"തെയ്യാമ്മയുടെ കണ്ണീർ തോർന്നിട്ടില്ല : ഇനിയൊരു കർഷകനും ഈ ഗതിയുണ്ടാകരുത്"




✍🏿 നിസാം കക്കയം

കൂരാച്ചുണ്ട് : പക്ഷാഘാതത്താൽ അവശയായ തെയ്യാമ്മയ്ക്ക് എല്ലാത്തിനും സഹായം അബ്രഹാമായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗം അനാഥമാക്കിയ ജീവിതത്തിനു മുന്നിലിപ്പോഴും പകച്ചു നിൽക്കുമ്പോഴും തെയ്യാമയ്ക്ക് ഒന്നേ പറയാനുള്ളൂ: "ഇനിയൊരു കർഷകനും ഈ ഗതിയുണ്ടാകരുത്...".

കാട്ടു പോത്തിന്റെ കലിയിൽ ജീവൻപൊലിഞ്ഞ ഭർത്താവിന്റെ ഫോട്ടോ നോക്കി തെയ്യാമ്മ അദ്ദേഹത്തിന്റെ അധ്വാനത്തിനെ കുറിച്ചാണ് സംസാരിച്ച് തുടങ്ങിയത്. മണ്ണനാൽ എസ്റ്റേറ്റിനു സമീപം അബ്രഹാം മരിച്ച കൃഷിയിടമുള്ള സ്ഥലത്തെ വീട്ടിലായിരുന്നു കുടുംബം നേരത്തേ താമസം. തെയ്യാമ്മയ്ക്ക് പക്ഷാഘാതം വന്നതിനുശേഷമാണ് കക്കയം ടൗണിനു സമീപം പഞ്ചവടിയി ലുള്ള വീട്ടിലേക്കു മാറിയത്. ആദ്യം വാടകവീട്ടിലായിരുന്നു. പള്ളിക്കാരുടെ സഹായത്തോടെയാണ് സ്വന്തമായി അസ്ബറ്റോസ് ഷീറ്റിട്ട പഴയവീട് വാങ്ങിയത്. ഇപ്പോൾ വീടിന്റെ മേൽക്കൂരയ്ക്ക് ചോർച്ചയുള്ളതും, വീടിന് പുറക് വശം ഇടിഞ്ഞതും ഭീഷണിയാണ്.

താമസസ്ഥലത്തുനിന്ന് അഞ്ചുകിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലേക്ക് അബ്രഹാം പതിവായി പോകുമായിരുന്നു.
വന്യമൃഗങ്ങളോട് പൊരുതി ചെറുപ്പം മുതൽ മണ്ണിലധ്വാനിച്ച് പൊന്നുവിളയിച്ച കർഷകനാണ് ഭർത്താവ്. കൊ ക്കോയും തേങ്ങയും കശുവണ്ടിയും അടയ്ക്കയുമെല്ലാമുള്ള മണ്ണാണ്. ഈ കാർഷിക ഭൂമിയിൽ അധ്വാനിച്ച് ലഭിച്ച കാർഷികാദായം വിറ്റാണ് അദ്ദേഹം കുടുംബം പുലർത്തിയിരുന്നത്.

പിന്നെ പിന്നെ വന്യ മൃഗശല്യത്താൽ കാർഷികവിളകളൊന്നും ലഭിക്കാതെയായി. മണ്ണ് നോക്കാനാളില്ലെങ്കിൽ എല്ലാം നഷ്ടമാകുമെന്നായിരു ന്നു അദ്ദേത്തിന്റെ പക്ഷമെന്നും അതിനാൽ ഒരിക്കലും കൃഷിയിടം ഒഴിവാക്കാറില്ലെന്നും തെയ്യാമ്മ ഓർക്കുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം മാർച്ച് അഞ്ചിനാണ് വിളകളെല്ലാമെടുത്ത് മടങ്ങവെ അബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയത്.

മലമേഖലയിലെ കൃഷി ഭൂമിയിൽ ഇപ്പോഴും കാർഷിക വിളകൾ ഉണ്ടെങ്കിലും വന്യമൃഗ ആക്രമണം പേടിച്ച് മക്കളെ അങ്ങോട്ട് പോകാൻ സമ്മതിക്കാറില്ല. കൃഷിയിടം ഇപ്പോൾ കാട്ടുപോത്ത്, കുരങ്ങ്, പന്നി, മലാൻ തുടങ്ങിയ വന്യമൃഗങ്ങളുടെ വാസയിടമായി.

മക്കൾക്ക് കക്കയം വനംവകുപ്പ് ഓഫീസിന് കീഴിൽ ഫോറസ്റ്റ് വാച്ചർ തസ്തികയിൽ താൽക്കാലികമായി ജോലി ലഭിച്ചത് ആശ്വാസമാണെന്ന് തെയ്യാമ്മ പറഞ്ഞു. ചികിത്സ ഉൾപ്പടെയുള്ള കാര്യങ്ങൾ നടക്കുന്നത് മകന് ലഭിക്കുന്ന കൂലിയിൽ നിന്നാണ്.

ചികിത്സയ്ക്കും, കുടുംബം പുലർത്തുന്നതിനും മകന് സ്ഥിരജോലി നൽകണമെന്നും, ഡാം സൈറ്റ് റോഡിൽ വനം വകുപ്പ് ടിക്കറ്റ് കൗണ്ടറിന് താഴ്ഭാഗത്തെ 2.50 ഏക്കർ കൈവശ ഭൂമിക്ക് റവന്യു രേഖകൾ ലഭ്യമാക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തണമെന്നുമാണ് തെയ്യാമ്മയ്ക്ക് ആവശ്യപ്പെടാനുള്ളത്.

ഫോട്ടോ : അബ്രഹാമിന്റെ ഭാര്യ തെയ്യാമ്മ കക്കയം പഞ്ചവടിയിലെ വീട്ടിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി