വാഗ്ദാനങ്ങൾ യാഥാർഥ്യമായില്ല; കണ്ണീർതോരാതെ കുടുംബം


(ഏബ്രഹാമിന്റെ ഭാര്യ തെയ്യാമ്മ വീട്ടിൽ)

കാട്ടുപോത്ത് ആക്രമണം: കർഷകൻ പാലാട്ടിൽ ഏബ്രഹാം കൊല്ലപ്പെട്ടിട്ട് നാളെ ഒരാണ്ട്

» പാലാട്ടിൽ ഏബ്രഹാമിൻ്റെ കുടുംബം പ്രതിസന്ധിയിൽ: ഭാര്യയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കൽ, മകനു സ്ഥിരം ജോലി എന്നിവ മന്ത്രിയുടെ പ്രഖ്യാപനത്തിൽ ഒതുങ്ങി.

✒️ ജോബി മാത്യു 

കുരാച്ചുണ്ട് . കക്കയത്ത് കൃഷിയിടത്തിൽ ജോലിക്കിടെ കാട്ടു പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പാലാട്ടിയിൽ ഏബ്രഹാമിന്റെ കുടുംബം പ്രതിസന്ധിയിൽ. 2024 മാർച്ച് 5ന് ഏബ്രഹാം കൊല്ലപ്പെട്ട ശേഷം കക്കയത്തെ വീട്ടിലെത്തിയ മന്ത്രി എ.കെ.ശശീന്ദ്രൻ ഒരു മകനു സ്‌ഥിരം ജോലി നൽകുന്നതു സർക്കാർ പരിഗണിക്കുമെന്നു പറഞ്ഞിരു ന്നെങ്കിലും നടപ്പായില്ല. 2 വർഷം മുൻപ് സ്ട്രോക്ക് പിടിപെട്ട ഭാര്യ തെയ്യാമ്മയുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്നതും പ്രഖ്യാപനത്തിൽ ഒതുങ്ങി. കക്കയം ഡാം സൈറ്റ് റോഡിൽ നിന്നും വനം വകുപ്പ് ടിക്കറ്റ് കൗണ്ടറിനു സമീപത്തു നിന്നും കൃഷി ഭൂമിയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്ന മേഖലയിൽ ഒരു മാസത്തിനകം സൗരവേലി നിർമിക്കുമെന്ന് വനം വകുപ്പ് അറിയിച്ചെങ്കിലും ഒരു വർഷമായിട്ടും അതും നടന്നില്ല.

      (പാലാട്ടിൽ ഏബ്രഹാം)

മകൻ ജോമോന് ഒപ്പം കക്കയം കോൺവന്റിനു സമീപത്തെ കുന്നിൻ മുകളിൽ 17.50 സെന്റിലെ വീട്ടിൽ താമസിക്കുന്ന തെയ്യാമ്മ ചികിത്സയ്ക്കും കുടുംബം പുലർത്തുന്നതിനും മകന് ജോലി നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. കക്കയം ഡാം സൈറ്റ് റോഡിൽ വനം വകുപ്പ് ടിക്കറ്റ് കൗണ്ടറിനു താഴ്ഭാഗത്തെ 2.50 ഏക്കർ കൈവശ ഭൂമിക്ക് റവന്യു രേഖകൾ ലഭ്യമാക്കാനും സർക്കാർ ഇടപെടണം. ഏബ്രഹാം കൃഷിഭൂമിയിൽ അധ്വാനിച്ച് ലഭിച്ച കാർഷികാദായം വിറ്റാണു കുടുംബം പുലർത്തിയിരുതെന്നും വീട്ടമ്മ കണ്ണീരോടെ പറഞ്ഞു.

(ഏബ്രഹാമിന്റെ മരണത്തെ തുടർന്ന് കൃഷി നിർത്തിയ ഭൂമി കാടുമുടിയ നിലയിൽ)

കക്കയം മല മേഖലയിലെ കൃഷിഭൂമിയിൽ കമുക്, കൊക്കോ, കശുമാവ്, കുരുമുളക്, വാഴ, തെങ്ങ് ഉൾപ്പെടെ ആദായങ്ങൾ ഉണ്ടെങ്കിലും കാട്ടുപോത്ത് ഭർത്താവിൻ്റെ ജീവനെടുത്ത ശേഷം മക്കളെ അവിടേക്കു വിടാറില്ലെന്നു തെയ്യാമ്മ പറഞ്ഞു മകനെ കൂടി വന്യജീവികൾ ആക്രമിച്ചാൽ തന്നെ പരിചരിക്കാൻ ആരുമുണ്ടാകില്ലെന്ന ഭയപ്പാടിലാണ് ഈ വീട്ടമ്മ.

കൃഷിയിടം ഇപ്പോൾ കാട്ടുപന്നി, കുരങ്ങ്, മലാൻ, മുള്ളൻപന്നി എന്നിവയുടെ ഇടമായി.

കക്കയം സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തിൽ നിർമിച്ച വീട്ടിലാണ് തെയ്യാമ്മയും മകനും കഴിയുന്നത്. ഷീറ്റ് മേഞ്ഞ മേൽക്കൂര ചോർന്നൊലിക്കുന്ന നിലയിലാണ്. വീടിന്റെ പിൻവശം ഇടിഞ്ഞതും ഭീഷണിയാണ്.

വീട്ടിലേക്ക് റോഡ് ഇല്ലാത്തതിനാൽ വീട്ടമ്മ സഞ്ചരിക്കാനും പ്രയാസപ്പെടുന്നു. മക്കളായ ജോബിഷിനും ജോമോനും താൽക്കാലികമായി കക്കയം ഫോറസ്‌റ്റ് സ്റ്റേഷനു കീഴിൽ ഫോറസ്‌റ്റ് വാച്ചർ തസ്ത‌ികയിൽ ജോലി ചെയ്യുന്നത് മാത്രമാണ് ഏകാശ്വാസം.

മകനു ലഭിക്കുന്ന കൂലിയിൽ നിന്നാണ് തെയ്യാമ്മയുടെ ചികിത്സ ഉൾപ്പെടെ ഇപ്പോൾ നടക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി