പഹൽഗാം ഭീകരാക്രമണം: കൊച്ചി സ്വദേശി രാമചന്ദ്രനെ വെടിവെച്ചുകൊന്നത് മകളുടെ മുന്നിൽവെച്ച്, കണ്ണീർക്കാഴ്ചയായി പഹൽഗാം
മരിച്ചവരിൽ കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥനും
ശ്രീനഗർ: പഹൽഗാമിൽ വിനോദയാത്രയ്ക്കിടെ കൊച്ചി ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനെ ഭീകരർ വെടിവെച്ചുകൊന്നത് മകളുടെ മുന്നിൽവെച്ച്. കുടുംബസമേതം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു രാമചന്ദ്രൻ. തിങ്കളാഴ്ചയാണ് രാമചന്ദ്രനും കുടുംബവും കൊച്ചിയിൽനിന്ന് കശ്മീരിലേക്ക് തിരിച്ചത്. ഭാരതീയവിദ്യാഭവനിലെ അധ്യാപികയായ ഭാര്യ ഷീലയും മകൾ അശ്വതിയും രണ്ട് പേരമക്കളും അടങ്ങുന്ന സംഘമാണ് കശ്മീരിലേക്ക് പോയത്. ദുബായിലായിരുന്ന അശ്വതി കുറച്ചുദിവസംമുൻപാണ് നാട്ടിലെത്തിയത്. പ്രവാസിയായിരുന്ന രാമചന്ദ്രൻ ഒരുവർഷംമുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്.
ഭീകരാക്രമണത്തിൽ കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാ ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. വിനയ് നർവാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുൻപാണ് വിനയ് നർവാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മധുവിധു ആഘോഷിക്കാനായാണ് വിനയും ഭാര്യ ഹിമാൻഷിയും കശ്മീരിലെത്തിയത്.
ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റന്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ 27 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റു. ഭീകരാക്രണത്തിന് പിന്നാലെ ഡൽഹി, മുംബൈ, ജയ്പുപുർ, അമൃത്സർ തുടങ്ങി വിവിധ നഗരങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. എൻഐഎ സംഘം ഇന്ന് കശ്മീരിലെത്തും.

Comments
Post a Comment