പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം 27 മരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് 'ദി റെസിസ്റ്റന്റ് ഫ്രണ്ട്




ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. മരണം 27 ആയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം ശ്രീനഗറിൽ എത്തിക്കും. അനന്തനാഗിലെ ആശുപത്രിയിലാണ് പരിക്കേറ്റവർ നിലവിൽ ചികിത്സയിൽ ഉള്ളത്.


വെടിവെപ്പിൽ ഇരുപത് പേർക്ക് പരുക്കേറ്റു. മലയാളികൾ ഉൾപ്പെടെ നിരവധി വിനോദ സഞ്ചരികൾ കുടുങ്ങി കിടക്കുന്നതായി വിവരം. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരിൽ എത്തി. മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല എക്‌സിൽ കുറിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരിൽ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിട്ടുണ്ട്.

ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. എൻഐഎ സംഘം നാളെ രാവിലെ സ്ഥലത്ത് പരിശോധന നടത്തും. മരണസംഖ്യ കണക്കാക്കിവരുന്നതേയുള്ളൂവെന്നും കഴിഞ്ഞവർഷങ്ങൾക്കിടെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി വ്യക്തമാക്കി.

പഹൽഗാമിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തങ്ങൾ വാർത്ത അറിഞ്ഞതെന്നും അങ്ങോട്ട് പോകാൻ സാധിക്കില്ലെന്നാണ് വിവരം ലഭിച്ചതെന്നും പ്രദേശത്തുള്ള മലയാളി സെബിൻ പറഞ്ഞു. തങ്ങൾ തിരിച്ച് ശ്രീനഗറിലേക്ക് എത്തിയെന്നും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് സെബിൻ. പെഹൽഗാമിൽ ധാരാളം മലയാളികൾ ഉണ്ടെന്ന് മറ്റൊരു മലയാളി സഞ്ചാരി അഡ്വ ജിഞ്ചു ജോസു പറഞ്ഞു.

മരിച്ചവരുടെ വിശദാംശങ്ങൾ തയ്യാറാക്കി വരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആക്രമണത്തിൻ്റെ പശ്ചാലത്തലത്തിൽ അനന്തനാഗ് പൊലീസും ശ്രീനഗറിലും ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ട്.

ആക്രമണം നടത്തിയത് ഏഴ് ഭീകരരുടെ സംഘമാണെന്ന് സുരക്ഷ സേന വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആക്രമണമുണ്ടായ സ്ഥലത്തേക്ക് തിരിച്ചു.

മണ്ണിടിച്ചിലുണ്ടായ റമ്പാനിലെ സന്ദർശനം വെട്ടിച്ചുരുക്കി ഒമർ വൈകീട്ട് ശ്രീനഗറിലെത്തിയിരുന്നു. ആക്രമണം നടന്ന പ്രദേശത്ത് തെരച്ചിലായി കരസേനയുടെ കമാൻഡോ സംഘത്തെ നിയോഗിച്ചു. കർണാടക, മധ്യപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. ഗുജറാത്ത് സ്വദേശിയായ വിനോദ് ഭട്ടിനും ഭീകരാക്രമത്തിൽ പരിക്കേറ്റു. 

 ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും രം ഗത്തെത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന നീചമായ ആക്രമണമെന്ന് എംകെ സ്റ്റാലിനും പ്രതികരിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ളവരും ആക്രമണത്തിന് ഇരയായതിൽ അതീവ ദു:ഖമുണ്ട്. ജമ്മു കശ്മീർ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിക്കാൻ ദില്ലിയിലെ റസിഡന്റ് കമ്മീഷണർക്ക് നിർദേശം നൽകിയെന്നും സ്റ്റാലിൻ പറഞ്ഞു.

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ ഇതിൽ 2 വിദേശികൾ കൊല്ലപ്പെട്ടെന്നാണ് സൂചന. ആക്രമണത്തെ ശക്തമായി അപലപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും. ജമ്മു കശ്‌മീരിലേക്ക് ആദ്യം പുറപ്പെടുക ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘമാണെന്നും കുടുങ്ങിയവരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ നടപടി തുടങ്ങി എന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.

മരിച്ച മഞ്ജനാഥയുടെ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിൽ എത്തിക്കും. കുടുങ്ങിയവരെ തിരിച്ച് കൊണ്ട് വരാനുള്ള ഏകോപന ദൗത്യം ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരാക്രമണത്തിൽ തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. അതേസമയം, വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് ജഡ്‌ജിമാർ സുരക്ഷിതരെന്ന് വിവരം ലഭിച്ചു. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരാണ് കശ്മീരിൽ ഉള്ളത്.

ടൂറിസ്റ്റുകൾ ആയി കർണാടകയിൽ നിന്ന് 12 പേർ ഉണ്ടായിരുന്നു. ഒരേ സംഘത്തിൽ ഉള്ളവർ അല്ല ഇവരെന്നാണ് റിപ്പോർട്ട്. കുടുംബമായിട്ടാണ് കൊല്ലപ്പെട്ട മഞ്ജുനാഥ റാവു എത്തിയത്. ഇന്ന് രാവിലെയാണ് മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ എത്തിയത്. നാല് ദിവസം മുൻപാണ് മഞ്ജുനാഥയും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്. ഒരാഴ്ചത്തെ വിനോദയാത്രയ്ക്ക് ആണ് പോയത്. ശിവമൊഗ്ഗയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ആണ് മഞ്ജുനാഥ റാവു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ ശക്തമായി അപലപിച്ചു. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. അമിത് ഷാ ശ്രീനഗറിൽ രാത്രിയോടെ എത്തും. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു.

തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഹൃദയഭേദകമായ സംഭവം എന്ന് പ്രതികരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭീകര വാദത്തിന് എതിരെ എല്ലാവരും ഒന്നിക്കണം എന്ന് ആവശ്യപ്പെട്ടു. ജമ്മു കശ്മ‌ീരിൽ എല്ലാം സാധാരണപോലെയാണെന്ന അവകാശ വാദമല്ല വേണ്ടത്. കേന്ദ്ര സർക്കാർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി