അഖിലിന്റെയും ടീനയുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർന്നു പോയതിനാൽ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ഡിഎൻഎ പരിശോധന




വിവാഹത്തിനുള്ള ഒരുക്കത്തിനിടെ കണ്ണീർവാർത്ത; ഉള്ളുലഞ്ഞ് അഖിലിന്റെയും ടീനയുടെയും വീട്ടുകാർ

വയനാട്: വിവാഹത്തിന് ഒരുങ്ങിയ രണ്ടു വീടുകളിലേക്കാണ് ഒറ്റ രാത്രി കൊണ്ടു മരണം കടന്നു വന്നത്. കുറ്റിക്കൈതയിലെ അഖിലിന്റെ വീട്ടിൽ മുറ്റം ചെത്തി വൃത്തിയാക്കിയിരുന്നു. മതിൽ കെട്ടാൻ മുറ്റത്തിന് വീതി കൂട്ടാനുള്ള പണി ആരംഭിച്ചിരുന്നു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ സൗദിയിൽ നിന്നുള്ള ആ വിളി വരുന്നതു വരെ രണ്ടു മാസം കഴിഞ്ഞുള്ള അഖിലിന്റെ വിവാഹത്തിനായി വീട് ഒരുക്കുകയായിരുന്നു അച്ഛൻ അലക്സ്. ടീനയുടെ വീട്ടിലും വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 4 മാസം മുൻപാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനാവശ്യമായ സാധനങ്ങൾ ഒരുമിച്ചു വാങ്ങാനാണ് അഖിൽ ടീനയുടെ അടുത്തേക്ക് പോകുന്നത്. വിവാഹ ശേഷം അഖിലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള ശ്രമവും ടീന ആരംഭിച്ചിരുന്നു.


ഉള്ളുലഞ്ഞ് അലക്സ്

അമ്പലവയൽ സൗദിയിലെ വാഹനാപകട വാർത്തയറിഞ്ഞു കുറ്റിക്കൈതയിലെ ഇളയിടത്തുമഠത്തിൽ വീട്ടിലെത്തിയ ബന്ധുക്കളോടും നാട്ടുകാരോടും സംസാരിച്ച് അച്ഛൻ അലക്സ് മുറ്റത്തുണ്ടായിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും എല്ലാവരോടും സംസാരിക്കുന്നു.

കുറ്റിക്കൈതയിലെ ഇളയിടത്തുമഠത്തിൽ വീട്ടിലെത്തിയ ബന്ധുക്കളോടും നാട്ടുകാരോടും സംസാരിച്ച് അച്ഛൻ അലക്സ് മുറ്റത്തുണ്ടായിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും എല്ലാവരോടും സംസാരിക്കുന്നു. അഖിലിന്റെ അമ്മ ഷീജ തളർന്ന് ആശുപത്രിയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ അന്വേഷിച്ചും അപകടത്തെക്കുറിച്ച് സംസാരിച്ചും കരയാതെ പിടിച്ചു നിൽക്കുകയാണ് അലക്‌സ്. പറമ്പിൽ പണിയെടുത്തും പശുവിനെ നോക്കിയും ജീവിച്ചിരുന്ന കുടുംബമായിരുന്നു അഖിലിന്റേത്.

വെല്ലൂരിലെ ബിരുദ പഠനത്തിനു ശേഷം വിദ്യാർഥി വീസയിലാണ് അഖിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. പഠനത്തിനിടെ ജോലി ചെയ്തായിരുന്നു ജീവിതം. രണ്ടര വർഷം മുൻപാണ് അഖിലിന് സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ലഭിക്കുന്നത്. ഇതിനിടെ, അനിയൻ ഡെനിൽ അലക്സും ഇംഗ്ലണ്ടിലെത്തി. 4 മാസം മുൻപു നടവയൽ സ്വദേശി ടീനയുമായി അഖിലിന്റെ വിവാഹവും ഉറപ്പിച്ചു. കഷ്ടപ്പാടുകളിൽ നിന്നു കുടുംബം മെല്ലെ കരകയറി വരുന്നതിനിടെയാണ് അഖിലിന്റെയും പ്രതിശ്രുതവധു ടീനയുടെയും മരണ വാർത്ത അലക്സിനെ തേടിയെത്തിയത്.

കണ്ണീർക്കയത്തിൽ ടീനയുടെ കുടുബം

നടവയൽ നാലു മാസങ്ങൾക്കു
മുൻപ് നാട്ടിലെത്തി വിവാഹം ഉറപ്പിച്ച് തിരിച്ചു പോയ ടീനയുടെ മരണ വിവരം ഞെട്ടലോടെയാണ് നാടറിഞ്ഞത്. വിവരമറിഞ്ഞ് രാവിലെ മുതൽ നാട്ടുകാർ നെയ്ക്കുപ്പയിലെ ടീനയുടെ കാരിക്കുന്ന് വീട്ടിലേക്ക് എത്തിയിരുന്നു. ടീനയുടെ പിതാവ് ബൈജു വരുന്നവരോട് ഒരു വാക്കു പോലും മിണ്ടാനാവാതെ നെഞ്ചുപൊട്ടുന്ന വേദനയിൽ, പണി തീരാത്ത വീടിനു മുന്നിലിരുന്നു. അമ്മ നിസിയും സഹോദരി ട്വിങ്കിളും കരഞ്ഞു തളർന്നു.

ബൈജുവിന്റെയും നിസിയുടെയും മൂത്ത മകൾ ടീനയ്ക്ക് ഒന്നര വർഷം മുൻപാണ് സൗദിയിലേക്ക് നഴ്സ‌് വീസ ലഭിക്കുന്നത്. ബൈജു നടവയലിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവറാണ്. നിസി പ്രദേശത്തെ അച്ചാർ കമ്പനിയിൽ ജോലി ചെയ്യുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ടീന. എല്ലാ ദിവസവും രാത്രി 8 മണിക്ക് വിളിക്കുന്ന മകൾ 2ന് രാത്രി വിളിച്ചില്ല. അങ്ങോട്ടേക്കു വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. തുടർന്ന് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് അപകട വിവരം അറിയുന്നത്. അപ്പോഴും മരണം അറിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചയോടെ സൗദി മലയാളി അസേസിയേഷനാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്.

മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ഡിഎൻഎ പരിശോധന

അഖിലിന്റെയും ടീനയുടെയും മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ഡിഎൻഎ പരിശോധനാ ഫലം വേണ്ടിവരുമെന്നു ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽ രണ്ടു കാറുകളും പൂർണമായി കത്തിനശിച്ചിരുന്നു. മൃതദേഹങ്ങൾ വിട്ടുകിട്ടാൻ കുടുംബത്തിലെ ആരുടെയെങ്കിലും ഡിഎൻഎ ഫലം സൗദി ഭരണകൂടം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ കൈവശമുള്ള, അഖിലിന്റെ പാസ്പോർട്ടിന്റെ പകർപ്പ് വ്യക്തമല്ലാത്തതിനാൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നു വ്യക്തമായ പകർപ്പ് ലഭിക്കേണ്ടതുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി