പെരുവണ്ണാമൂഴി ; ജാനകിക്കാട്ടിൽ പുതിയ അതിഥി




പെരുവണ്ണാമൂഴി : ജാനകിക്കാട് ഇക്കോ ടൂറിസംകേന്ദ്രത്തിൽ വീണ്ടും പുതിയ അതിഥിയെത്തി. വംശനാശം നേരിടുന്ന ദേശാടനപ്പക്ഷി ഇനത്തിൽപ്പെട്ട 'തവിട്ടുപിടലി രാച്ചുക്ക്' ആണ് ജാനകിക്കാട്ടിൽ അതിഥിയായെത്തിയത്. ഫോറസ്റ്റ് ഗൈഡ് സുധീഷ് ജാനകിക്കാടാണ് പക്ഷിയെ കണ്ടെത്തിയത്.
രാത്രിസഞ്ചാരിയായ പക്ഷിയാണിത്. പിടലിയിലെ കടും തവിട്ടുനിറവും കുറുകിയ വാലും ഇതിനെ മറ്റ് രാച്ചുക്കുകളിൽനിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. ജെർഡൻസ് നൈറ്റ്ജാർ എന്നാണ് ഇതിൻ്റെ ഇംഗ്ലീഷ് നാമം. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിലെ പക്ഷികളെക്കുറിച്ച് പഠനംനടത്തിയ ബ്രിട്ടീഷ് ഭിഷഗ്വരനായ ടി.സി. ജെർഡന്റെ ഓർമ്മയ്ക്കായാണ് ഈ പക്ഷിക്ക് ജെർഡൻസ് നൈറ്റ്ജാർ എന്ന ഇംഗ്ലീഷ് പേര് നൽകിയത്.

ലോകത്ത് ഇന്ത്യയും ശ്രീലങ്കയും മാത്രമാണ് ഈ പക്ഷിയുടെ ആവാസകേന്ദ്രങ്ങൾ. അട്രിപെന്നീസ് എന്ന ഉപവിഭാഗത്തെ ഇന്ത്യയിൽമാത്രമാണ് കാണുന്നത്. സാധാരണയായി കാടുകളിലാണ് വാസം. ഈ പക്ഷിയുടെ ജീവിതരഹസ്യങ്ങൾ പലതും ഇനിയും കണ്ടെത്തിയിട്ടില്ല. രാത്രി പറന്നുനടക്കുന്ന പ്രാണികളാണ് ഇതിന്റെ ഭക്ഷണം. ഇതിന്റെ പ്രത്യുത്പാദനത്തെക്കുറിച്ചുള്ള അറിവ് തൂലോം പരിമിതമാണെന്ന് അബ്‌ദുള്ള പാലേരി പറഞ്ഞു.


ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ രൂപസൗകര്യമാണ് പ്രകൃതി രാച്ചുക്കുകൾക്ക് നൽകിയത്. മരങ്ങളുടെ തൊലിയുടെ നിറമാണ് രാച്ചുക്കുകളുടെ തൂവലുകൾക്ക്. അതുകൊണ്ട് ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്. കുറ്റിക്കാടുകൾ, പുൽമേടുകൾ, വനമേഖലകൾ എന്നിവയാണ് ഇതിൻ്റെ ആവാസകേന്ദ്രം. കഴിഞ്ഞമാസം ജാനകിക്കാട്ടിൽ ദേശാടനപ്പക്ഷിയായ കിന്നരി പ്രാപ്പരുന്തിനെ കണ്ടെത്തിയിരുന്നു. മാക്കാച്ചിക്കാട, തീക്കാക്ക തുടങ്ങി വൈവിധ്യമാർന്ന പക്ഷികളുടെ ഇഷ്ടതാവളമാണ് ജാനകിക്കാട്. ഒട്ടേറെ പക്ഷിനിരീക്ഷകർ നിത്യവും ഈ ഇക്കോടൂറിസം കേന്ദ്രം സന്ദർശിക്കാനെത്താറുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി