ചക്കിട്ടപാറയിലെ സൗര തൂക്കുവേലി നിർമാണം വൈകുന്നു
ഇഴയുന്നത് മൂന്നര വർഷം മുൻപ് ഫണ്ട് അനുവദിച്ച സൗരവേലി നിർമാണം
✒️ ജോബി മാത്യു
ചക്കിട്ടപാറ : കഴിഞ്ഞ ഡിസംബർ 30ന് പെരുവണ്ണാമൂഴിയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പ്രവ്യത്തി ഉദ്ഘാടനം നിർവഹിച്ച വനം വകുപ്പിന്റെ സൗര തൂക്കു വേലി നിർമാണം വൈകുന്നതിൽ പ്രതിഷേധം.
ജനുവരിയിൽ സൗര വേലി നിർമാണം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാസങ്ങൾക്ക് മുൻപ് ഏറ്റെടുത്ത പ്രവൃത്തിക്ക് ഫണ്ട് ലഭ്യമല്ലാത്തതാണ് ആദ്യ ഘട്ടത്തിൽ തടസ്സമായിരുന്നെങ്കിൽ അധികൃതരുടെ അനാസ്‌ഥയാണ് ഇപ്പോൾ പ്രശ്നം. കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ കൃഷി ഭുമിയിൽ ഇറങ്ങി ദിവസേന നാശം വിതയ്ക്കുകയാണ്
പെരുവണ്ണാമുഴി - ചെമ്പനോട റോഡിൽ ഫോറസ്‌റ്റ് സ്‌റ്റേഷൻ മുതൽ മുത്തേട്ടുപുഴ പാലം വരെയുള്ള 2 കിലോമീറ്ററോളം ദൂരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി പാതയോരത്തെ വനഭൂമിയിൽ കാട്ടാനക്കൂട്ടം വിലസുന്നതു വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാണ്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഇപ്പോൾ രാത്രി കാവൽ ഉള്ളതിനാൽ മാത്രമാണ് അപകടം ഒഴിവാകുന്നത്.
മുതുകാട്, ചെമ്പനോട, ഉണ്ടം മുല, ആലമ്പാറ, കാട്ടിക്കുളം മേഖലകളിലും കാട്ടാന ശല്യത്തിൽ കർഷകർ പൊറുതിമുട്ടുകയാണ്. മുൻപ് ഉണ്ടായിരുന്ന സൗരവേലി മിക്ക ഭാഗത്തും പ്രവർത്തന രഹിതമാണെന്നും കർഷകർ പറയുന്നു.
മൂന്നര വർഷം മുൻപ് നബാർ ഡ് ഫണ്ട് അനുവദിച്ച സൗരവേലി നിർമാണ നടപടികളാണ് ഇപ്പോഴും ഇഴയുന്നത്. പൂഴിത്തോട് രണ്ടാംചിളി മുതൽ പെരു വണ്ണാമുഴി വരെയും പെരുവണ്ണാമൂഴി മുതൽ മുതുകാട്, സീതപ്പാറ വരെയും 18 കിലോമീറ്റർ തൂക്കു വേലി നിർമിക്കാൻ 1.46 കോടി രൂപ അനുവദിച്ച് 2024 സെപ്റ്റംബറിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതാണ്.
ഈ മാസം പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ മഴക്കാലത്ത് സൗരവേലി പണി ചെയ്യാൻ സാധിക്കാത്തതും പ്രശ്‌നമാകും. വീണ്ടും പ്രവൃത്തി നീളുന്നത് കൃഷി ഭൂമിയിലെ വന്യമൃഗശല്യം രൂക്ഷമാകാൻ കാരണമാകും.

Comments
Post a Comment