ബന്ധുക്കളെ കൊന്നുതള്ളിയ ബാലകൃഷ്ണൻ; നാടിനെ നടുക്കിയ 84ലെ വാകേരി കൂട്ടക്കൊല; വെഞ്ഞാറമ്മൂട് കൊലയുമായി സാമ്യതകളേറെ




വെഞ്ഞാറമ്മൂട് ഒരു കുടുംബത്തിലെ നാല് പേരെ ഉൾപ്പെടെ അഞ്ച് പേരെ 23 കാരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. രാവിലെ പത്ത് മണിക്കും ആറ് മണിക്കുമിടെയായിരുന്നു അഫാൻ എന്ന 23 കാരൻ പിതൃമാതാവ്, പിതൃസഹോദരൻ, ഭാര്യ, സഹോദരൻ, പെൺസുഹൃത്ത് എന്നിവരെ അരുംകൊല ചെയ്തത്. അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വെഞ്ഞാറമ്മൂട് കൊല വലിയ രീതിയിൽ ചർച്ചയാകുമ്പോൾ 41 വർഷം മുൻപ് നടന്ന സമാന രീതിയിലുള്ള മറ്റൊരു കൂട്ടക്കൊലയും ഓർത്തെടുക്കുകയാണ് വയനാട്ടുകാർ. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് വാകേരിയിൽ ബാലകൃഷ്ണ‌ൻ എന്ന 25കാരൻ അഞ്ച് മണിക്കൂറിനിടെ കൊലപ്പെടുത്തിയത് നാല് പേരെയായിരുന്നു, അതും ബന്ധുക്കളെ. 

1984 ജനുവരി 27 നായിരുന്നു വാകേരിയിൽ കൂട്ടക്കൊല നടന്നത്. വാകേരി സ്വദേശികളായ നാരായണൻ ചെട്ടി, ഭാര്യ ദേവകി, മകൻ ശ്രീധരൻ, മകൾ ജയശ്രീ എന്നിവരായിരുന്നു അതിദാരുണമായി കൊല്ലപ്പെട്ടത്. ദേവകിയുടെ സഹോദരി അമ്മാളുവിൻ്റെ മകനായിരുന്നു ബാലകൃഷ്ണൻ. കൊല്ലപ്പെടുമ്പോൾ ശ്രീധരന്റെ പ്രായം 20 ഉം ജയശ്രീയുടെ പ്രായം പതിനേഴുമായിരുന്നു. നാരായണ ചെട്ടിയുമായുള്ള സാമ്പത്തിക പ്രശ്നങ്ങളും മറ്റൊരു മകൾ വാസന്തിയെ വിവാഹം കഴിച്ചു നൽകാത്തതിൻ്റെ വൈരാഗ്യവുമാണ് അരുംകൊലയിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോൾ ബാലകൃഷ്ണൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു.

സംഭവ ദിവസം രാത്രി ബാലകൃഷ്ണൻ, നാരായണൻ ചെട്ടിയുടെ വീട്ടിലെത്തി. ബന്ധുവിന് അസുഖം കൂടുതലാണെന്നും ആശുപത്രിയിലേക്ക് പോകണമെന്നും പറഞ്ഞ് നാരായണൻ ചെട്ടിയെ ബാലകൃഷ്ണൻ വീട്ടിൽബന്ധുവിന് അസുഖം കൂടുതലാണെന്നും ആശുപത്രിയിലേക്ക് പോകണമെന്നും പറഞ്ഞ് നാരായണൻ ചെട്ടിയെ ബാലകൃഷ്ണൻ വീട്ടിൽ നിന്ന് വിളിച്ചിറക്കി. തുടർന്ന് നാരായൺ ചെട്ടിയുമായി അര കിലോമീറ്റർ അകലെയുള്ള വയലിലേയ്ക്ക് എത്തി. ഇവിടെ വെച്ച് നാരായൺ ചെട്ടിയെ ബാലകൃഷ്ണൻ വെട്ടിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം ബാലകൃഷ്ണൻ വീണ്ടും നാരായണൻ ചെട്ടിയുടെ വീട്ടിലെത്തി മുൻപ് പറഞ്ഞ അതേ നുണ ആവർത്തിച്ച് ഭാര്യ ദേവകിയേയും വിളിച്ചിറക്കിക്കൊണ്ടുപോയി കൊന്നു. ശ്രീധരനും ജയശ്രീയുമായിരുന്നു അടുത്ത ഇരകൾ. ഇരുവരേയും വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയ ബാലകൃഷ്ണ‌ൻ സമാന രീതിയിൽ വെട്ടിക്കൊലപ്പെടുത്തി. മാതാപിതാക്കളേയും സഹോദരങ്ങേയും കാണാതായതോടെ നാരായണൻ ചെട്ടിയുടെ മകൾ വാസന്തിക്ക് സംശയമായി. വാസന്തി സഹോദരി ആറ് വയസുകാരി ബിന്ദുവിനേയും കൂട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. 

കേണിച്ചിറ എസ്ഐ സി ഒ രാഘവൻ നമ്പ്യാരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. വൈകാതെ തന്നെ ബാലകൃഷ്ണനെ പൊലീസ് പിടികൂടി. നാല് വർഷത്തെ വിചാരണയ്ക്കൊടുവിൽ കൽപറ്റ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ പോയെങ്കിലും മേൽക്കോടതി ശിക്ഷ ശരിവെച്ചു. 1990 മാർച്ച് പതിനാറിന് കണ്ണൂർ സെൻട്രൽ ജയിലിൽവെച്ച് പ്രതിയെ തൂക്കിക്കൊന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി