അബ്രഹാമിന്റെ ആത്മാവിന് നീതി കിട്ടാത്ത ഒരു വർഷം
കാട്ടുപോത്ത് ആക്രമണം: കർഷകൻ അബ്രഹാം പാലാട്ടിയിൽ കൊല്ലപ്പെട്ടിട്ട് ഒരാണ്ട്
വാഗ്ദാനങ്ങൾ കടലാസിലുറങ്ങുന്നു.
പ്രതിഷേധവുമായി കർഷക, രാഷ്ട്രീയ സംഘടനകൾ
✒️നിസാം കക്കയം
കൂരാച്ചുണ്ട് : കൃഷിയിടത്തിൽ ജോലി ചെയ്ത് കൊണ്ടിരിക്കെ കാട്ടുപോത്ത് ആക്രമണത്തിൽ കക്കയം സ്വദേശി അബ്രഹാം പാലാട്ടിയിൽ കൊല്ലപ്പെട്ടിട്ട് ബുധനാഴ്ച ഒരു വർഷമായിട്ടും വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിൽ പ്രതിഷേധം ശക്തം.
മലയോര മേഖലയിൽ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് മണ്ണിൽ അധ്വാനിച്ചാണ് അബ്രഹാമും, ഭാര്യ തെയ്യാമയും ചേർന്ന് ജീവിതം കരുപിടിപ്പിച്ചത്. വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി ഏതാനും വർഷങ്ങൾക്ക് മുമ്പ് താമസം അഞ്ച് കിലോമീറ്റർ അകലേക്ക് മാറ്റിയിരുന്നു അബ്രഹാം.
എന്നിട്ടും ആദ്യതാമസ സ്ഥലത്തിനടുത്തുള്ള കൃഷിയിടത്തിൽ വെച്ചു തന്നെയായിരുന്നു കാട്ടുപോത്ത് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞത്. പ്രായം 70 ആയിരുന്നെങ്കിലും തന്റെ ഒരു ആയുസ്കാലം കൊണ്ട് പൊന്നു വിളയിച്ച കൃഷിയിടത്തിലേക്കുള്ള പോക്ക് അബ്രഹാം മുടക്കാറില്ലായിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് അഞ്ച് ചൊവ്വാഴ്ച രാവിലെ 11-ഓടെ പതിവുപോലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു ഇദ്ദേഹം. പറമ്പിൽനിന്നു ലഭിച്ച കാർഷിക വിളകളെല്ലാം ചാക്കിലാക്കി മടങ്ങാനു ള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
'വാഗ്ദാനങ്ങൾ കടലാസിലുറങ്ങുന്നു'
അബ്രഹാമിന്റെ കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഒരു മകന് ജോലി നൽകുന്നത് സർക്കാർ പഠിഗണിക്കുമെന്ന വാക്ക് വെറും വാക്കായി മാറിയിരിക്കുകയാണ്. സ്ട്രോക്ക് പിടിപ്പെട്ട അബ്രഹാമിന്റെ ഭാര്യ തെയ്യാമ്മയുടെ ചികിത്സ ചെലവ് ഏറ്റെടുക്കുമെന്നതും പ്രഖ്യാപനം മാത്രമായി.
കക്കയം ഡാം സൈറ്റ് റോഡിൽ നിരന്തരം വന്യമൃഗ ശല്യമുണ്ടാകുന്ന മേഖലയിൽ സൗരവേലി നിർമിക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പ് ഒരു വർഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ല. മാർച്ച് അഞ്ചിന് കർഷകൻ പാലാട്ടിയിൽ അബ്രഹാമിനെ കാട്ടുപോത്ത് കുത്തി കൊലപ്പെടുത്തിയ ശേഷം നടന്ന ചർച്ചയിൽ ഈ മേഖലയിൽ രണ്ട് കിലോമീറ്റർ ദൂരം സൗരവേലി യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കുമെന്ന് വനം വകുപ്പ് അധികൃതർ ഉറപ്പ് നൽകിയിരുന്നു. കർഷക സംഘടനകളും പ്രദേശവാസികളും വനംവകുപ്പിന്റെ വാക്ക് വിശ്വാസത്തിലെടുത്താണ് സമരം അവസാനിപ്പിച്ചിരുന്നത്.
എന്നാൽ ഒരു വർഷമായിട്ടും സൗരവേലി നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തി തുടങ്ങാൻ സാധിച്ചിട്ടില്ല. മേഖലയിൽ കാട്ടുപോത്ത് കൂട്ടം ഇടയ്ക്കിടെ ഇറങ്ങാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

Comments
Post a Comment