കേരളത്തിലെ ഡാമുകൾക്ക് ചുറ്റുമുള്ള ബഫർ സോൺ കൈക്കൂലിക്കു വേണ്ടി മാത്രം: കിഫ
✒️ ടീം കിഫ
കൂരാച്ചുണ്ട്/ചക്കിട്ടപാറ: കേരളത്തിലെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 61 റിസർവോയറുകളുടെയും പരമാവധി സംഭരണശേഷിൽ നിന്ന് 120 മീറ്റർ വരെ ബഫർ സോണായി പ്രഖ്യാപിച്ചുകൊണ്ട് നിർമ്മാണ നിരോധനവും നിയന്ത്രണവും പ്രഖ്യാപിക്കുന്ന സർക്കാർ ഉത്തരവ് 2024 ഡിസംബർ 26ന് പുറത്തിറങ്ങി.
ഡാമുകളുടെ പരമാവധി സംഭരണശേഷിയിൽ നിന്ന് കരയിലേക്ക് ആദ്യത്തെ 20 മീറ്ററിൽ സ്വന്തം ആവശ്യത്തിനുള്ള വീടടക്കം എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും പൂർണ്ണ നിരോധനവും, അതിനുശേഷം വരുന്ന 100 മീറ്ററിൽ വീടുകൾ ഒഴികെയുള്ള മറ്റെല്ലാ നിർമ്മാണങ്ങൾക്കും നിരോധനവും ആണ് പ്രസ്തുത ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
വീട് വെക്കണമെങ്കിൽ പോലും എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ പ്രത്യേക അനുമതി പത്രവും ആവശ്യമാണ്. റിസർവോയറിന്റെ സുരക്ഷയ്ക്ക് ഭീഷണി ആകും എന്ന് കണ്ടാൽ ഏത് അപേക്ഷയും നിരസിക്കാനുള്ള അധികാരവും എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകുന്നുണ്ട്. ചുരുക്കം പറഞ്ഞാൽ ഡാമുകളുടെ ചുറ്റും 120 മീറ്റർ വീതിയിൽ പരിപൂർണ്ണ നിർമ്മാണനിരോധനം വരും എന്നുള്ളതാണ് ഈ ഉത്തരവിന്റെ പരിണിതഫലം.
റിസെർവോയറുകളുടെ ചുറ്റും പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന ഭൂമികൾ സ്വന്തമായിട്ട് ഉള്ളവർക്ക്ഒരു വീട് വെക്കാൻ പോലും പറ്റാത്ത രീതിയിൽ ഉപയോഗശൂന്യമാകും. കേരളത്തിലെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 61 ഡാമുകൾക്ക് ചുറ്റും പതിനായിരകണക്കിന് കണക്കിന് ഏക്കർ സ്ഥലം ഇങ്ങനെ ഉപയോഗശൂന്യമാവും. ഇത് പതിറ്റാണ്ടുകളായി അത്തരം പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയും ജനവഞ്ചനയും ആയതുകൊണ്ട് അടിയന്തരമായി ഈ ഉത്തരവ് പിൻവലിച്ച് ബഫർ സോൺ '0' പോയിന്റിൽ നിലനിർത്തണമെന്ന് കിഫ ആവശ്യപ്പെടുന്നു.
ഈ വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇറക്കിയ ന്യായീകരണ കുറിപ്പിൽ പറയുന്നത് കേരളത്തിലെ റിസർവോയറുകൾക്കു ചുറ്റും 200 മീറ്റർ ബഫർ നിലവിൽ ഉണ്ടായിരുന്നത് ഞങ്ങൾ 20 മീറ്ററായി കുറച്ചു എന്നതാണ്. ഈ വാദം ശരിയാണെങ്കിൽ 200 മീറ്റർ ബഫർ സോൺ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിന്റെ കോപ്പി പുറത്തുവിടണമെന്ന് റോഷി അഗസ്റ്റിനോട് കിഫ ആവശ്യപ്പെടുന്നു.
എന്നുമാത്രമല്ല ഇങ്ങനെയൊരു നിർമ്മാണ നിരോധനം നിലവിൽ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടാണ് ജലസേചന വകുപ്പിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുമതിപത്രം വാങ്ങണമെന്ന് പഞ്ചായത്തുകൾ ഇത്രയും കാലം ആവശ്യപ്പെടാതിരുന്നതും ആ നിയന്ത്രണം നടപ്പിലാക്കാതിരുന്നതും എന്നും മന്ത്രി വ്യക്തമാക്കുക .
ഇന്ത്യൻ ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് അധികാരത്തിലിരിക്കുന്ന റോഷി അഗസ്റ്റിൻ മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് നുണ പറയുന്നത് അവസാനിപ്പിക്കണമെന്ന് കിഫ ശക്തമായി ആവശ്യപ്പെടുന്നു.
അതോടൊപ്പം തന്നെ ഈ വിഷയത്തിൽ മലങ്കര ഡാമിന്റെ പരിസരപ്രദേശത്തുള്ള ആളുകൾ പ്രതിഷേധിച്ചപ്പോൾ വേണമെങ്കിൽ മലങ്കര ഡാമിന്റെ പരിസരപ്രദേശത്തുള്ള ആളുകൾക്ക് ഇതിൽ നിന്ന് ഒഴിവു കൊടുക്കാമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. അതെങ്ങനെയാണ് ഏതെങ്കിലും ഒരു ഡാമിന്റെ പരിസരത്തുള്ളവർക്ക് മാത്രം ഒഴിവ് നൽകാൻ പറ്റുന്നത്?
അതോടൊപ്പം തന്നെ കേന്ദ്ര നിർദ്ദേശമനുസരിച്ചാണ് ഈ നിരോധനം ഏർപ്പെടുത്തിയത് എന്നുള്ള ഒരു ക്യാപ്സൂളും കേരള കോൺഗ്രസുകാർ പറഞ്ഞു പരത്തുന്നുണ്ട്.
അവരുടെ അറിവിലേക്ക് പറയുകയാണ്, ഈ ഉത്തരവിന്റെ ആദ്യത്തെ പേജിൽ ഈ ഉത്തരവിലേക്ക് നയിച്ച 5 ഡോക്യുമെന്റുകൾ പരാമർശിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് 2021ലെ ഡാം സേഫ്റ്റി നിയമവും ബാക്കി നാലെണ്ണം സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവുകളുമാണ്. കേന്ദ്രത്തിൽ നിന്നുള്ള ഒരു ഉത്തരവും ഇതോടൊപ്പം കൊടുത്തിട്ടില്ല. അതുകൊണ്ട് കേന്ദ്ര ഉത്തരവുപ്രകാരമാണ് ബഫർ സോൺ പ്രഖ്യാപിച്ചതെങ്കിൽ ആയതിന്റെ കോപ്പി പുറത്തു വിടണമെന്നും കിഫ ആവശ്യപ്പെടുന്നു. 2021ലെ ഡാം സേഫ്റ്റി നിയമത്തിലും ബഫർ സോണുകളെപ്പറ്റി പരാമശമില്ല.
അതുകൊണ്ടുതന്ന ഭരിക്കുന്ന പാർട്ടിക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി വാങ്ങിക്കാനുള്ള പുതിയൊരു തന്ത്രമായി മാത്രമേ ഈ ഉത്തരവിനെ കാണാൻ പറ്റൂ , ആ പരിപ്പ് കേരളത്തിൽ വേവില്ല എന്ന് റോഷി അഗസ്റ്റിനോടും കേരള കോൺഗ്രീസിനോടും LDF മുന്നണിയെയും അറിയിക്കുകയാണ്. ഈ വിഷയത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭണങ്ങൾക്കു കിഫ തുടക്കം കുറിക്കുന്നതുമാണ്
✒️ടീം കിഫ

Comments
Post a Comment