വിടവാങ്ങിയത് നാട്ടുകാരുടെ സ്വന്തം 'മാഷ്
ജോസഫ് ജോൺ
കൂരാച്ചുണ്ട്. റിട്ട. ഇറിഗേഷൻ ഉദ്യോസ്ഥനാണെങ്കിലും 'മാഷ് എന്നായിരുന്നു തിങ്കളാഴ്ച വിടവാങ്ങിയ മണലോടിയിൽ ജോസഫ് ജോൺ നാട്ടിലാകെ അറിയപ്പെട്ടിരുന്നത്. നാടിന് ഒരുപിടി നല്ല ഓർമ്മകൾ ബാക്കിവെച്ചാണ് അദ്ദേഹത്തിൻ്റെ വിടവാങ്ങൽ. നാലാംവയസ്സിൽ പോളിയോ ബാധിച്ച് രണ്ടുകാലിനും ചലനശേഷിയില്ലാതെയായതുൾപ്പെടെയുള്ള പ്രതിസന്ധികളെ സധൈര്യം നേരിട്ടാണ് ജോസഫ് ജോൺ ജീവിതത്തിൽ വിജയംകൈവരിച്ചത്.
ഹിസ്റ്ററിയിൽ ഗ്രാജ്യേഷനും സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജ്യേഷനും നേടിയശേഷം ഇരുപത്തിയഞ്ചാം വയസ്സിൽ കൂരാച്ചുണ്ട് സെൻ്റ്. തോമസ് കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കാലുകൾക്ക് ചലനശേഷിയില്ലാതിരുന്നിട്ടും ആരുടെയും സഹായമില്ലാതെ വടിയുടെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ വടിയും കുത്തിപ്പിടിച്ചു പഠിപ്പിക്കുന്ന ജോസഫ് ജോണിനെ വിദ്യാർഥികളും നാട്ടുകാരും സ്നേഹ ത്തോടെ 'വടി മാഷേ' എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. അദ്ദേഹം ആ വിളി തന്റെ ന്യൂനതയായല്ല ഒരു ഐഡന്റിറ്റിയായാണ് കണ്ടിരുന്നത്.
കുറച്ചു വർഷങ്ങൾക്കുശേഷം പി.എസ്.സി.യിലൂടെ ഇറിഗേഷനിലെ പി.ഡബ്യു.ഡി. മെക്കാനിക്കൽ വിഭാഗത്തിൽ ജോലിക്കു കേറിയെങ്കിലും സമയം കിട്ടുമ്പോഴെല്ലാം തന്റെ ഇഷ്ടതൊഴിലായ അധ്യാപനത്തിലേക്ക് അദ്ദേഹം തിരിഞ്ഞുനടക്കുമായിരുന്നു. പാരലൽ കോളേജിലെ അധ്യാപനത്തിനൊപ്പം കില, ടി.സി.ആർ, സി. എന്നിവിടങ്ങളിലും ഫാക്കൽറ്റിയായിരുന്നു. നാല്പതുവർഷത്തിലധികമായി കേരളത്തിൻ്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്തമേഖലകളിലുള്ളവർക്ക് ട്രെയിനിങ് നൽകുന്നതിനും അദ്ദേഹം സമയം കണ്ടത്താറുണ്ടായിരുന്നു. സർവീസുതലത്തിൽ നടത്തപ്പെട്ട നീന്തൽമത്സരങ്ങളിൽ സംസ്ഥാനതല ചാമ്പ്യനായി അദ്ദേഹം ശ്രദ്ധനേടിയിരുന്നു.
പ്രഭാഷകൻ, സംഘാടകൻ, പ്രാസംഗികൻ തുടങ്ങി വിവിധമേഖലകളിൽ ഇദ്ദേഹം കഴിവുതെളിയിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയ കരിയാത്തുംപാറയുടെ സാധ്യതകൾ മനസ്സിലാക്കി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയ ജനതാ ടൂറിസം ക്ലബ്, സ്പോർട്‌സ് ക്ലബ്, ടാഗോർ ലൈബ്രറി എന്നിവിടങ്ങളിലൊക്കെ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.

Comments
Post a Comment