കൂരാച്ചുണ്ടിൽ പൊതു കളി മൈതാനം സാധ്യമാകുന്നു
"6 കോടി 13 ലക്ഷം രൂപയുടെ വികസനപ്പെരുമഴ"
പൊതു കളിമൈതാനം സാധ്യമാകുന്നു .
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിക്ക് അംഗീകാരമായി. 6 കോടി 13 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്കാണ് 08/04/25 തിയ്യതിയിൽ ഡി പി സി യിൽ അംഗീകാരം ലഭ്യമായിട്ടുള്ളത്. 73,62710 രൂപ ഉത്പാദനമേഖലയിലും, 7,106000 രൂപ പാർപ്പിട മേഖലയിലും വകയിരുത്തിയിട്ടുണ്ട്.പശ്ചാത്തല മേഖലയിൽ 1,4700000 രൂപയുടെ റോഡ് പ്രവൃത്തി ഉൾപ്പെടുത്തി.
നാടിന്റെ ചിരകാല സ്വപ്നമായിരുന്നു പൊതു കളിസ്ഥലം യാഥാർഥ്യമാക്കുന്നതിനു 60 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതോടൊപ്പം പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് വോളിബോൾ/ഷട്ടിൽ കോർട്ടിനായി ഒരു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.പഞ്ചായത്തിലെ ഭവന രഹിതർക്ക് വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന്റെ ഭാഗമായി ലൈഫ് ഭവനപദ്ധതി, പി എം എ വൈ പദ്ധതികളിലൂടെ ആനുകൂല്യം അനുവദിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട 48 ഭവനരഹിതരിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടാത്തവരെ പി എം എ വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 140 വീടുകൾ പൂർത്തീകരിക്കുവാനുള്ള സർവേ നടപടികൾ തുടങ്ങിക്കഴിഞ്ഞു.സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരായ 25 പേർക്കും തീരെ ഭൂമിയില്ലാത്ത 25 പേരെയും കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു. പഞ്ചായത്തിന്റെ അധീനതയിലുള്ള കാളങ്ങാലി, കല്ലാനോട്, തൂവ്വക്കടവ് എന്നീ 4 സെന്റ് ഒഴിവു വന്ന പ്ലോട്ടുകൾ അർഹരായവരെ കണ്ടെത്തി പതിച്ചു നൽകാൻ നടപടികൾ സ്വീകരിക്കും.
മൊത്തം നടപ്പു സാമ്പത്തിക വർഷത്തിലേക്ക് 121 പദ്ധതികൾ ആവിഷ്കരിച്ച് നൽകിയതിൽ എല്ലാം തന്നെ അനുവദിച്ചു കിട്ടിയിട്ടുണ്ട്. കളി മൈതാനത്തിനായി ഒന്നര ഏക്കർ സ്ഥലം വാങ്ങിക്കുന്നതിലേക്ക് 60 ലക്ഷം പഞ്ചായത്ത് വകയും ബാക്കി തുക ബ്ലോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത് വകയാണ് പ്രതീക്ഷിക്കുന്നത്. ശേഷിക്കുന്നത് പൊതുജന പങ്കാളിത്തത്തോടെയും കണ്ടെത്തുവാനാണ് പ്ലാൻ. അത്ര തന്നെ പ്രാധാന്യമുള്ള പൊതുശ്‌മശാന വിഷയത്തിൽ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അനുവാദം ലഭിച്ചിട്ടുണ്ട്. ഇനി പ്രവർത്തനം കരാറടിസ്ഥാനത്തിൽ തുടങ്ങുവാനായി ടെണ്ടർ നടപടിയിലേക്ക് പോകാനൊരുങ്ങുന്നു.
വയോജനങ്ങൾക്കായുള്ള 'പകൽ വീട്' പഞ്ചായത്ത് പരിസരത്ത് ഒരുക്കും. വൈകുന്നേരങ്ങളിൽ ഫാമിലിയുമായി ഒന്നിച്ചിരിക്കാൻ ഈവനിംഗ് പാർക്ക് തയാറാക്കും. അങ്ങാടിയിൽ സർഗാത്മകമായി ഒത്ത് ചേരാൻ പൊതു വായന ശാല, സാംസ്കാരിക നിലയം, പൊതുയോഗം ചേരാൻ പബ്ലിക് സ്റ്റേജ് സംവിധാനം എന്നിവയും പുതിയ പദ്ധതികളിൽ പെടുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടി പരിസരം ശുചിയാക്കുവാനും തോടിന് സംരക്ഷണഭിത്തി കെട്ടി കാട് വെട്ടി പൂന്തോട്ടങ്ങൾ നിർമ്മിക്കുവാനും പദ്ധതി തയാറാക്കി. ഭിന്ന ശേഷി വിദ്ദ്യാർത്ഥികൾക്കായുള്ള ബഡ്‌സ് സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടമുണ്ടാക്കുവാനായി 8 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
നിലവിലെ എം സി എഫ് സെന്റർ മറ്റൊരു ഭാഗത്തേക്ക് മാറ്റി അവിടെ മൽസ്യമാർക്കറ്റ് , ബുച്ചറി മാർക്കറ്റ് എന്നിവ ഏകീകരിച്ച് ഒരു കുടക്കീഴിൽ എത്തിക്കുവാനും പദ്ധതിയിൽ 5 ലക്ഷം രൂപ ഉൾപ്പെടുത്തി. റോഡ് നിർമ്മാണങ്ങൾക്കായി താഴെ പറയുന്ന റോഡുകൾ ഉൾപ്പെടുത്തി. കക്കയം നാലാം വാർഡിൽ മോഹൻ പ്ലാന്റേഷൻ റോഡ്, 4 ലക്ഷം, പന്ത്രണ്ടാം വാർഡിൽ കൂരാച്ചുണ്ട് മേലെ അങ്ങാടി അംഗൻവാടി റോഡ് 5 ലക്ഷം, ഓട്ടപ്പാലം മൂന്നാം വാർഡിൽ മലേപ്പറമ്പിൽ മാണ്ടോപ്പാറ റോഡ് 4 ലക്ഷം.
2024-25 വാർഷിക പദ്ധതി നിർവഹണത്തിലും നികുതി പിരിവിലും 100% വിജയം കൈവരിക്കുവാൻ പഞ്ചായത്തിന് കഴിഞ്ഞു. കോഴിക്കോട് ജില്ലയിൽ അഞ്ചാം സ്ഥാനത്ത് എത്തുവാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. പദ്ധതി വിശദീകരണ പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് വിൻസി തോമസും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൻറണി പുതിയകുന്നേലും പങ്കെടുത്തു.

Comments
Post a Comment