ചക്കിട്ടപാറ ;കടന്തറപ്പുഴ വറ്റിവരണ്ടു
ചക്കിട്ടപാറ : പൊള്ളുന്നവേനലിൽ മലയോരമേഖലയിലെ പുഴകളും ജലസ്രോതസ്സുകലും അതിവേഗം വറ്റിവരളുന്നു. വയനാടൻ മലനിരകളുടെ താഴ്വരയിൽനിന്നുദ്ഭവിക്കുന്ന കടന്തറപ്പുഴ ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട്, ചെമ്പനോട ഭാഗത്ത് വറ്റിവരണ്ടു. മഴക്കാലത്ത് ഇരുകരകളെയുംതൊട്ട് രൗദ്രഭാവത്തിലൊഴുകുന്ന കടന്തറപ്പുഴ വേനൽക്കാലത്ത് അതിവേഗം നീർച്ചാലായി മാറുകയാണ് പതിവ്. മഴക്കാലത്ത് അപ്രതീക്ഷിതമായി മഴവെള്ളപ്പാച്ചിലുണ്ടാകുന്ന പുഴകൂടിയാണിത്.
ഇത്തവണ ഫെബ്രുവരിയിൽത്തന്നെ കനത്തചൂട് അനുഭവപ്പെട്ടതോടെ കഴിഞ്ഞമാസംതന്നെ പുഴ നിർച്ചാലായിരുന്നു. പൂഴിത്തോട്, ചെമ്പനോട മേഖലകളിൽ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന പുഴയിൽ ചെറിയൊരു നിർച്ചാൽമാത്രമാണ് ഇപ്പോഴുള്ളത്. സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലൊക്കെ വെള്ളംകുറയാനും വറ്റാനും അത് കാരണമാകുന്നുണ്ട്. നീർച്ചോലകൾ ഉൾപ്പടെ വറ്റുന്നത് ആദിവാസിക്കോളനികളിൽ ഉള്ളവർക്കുവരെ ജലക്ഷാമത്തിന് ഇടയാക്കുകയാണ്.
മുതുകാട്, പെരുവണ്ണാമൂഴി മേഖലയിലൂടെ ഒഴുകുന്ന ഓനിപ്പുഴയും മൂത്തേട്ടുപുഴയും വെള്ളംകുറഞ്ഞ് നീർച്ചാലായിക്കഴിഞ്ഞു. കുറ്റ്യാടിപ്പുഴയുടെ കൈവഴികളാണ് ഇവയെല്ലാം. കുറ്റ്യാടിപ്പുഴയുടെ കൈവഴികളായ മറ്റ് ചെറുപുഴകളിലും വെള്ളം കുറവാണ്. കാർഷിക മേഖലയിലും കനത്തവേനൽ തിരിച്ചടിയാകുകയാണ്. വാഴത്തോട്ടങ്ങളും കാർഷികവിളകളുമെല്ലാം പലയിടത്തും ഉണക്കുഭീഷണി നേരിടുന്നുണ്ട്.
കുറ്റ്യാടി ജലസേചനപദ്ധതി കനാൽ തുറന്നതാണ് കുറേയിടത്ത് ആശ്വാസം. കഴിഞ്ഞമാസം 19-ന് ജലവിതരണം തുടങ്ങിയിട്ടും എല്ലാകനാലുകളിലും ഇനിയും വെള്ളമെത്തിക്കാനായിട്ടില്ല. ഡാമുകളിലും ജലനിരപ്പ് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ 72 ശതമാനവും കെ.എസ്.ഇ.ബി.യുടെ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ കക്കയം ഡാം റിസർവോയറിൽ 73.55 ശതമാനവും വെള്ളമുണ്ട്.ഡാമുകളിലും ജലനിരപ്പ് കുറഞ്ഞു

Comments
Post a Comment