വിവിധ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെ വിവാഹം, സാമൂഹ്യമാധ്യമങ്ങളി ൽ ഫോട്ടോ; ഭാര്യവീട്ടിലെ കട്ടിലിനടിയിൽനിന്ന് പൊക്കി എക്സൈസ്
കുമ്പള(കാസർകോട്): ഒട്ടേറെ മദ്യ-മയക്കുമരുന്ന് കേസുകളിൽ പ്രതിയായി മുങ്ങിനടന്ന യുവാവിനെ സമർഥമായി കുടുക്കി എക്സൈസ് അധികൃതർ. പൈവെളിഗെ ഗ്രാമപ്പഞ്ചായത്ത് പെർമുദ കൂടാൽ മെർക്കളയിലെ എടക്കാന വിഷുകുമാർ (34) ആണ് അറസ്റ്റിലായത്.
എക്സൈസ് അധികൃതർ പറയുന്നതിങ്ങനെ: 2019, 21, 23 കാലങ്ങളിൽ നിരവധി അബ്കാരി, എൻഡിപിഎസ് കേസുകളിലെ പ്രതിയാണ് യുവാവ്, ജാമ്യത്തിലിറങ്ങിയതിനുശേഷം കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ ഒളിവിൽക്കഴിയവെ വിവാഹിതനായ ഇയാളുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കാനിടയായി. ഇത് എക്സൈസ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് ക്ഷേത്രഭാരവാഹികളുമായി ബന്ധപ്പെട്ട എക്സൈസ് അധികൃതർ യുവതിയുടെ മേൽവിലാസവും തപ്പിയെടുത്തു. തുടർന്ന് നിരീക്ഷണം ശക്തമാക്കിയ എക്സൈസ് ഇയാളെ വലയിലാക്കി.
എക്സൈസ് അധികൃതർ ബേള ധർബത്തടുക്കയിൽ യുവതിയുടെ വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പതുങ്ങിയിരുന്ന യുവാവിനെ എക്സൈസ് പൊക്കി.
കുമ്പള എക്സൈസ് ഇൻസ്പെക്ടർ എം.അനീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ കെ.പീതാംബരൻ, സിവിൽ എക്സൈസ് ഓഫീസർ എം.എം,അഖിലേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Comments
Post a Comment