കണിയൊരുക്കാൻ കൊന്നപ്പൂക്കൾ കിട്ടാനില്ല
പേരാമ്പ്ര : വിഷുക്കണി വെയ്ക്കേണ്ടത് തിങ്കളാഴ്ച പുലർച്ചെയാണങ്കിലും ഇന്നലെ വൈകുന്നേരം തന്നെ പേരാമ്പ്രയിൽ പൊടിപൊടിച്ച കൊന്നപ്പൂകച്ചവടമായിരുന്നു. കുറച്ചു ദിവസമായി തിമിർത്തു പെയ്‌ത മഴയിൽ പൂക്കളെല്ലാം കൊഴിഞ്ഞു പോയിരുന്നത് കൊണ്ട് തന്നെ പലരും ഇന്നലെ തന്നെ കൊന്നപ്പൂ വില കൊടുത്ത് വാങ്ങുന്ന തിരക്കിലായിരുന്നു.
ഈ പ്രാവിശ്യം വേനൽച്ചൂടിൽ കൊന്നപ്പൂക്കൾ നേരത്തെ വിരിഞ്ഞിരുന്നു. എന്നാൽ ശക്തമായ വേനൽ മഴയിൽ പൂക്കളെല്ലാം നശിച്ചുപോയിരുന്നു. ഇത് കണി വെയ്ക്കാൻ കൊന്നപ്പൂക്കൾ കിട്ടാത്ത അവസ്ഥ സൃഷ്ട്ടിച്ചു.
വളരെ പ്രയാസപ്പെട്ട് പറിച്ചെടുത്ത കൊന്നപ്പൂക്കൾ വഴിയരികിൽ കച്ചവടക്കാർ നിരത്തി വെച്ചപ്പോൾ തന്നെ പേരാമ്പ്രയിൽ ആവശ്യക്കാരുടെ തിരക്കേറിയിരുന്നു. എട്ടോ, പത്തോ കുലകൾ ചേർന്ന ഒരു പിടി കൊന്നപ്പൂക്കളുടെ കെട്ടിന് 50 രൂപയാണ് കച്ചവടക്കാർ ഈടാക്കിയത്.
പറച്ചെടുക്കുമ്പോൾ പെട്ടെന്ന് പൂക്കൾ കൊഴിഞ്ഞു പോകുന്നത് കൊണ്ടും ഉയരമുള്ള മരത്തിൽ കയറി പൂക്കൾ ഇറുത്ത് കൂടുതൽ ശേഖരിക്കാനും വളരെ വിഷമമാണെന്നാണ് കച്ചവടക്കാർ പറയുന്നത്. വെള്ളോട്ടുരുളിയിലെ വിഷുക്കണിയിൽ ഏറെ സുന്ദരവും ഐശ്വര്യദായവവുമായ കാഴ്‌ചയാണ് ഈ പൂക്കൾ.
മഞ്ഞത്തുകിൽ ചാർത്തിയ ശ്രീ കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ നിരത്തി വെയ്ക്കുന്ന കണിക്കൊന്ന പൂക്കളുടെ ശോഭ അവർണ്ണനീയമാണ്.
വിഷുക്കണിയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഇനമായത് കൊണ്ടു തന്നെ എത്ര കൊന്നപൂക്കളുണ്ടങ്കിലും വിറ്റഴിക്കാൻ ഒരു പ്രയാസവുമില്ലെന്ന് കച്ചവടക്കാരും പറയുന്നു.

Comments
Post a Comment