സൗഹൃദം വേർപ്പെടുത്തിയതിന് പക; കോഴിക്കോട് ബസ് സ്റ്റോപ്പിൽ നിന്ന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു, അറസ്റ്റ്
കോഴിക്കോട് : താനുമായുള്ള സൗഹൃദം വേർപ്പെടുത്തിയെന്ന പേരിൽ യുവതിയെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമി(56)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.
കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന് സമീപത്തായുള്ള ഒടുമ്പ്ര ബസ് സ്റ്റോപ്പിന് സമീപം നിൽക്കുകയായിരുന്ന യുവതിയുടെ അടുത്ത് എത്തിയ ഇയാൾ കുത്തി വീഴ്ത്തുകയായിരുന്നു. ജംഷീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ജംഷീലയും സലീമും സുഹൃത്തുക്കളായിരുന്നു. എന്നാൽ ലഹരിക്കേസിൽ ഉൾപ്പെട്ട് ജയിലിൽ ആയതിനെ തുടർന്ന് യുവതി ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. കോടതിയിൽ ഹാജരാക്കിയ സലീമിനെ റിമാന്റ് ചെയ്തു.

Comments
Post a Comment