പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് അനധികൃത കെട്ടിടത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ അസുരക്ഷിത താമസം; വ്യാപാരികളും നാട്ടുകാരും ആശങ്കയിൽ




പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് അമ്പലനടയിൽ ഒരു സ്വകാര്യ കെട്ടിടത്തിനുമുകളിൽ അനുമതിയില്ലാതെ നിർമിച്ച ഷെഡ്ഡിൽ നാൽപ്പത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത് വലിയ ആശങ്കയാകുകയാണ്. ഇവർക്കു പര്യാപ്ത‌മായ വെള്ളവും ശൗചാലയ സൗകര്യങ്ങളും ഇല്ലാത്തതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധം അറിയിക്കുന്നു. ചൂടുകാലമായതിനാൽ താൽക്കാലിക ഷീറ്റിട്ടാണ് നിർമാണം. വൈദ്യുതി ബന്ധം അനധികൃതമാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

ഇവിടെയുള്ള ബഹുഭൂരിപക്ഷം തൊഴിലാളികൾക്ക് വ്യക്തമായ രേഖകളില്ല, ജോലിക്കായി ഇവിടെ എത്തുമ്പോൾ നിയമപരമായ രേഖകളൊന്നും ശേഖരിക്കപ്പെടുന്നില്ല. സമീപത്തായി പിഎസ്‌സി കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നതായാണ് പരാതി. ഇതുകൊണ്ട് സ്ത്രീകളും കുട്ടികളുമാണ് ഏറെ പ്രയാസമനുഭവിക്കുന്നത്.

തൊഴിലാളികൾക്ക് അനുമതിയില്ലാത്ത രീതിയിൽ കെട്ടിടം കൂലിക്ക് നൽകിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. എന്നാൽ ദിവസേന വലിയ തുക ഈടാക്കുന്ന കെട്ടിട ഉടമ ഇവർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാകുന്നില്ല. കുളിക്കാനോ ശുചിമുറികൾ ഉപയോഗിക്കാനോ പോലും മതിയായ സൗകര്യങ്ങളില്ല. ഇതോടെ പരിസരവാസികൾക്കും സമീപത്തെ വ്യാപാരികൾക്കും അതീവ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണ്.

പേരാമ്പ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കെട്ടിടങ്ങളുടെ മുകളിൽ താൽക്കാലിക ഷെഡ്ഡുകൾ ഉയർത്തി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുവെന്നും ഇതിൽ ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. നിയമവിരുദ്ധമായ സാഹചര്യത്തിൽ ഇവർ താമസിക്കുന്നതും പരിശോധനയില്ലാത്തതും നാട്ടുകാർക്ക് വലിയ ആശങ്കയാകുന്നു. പൊലീസിനും പഞ്ചായത്ത് അധികൃതർക്കും ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടും നടപടി സ്വീകരിക്കാതിരിക്കുന്നതിൽ പ്രതിഷേധം ഉയരുകയാണ്.

തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്. ചിലയിടങ്ങളിൽ ഇവരെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ ശാരീരികമായി പ്രതികരിച്ച സംഭവങ്ങളുമുണ്ട്. പ്രദേശത്ത് നേരത്തെയും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വ്യാപാരികളും നാട്ടുകാരും പറയുന്നു.

ഇതോടെ പ്രദേശത്തെ വ്യാപാരികൾക്കും ദൈനംദിന ജീവിതത്തിനും വലിയ പ്രതിസന്ധി നേരിടേണ്ടിവരികയാണ്.

വ്യാപാര രംഗം നേരത്തെ തന്നെ സാമ്പത്തികമായി പ്രതിസന്ധിയിലായിരിക്കെയാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംഘർഷം സൃഷ്‌ടിക്കുന്നത്. കൃത്യമായി വാടക അടയ്ക്കാനോ വൈദ്യുതി ചാർജ് നൽകാനോ പോലും കഴിയാത്ത അവസ്ഥയിലൂടെയാണ് വ്യാപാരികൾ കടന്നുപോകുന്നത്. എന്നാൽ അനധികൃതമായി താമസിക്കുന്ന തൊഴിലാളികൾക്കും കെട്ടിട ഉടമയ്ക്കും ഇതൊന്നും ബാധിക്കുന്നില്ല എന്നതാണ് വ്യാപാരികളുടെ പ്രധാന പരാതി.

നാട്ടുകാർ പലവട്ടം ബന്ധപ്പെട്ട അധികാരികളോട് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അനധികൃത നിർമാണം, അനിയന്ത്രിതമായ താമസം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയേക്കുറിച്ച് അടിയന്തരമായ അന്വേഷണം നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവർ സംയുക്തമായി പരിശോധന നടത്തുകയും നിയമ നടപടികൾ സ്വീകരിക്കുകയും വേണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് മേധലികാരികൾക്ക് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് പൊലീസ് അധികാരികളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി