വിദ്യാർത്ഥിയുടെ മരണം; പേരാമ്പ്ര ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി കോൺഗ്രസ് കമ്മിറ്റി
പേരാമ്പ്ര: പേരാമ്പ്രയിൽ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പേരാമ്പ്ര ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഇന്നലെ ഉച്ചക്ക് 2 മണിയോടെ കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുകയായിരുന്ന സേഫ്റ്റി ബസ് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്ത് വെച്ച് ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിലാണ് കോളെജ് വിദ്യാർത്ഥിയായ ഷാദിൽ (19) മരിച്ചത്.
ഇതിനെതിരെ പ്രതിഷേധവുമായാണ് നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പേരാമ്പ്ര ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് കുറേകാലങ്ങളായി വാഹനാപകടങ്ങൾ നിരന്തരമായി നടന്നു വരികയാണെന്നും ആ സമയത്ത് പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും താൽക്കാലികമായി മാത്രമാണ് പരിഹാരം കണ്ടിരുന്നത് എന്നും ഇതിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പൊലീസും ആർടിഒയും നോക്കുകുത്തിയായി നിൽക്കുന്ന സാഹചര്യത്തിലാണ് സമരം നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൊച്ചാട് മണ്ഡലം പ്രസിഡൻ്റ് വി വി ദിനേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ മധുകൃഷ്ണൻ, ഒ.എം രാജൻ, ഷിജു കെ ദാസ്, ഗീതാ കല്ലായി, കെഎസ്യു ജില്ലാ സെക്രട്ടറി ആദിൽ മുണ്ടിയത്ത്, സി.കെ അജീഷ്, ഇ.ടി ഹമീദ്, റഫീഖ് കല്ലോത്ത്, പി.കെ മോഹനൻ, രജീഷ് നൊച്ചാട്,മൂസക്കുട്ടി എന്നിവർ സംസാരിച്ചു. കെ വി ശശികുമാർ സ്വാഗതവും മുനീർ പൂക്കടവത്ത് നന്ദിയും പറഞ്ഞു. എ ഗോവിന്ദൻ, എ.വി സന്തോഷ്, ദിനേശൻ, വത്സൻ, അഡ്വ. സജീവൻ, താജുദ്ധീൻ, സൂപ്പി, അസ്സയിനാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Comments
Post a Comment