കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടിൽ കയറാൻ കഴിയാതെ കൂട്ടാലിട സ്വദേശിനി
കൂട്ടാലിട : വീട്ടിൽ കയറി താമസിക്കാൻ കോടതി ഉത്തരവ് ഉണ്ടായിട്ടും വീടിനു പുറത്തായി യുവതി. കോട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ മൂലാട് അങ്കണവാടിക്ക് സമീപം പാറക്കണ്ടി സജീവൻ്റെ ഭാര്യ ലിജി സജി (49) ആണ് 2 ദിവസമായി വീടിനു പുറത്തായത്.
കഴിഞ്ഞ ദിവസം ഗേറ്റിനു പുറത്തായിരുന്നെങ്കിലും ഇന്നലെ പൊലീസിന്റെ സാന്നിധ്യത്തിൽ ലിജി ഗേറ്റിന്റെ പൂട്ടു പൊളിച്ച് വീടിന്റെ വരാന്തയിലാണുള്ളത്. ഹൃദ്രോഗിയായ ലിജി 2 ദിവസമായി ഭക്ഷണം പോലും കഴിക്കാത്ത അവസ്ഥയിലാണ്.
പഞ്ചാബിലെ ലുധിയാനയിലുള്ള ജോലി സ്ഥലത്ത് നിന്നും നാട്ടിൽ എത്തിയപ്പോഴുണ്ടായ അവസ്ഥയാണിത്.
28 വർഷം മുൻപായിരുന്നു സജീവന്റെയും ലിജിയുടെയും വിവാഹം നടന്നത്. നാടുവിട്ട് പഞ്ചാബിൽ എത്തിയ സജീവനെ പരിചയപ്പെട്ട ലിജി പിന്നീട് സജീവനെ വിവാഹം ചെയ്യുകയായിരുന്നു. ലിജിയുടെ സഹായത്തോടെ അന്ന് സജീവന് അവിടെയുള്ള ആക്രി കടയിൽ ജോലിയും കിട്ടി. എന്നാൽ പിന്നീട് സജീവൻ ലിജിയുടെ ആളുകളുടെ സഹായത്തോടെ അമേരിക്കയിൽ എത്തുകയായിരുന്നു.
ആദ്യം സൗത്ത് അമോരിക്കയിൽ ജോലി ചെയ്ത സജീവൻ പിന്നീട് സുറീനയിൽ സ്വന്തമായി ബിസിനസ് തുടങ്ങുകയായിരുന്നു. അമേരിക്കയിൽ നിന്നും സജീവൻ നാട്ടിലെത്തിയാൽ പഞ്ചാബിൽ എത്തി ലിജിയെയും കൂട്ടി നാട്ടിൽ എത്തുകയായിരുന്നു പതിവ്. എന്നാൽ പിന്നീട് മറ്റൊരു യുവതിയുമായി ഉണ്ടായ അടുപ്പം ലിജി അറിഞ്ഞതോടെ പ്രശ്നമാകുകയായിരുന്നു. 3 വർഷം മുൻപ് ഈ സംഭവം അറിഞ്ഞ ലിജി തനിക്കും മകൾക്കും വീടും സ്ഥലവും നൽകണമെന്നും ചിലവിന് നൽകണമെന്നും ആവശ്യപ്പെട്ട് സജീവനെതിരെ പേരാമ്പ്ര കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
2023 ഒക്ടോബർ 19 ന് കോടതി ഇവർക്ക് വീട്ടിൽ കയറി താമസിക്കാൻ ഉത്തരവ് നൽകുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയ ലിജിയെ സഹോദരങ്ങൾ വീട്ടിൽ കയറ്റാൻ അനുവദിച്ചില്ല. സജീവൻ നാട്ടിൽ ഇല്ലാത്തതിനാൽ തിരിച്ചു പോയ ലിജി കഴിഞ്ഞ വിഷുവിന് സജീവനും അമേരിക്കക്കാരിയായ യുവതിയും എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണ് പഞ്ചാബിലെ ജോലി സ്ഥലത്ത് നിന്നും മൂലാട് എത്തിയത് എന്നാൽ ലിജിയെ വീട്ടിൽ കയാറാൻ അനുവിദിച്ചില്ലെന്ന് മാത്രമല്ല വീട് അനിയന്റെ പേരിലാണെന്നും ഇവിടെ കയറാൻ കഴിയില്ലെന്ന് അറിയിക്കുകയുമായിരുന്നു.
19 ന് വീട്ടിൽ കയറി താമസിക്കാൻ കോടതി ഉത്തരവ് ഇറക്കിയതിന് ശേഷം സജീവൻ വീടും സ്ഥലവും സഹോദരൻ ബിജുവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. നാട്ടിലെത്തിയ സജീവനും സുഹൃത്തായ യുവതി ഷായാഷേയും ഇപ്പോൾ തറവാട് വീട്ടിൽ അനിയനോടൊപ്പമാണ് താമസമെന്നും ലിജി പറഞ്ഞു.
25 വയസുള്ള മകളും താനും താമസിക്കാൻ വീടില്ലാതെ പ്രയാസത്തിൽ ആണെന്ന് കാണിച്ചാണ് ലിജി ഇപ്പോൾ അഡ്വക്കറ്റ് വിനോദ് കുമാർ വഴി കോടതിയെ സമീപിച്ചത്. കോടതി ഇവർക്ക് വീട്ടിൽ കയറി താമസിക്കാൻ അവസരം ഒരുക്കാൻ പേരാമ്പ്ര പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
പൊലീസ് സജീവൻ്റെ വീട്ടിൽ എത്തി വീട് തുറന്നു കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും സജീവനും കുടുംബവും ഇതുവരെ വീട് തുറന്നു കൊടുക്കാൻ തയാറായിട്ടില്ല. ഒറ്റയ്ക്ക് നാട്ടിൽ എത്തിയ ലിജി 2 ദിവസമായി വീട്ടിലെ വരാന്തയിലാണ് കഴിയുന്നത്. ജോർജിയയിൽ എംബിബിഎസിന് പഠിക്കുന്ന മകളും നാട്ടിൽ എത്തിയാൽ ആകെ പ്രയാസത്തിലാകുമെന്നാണ് ലിജി പറയുന്നത്.

Comments
Post a Comment