വിട വാങ്ങിയിട്ട് ഇന്നേക്ക് ഇരുപത്തിയൊന്ന് വർഷം. കാലമെത്രകഴിഞ്ഞാലും ജന മനസ്സുകളിൽ നിന്നും മായാത്ത കനലോർമ്മയാണ് ഇ കെ നായനാർ.
കുറിക്കു കൊള്ളുന്ന വിമർശനവും നർമത്തിൽ ചാലിച്ച സംഭാഷണവും അസാമാന്യ പ്രസംഗ വൈഭവയും കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ജനനേതാവ്.
മൂന്ന് തവണകളായി 11 വർഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ 1918 ഡിസംബർ 9 ന് കണ്ണൂർ കല്യാശേരിയിലാണ് ജനിച്ചത്.
ചെറുപ്പത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നായനാർക്ക് ഉപ്പുസത്യഗ്രഹത്തിനു കല്യാശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ പ്രായം വെറും പതിമൂന്ന് വയസായിരുന്നു. കോൺഗ്രസിലെ ഇടതു പക്ഷ ചിന്താഗതിക്കാർ ചേർന്ന് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിൽ ചേർന്ന നായനാർ 1939 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തി.
കയ്യൂർ- മൊറാഴ സമരങ്ങളിൽ വഹിച്ച പങ്കിനെ തുടർന്ന് ഒളിവിൽ പോകേണ്ടി വന്ന മൂന്നാം പ്രതിയായ നയനാരൊഴികെ മറ്റു മുഖ്യപ്രതികളെല്ലാം തൂക്കിലേറ്റപ്പെട്ടു. 1964 ൽ സിപിഐ ദേശീയ കൗൺസിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ (എം) എന്ന പാർട്ടിയുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചു.
അടിയന്തരാവസ്ഥകാലത്ത് വീണ്ടും ഒളിവിൽ പോവേണ്ടി വന്ന നായനാർ 1980 ൽ ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. പിന്നീട് 1987, 2001 എന്നീ വര്ഷങ്ങളിൽ രണ്ട് പ്രാവശ്യം കൂടി നായനാർ ആ പദവി അലങ്കരിച്ചു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഡെൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട ഇ.കെ നായനാർ ഹൃദയാഘാതത്തെ തുടർന്ന് 2004 മെയ് 19 ന് അന്തരിച്ചു. കണ്ണൂരെത്തിച്ച മൃതദേഹം എ കെ ജി, സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള എന്നിവരുടെ ശവകുടീരങ്ങൾക്ക് സമീപം സംസ്കരിച്ചു.
വിഷമകരമായ രാഷ്ട്രീയ
സാഹചര്യത്തിലൂടെയാണു കടന്നു പോകുന്നതെങ്കിലും വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരെ ആരും കണ്ടിട്ടുണ്ടാവില്ല. വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും പിരിമുറുക്കങ്ങളെ അലിയിച്ചു കളയാൻ നർമമായിരുന്നു നായനാർക്കു കൂട്ട്.
നായനാർ കേരളത്തെ ചിരിപ്പിച്ച ഏറെ തമാശകളുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ കൊതുകുശല്യം ഇല്ലാതാക്കാനായി പദ്ധതികൊണ്ടുവന്നു. ഇപ്പോഴത്തെ മന്ത്രി വി.ശിവൻകുട്ടിയായിരുന്നു അതിനു പിന്നിൽ. "ഗുഡ്ബൈ മൊസ്കിറ്റോ' എന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരായിരുന്നു. പ്രസംഗത്തിനിടെ നായനാർ ശിവൻകുട്ടിയോടു ചോദിച്ചു. "കൊതുകിന് ഇംഗ്ലിഷ് മനസ്സിലാവോടോ, ഗുഡ്ബൈ എന്നു പറഞ്ഞാൽ കൊതുകു പോകുമോ?'-നായനാരുടെ നർമത്തിൽ ജനക്കൂട്ടം ചിരിച്ചു കുഴഞ്ഞുമറിഞ്ഞു. നർമത്തെ ആയുധമാക്കുമ്പോൾ അത് ആർക്കു നേരെയാണെന്നൊന്നും നായനാർ നോക്കാറുണ്ടായിരുന്നില്ല.
പ്രമേഹരോഗിയാണെന്ന കാര്യം നായനാർ മറച്ചു വച്ചിരുന്നില്ല. ഒരു ചടങ്ങിൽ നായനാർക്ക് ചായ കൊടുത്തു. നായനാരുടെ ഷുഗർ പ്രശ്നം അറിയാവുന്ന സംഘാടകർ മധുരമില്ലാത്ത ചായയാണു നൽകിയത്. ഏതു ചായയാണ് നായനാർക്ക് നൽകിയതെന്നു മനസ്സിലാക്കാതെ, വേദിയിൽ അടുത്തുണ്ടായിരുന്നയാൾ നായനാരോടു ചോദിച്ചു 'ഷുഗർ എങ്ങനെയുണ്ട്' എടുത്തടിച്ചപോലെ നായനാരുടെ മറുപടി വന്നു.
"എനിക്കുണ്ട്, ചായയിലില്ല'.
കെ.എം.മാണിയെ കുഞ്ഞുമാണിയെന്നും എ.കെ.ആന്റണിയെ അന്തോണിയെന്നും എം.എം.ഹസ്സനെ വകുപ്പില്ലാമന്ത്രിയെന്നും വിളിക്കാൻ ഇ.കെ.നായനാർക്കേ കഴിയൂ.ആ വിളിയിൽ അവരാരും വേദനിക്കുകയോ മുഖം കറുപ്പിക്കുകയോ ചെയ്തിരുന്നില്ല. "ഭഗവാനെന്തിനാ പാറാവ്' എന്നു ചോദിക്കാൻ ഒരു മുഖ്യമന്ത്രിയും ഇന്നു മുതിരുമെന്നു തോന്നുന്നില്ല. നായനാർക്ക് അതിനു കഴിയുമായിരുന്നു. കണ്ണൂർ ശൈലിയിൽ തനിനാടൻ മട്ടിൽ അദ്ദേഹം പറഞ്ഞ തമാശകളെ അങ്ങനെത്തന്നെ ഉൾക്കൊള്ളാൻ മലയാളികൾക്കു കഴിഞ്ഞു.
കൊലവിളിയും വിദ്വേഷവും അപവാദ പ്രചാരണവുമായി ഇന്ന് രാഷ്ട്രീയ രംഗം മാറിക്കൊണ്ടിരിക്കുമ്പോൾ ഇ.കെ.നായനാരുടെ അസാന്നിധ്യം ഉണ്ടാക്കുന്ന ശൂന്യത വലുതാണ്. രാഷ്ട്രീയ നേതാക്കൾക്ക് ഇത ബലംപിടിത്തം വേണോ എന്നു തോന്നിപ്പോകുമ്പോഴെല്ലാം അറിയാതെ നായനാരുടെ ചിരി മലയാളിയുടെ മനസ്സിലേക്കെത്തും. നായനാരുടെ 21-ാം ചരമവാർഷിക ദിനത്തിൽ, അദ്ദേഹത്തെ ഓർക്കുകയാണു നേതാക്കൾ.




Comments
Post a Comment