നിർണായക സമയത്ത് ദേ, ക്യാപ്റ്റൻ രോ'ഹിറ്റ്' (76); കിവീസ് വെല്ലുവിളി മറികടന്ന് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ചാംപ്യൻമാർ


നിർണായക സമയത്ത് ദേ, ക്യാപ്റ്റൻ രോ'ഹിറ്റ്' (76); കിവീസ് വെല്ലുവിളി മറികടന്ന് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ചാംപ്യൻമാർ

'രോഹിതം' പോലെ ഇന്ത്യ


'വരിഞ്ഞുമുറുക്കി' ന്യൂസീലൻഡ്

കൂരാച്ചുണ്ട്:  ടൂർണമെന്റിലെ തന്റെ
ഏറ്റവും മികച്ച പ്രകടനം കലാശപ്പോരിന്റെ ആവേശത്തിലേക്ക് കാത്തുവച്ച ക്യാപ്റ്റൻ രോഹിത് ശർമ, ന്യൂസീലൻഡ് ബാറ്റർമാർക്ക് ശ്വാസം വിടാൻ പോലും അവസരം നൽകാതെ വരിഞ്ഞുമുറുക്കി കറക്കിവീഴ്ത്തിയ സ്‌പിന്നർമാർ, തുടർച്ചയായി വിക്കറ്റ് വീണാലും സമ്മർദ്ദത്തിന് അടിപ്പെടാതെ ക്രീസിലുറച്ചുനിൽക്കുന്ന മധ്യനിരയുടെ നിശ്ചദാർഢ്യം, ഇന്ത്യയിലെ സ്റ്റേഡിയങ്ങളേപ്പോലും അതിശയിക്കുന്ന തരത്തിൽ ദുബായിലെ നിഷ്പക്ഷ വേദി നീലക്കടലാക്കി മാറ്റിയ ആരാധകക്കൂട്ടം, മത്സരം നടന്ന ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമെന്ന 'ഒറ്റ വേദി'യിൽ ബംഗ്ലദേശിനെതിരായ ആദ്യ മത്സരം മുതൽ ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടം വരെ ഒറ്റക്കെട്ടായി പൊരുതിയ ടീം ഇന്ത്യ...വർഷങ്ങൾ കാത്തുകാത്തിരുന്നു നേടിയെടുത്ത ട്വന്റി20 ലോകകിരീടത്തിനു ശേഷം ചാംപ്യൻസ് ട്രോഫി കിരീടത്തിനായി ഇന്ത്യൻ താരങ്ങളും ആരാധകരും അതിയായി ആഗ്രഹിച്ചപ്പോൾ, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഈ പ്രപഞ്ചം ഒന്നടങ്കം ആആഗ്രഹസഫലീകരണത്തിന് കൂട്ടുനിന്നു. ഫലം, ഒരു വ്യാഴവട്ടക്കാലത്തിന്റെ കാത്തിരിപ്പിനു ശേഷം ചാംപ്യൻസ് ട്രോഫിയിൽ നീലപ്പടയുടെ മുത്തം. ഇടയ്ക്ക് കുറച്ച് ആശങ്കയുടെ നിമിഷങ്ങളുണ്ടായെങ്കിലും, വിജയവഴിയിൽനിന്ന് ഒരു ഘട്ടത്തിലും തെന്നിമാറാതെ മുന്നേറിയ ഇന്ത്യ നാലു വിക്കറ്റിനാണ് ന്യൂസീലൻഡിനെ തകർത്തത്.   


മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 251 റൺസ്. മറുപടി ബാറ്റിങ്ങിൽ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ അനായാസം വിജയത്തിലെത്തി. തകർപ്പൻ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 76 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

• രോഹിതം' പോലെ ഇന്ത്യ

ഇന്ത്യൻ നിരയിൽ രോഹിത് ശർമ (83 പന്തിൽ 76), ശ്രേയസ് അയ്യർ (62 പന്തിൽ 48), ശുഭ്‌മൻ ഗിൽ (50 പന്തിൽ 31), അക്ഷർ പട്ടേൽ (40 പന്തിൽ 29), വിരാട് കോലി (ഒന്ന്), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 18) എന്നിവരാണു പുറത്തായത്.

ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യ സെഞ്ചറി കൂട്ടുകെട്ടുമായി മുന്നേറവേ, സ്കോർ 105 ൽ നിൽക്കെ ശുഭ്മൻ ഗില്ലിനെ മിച്ചൽ സാന്റ് നറുടെ പന്തിൽ ഗ്ലെൻ ഫിലിപ്സ് വീണ്ടുമൊരു 'അദ്ഭുത' ക്യാച്ചിലൂടെ പുറത്താക്കിയത് നിർണായകമായി.

'ശൂന്യത'യിൽനിന്ന് ഫിലിപ്സ് സമ്മാനിച്ച വിക്കറ്റിന്റെ ആവേശത്തിൽ മത്സരത്തിലേക്ക് തിരിച്ചെത്തിയ ന്യൂസീലൻഡ്, വിരാട് കോലിയെയും രോഹിത് ശർമയെയും പുറത്താക്കി മത്സരം ആവേശകരമാക്കി. ബ്രേ‌വെല്ലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങി കോലി പുറത്തായത് ആരാധകർക്കു ഞെട്ടലായി. കോലി ഡിആർഎസ് എടുത്തെങ്കിലും തീരുമാനം അനുകൂലമായില്ല. രണ്ടു പന്തു നേരിട്ട് ഒറ്റ റണ്ണെടുത്താണ് കോലി മടങ്ങിയത്.

സെഞ്ചറിയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന രോഹിത് ശർമ, ഇടയ്ക്ക് റൺനിരക്കിലുണ്ടായ വർധനവിന്റെ സമ്മർദ്ദത്തിൽ അനാവശ്യ ഷോട്ടിനു പോയാണ് വിക്കറ്റു കളഞ്ഞത്. 27-ാം ഓവറിൽ രചിൻ രവീന്ദ്രയെ ‌സ്റ്റെപ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച രോഹിത്തിനു പിഴച്ചു. പന്തു പിടിച്ചെടുത്ത കിവീസ് വിക്കറ്റ് കീപ്പർ ടോം ലാതം സ്‌റ്റംപ് ചെയ്‌തു പുറത്താക്കി.

പിന്നീട് മധ്യനിരയിൽ അക്ഷർ പട്ടേലും ശ്രേയസും അയ്യരും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനം ഇന്ത്യയ്ക്കു തുണയായി. 71 പന്തുകൾ നേരിട്ട് 65 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 48 റൺസെടുത്ത ശ്രേയസ് അയ്യരെ രചിൻ രവീന്ദ്ര തകർപ്പനൊരുക്യാച്ചിലൂടെയാണു പുറത്താക്കിയത്. 40.5 ഓവറുകളിലാണ് ഇന്ത്യ 200 കടന്നത്. സ്പ‌ിന്നർ മിച്ചൽ ബ്രേവെല്ലിനെ സിക്സർ പറത്താനുള്ള അക്ഷർ പട്ടേലിന്റെ ശ്രമം വിൽ ഒറൂക്കിന്റെ ക്യാച്ചായി അവസാനിച്ചതോടെ ഇന്ത്യ വീണ്ടും പതറി.

ഹാർദിക് പാണ്ഡ്യ തകർപ്പൻ സിക്സറും ഫോറും സഹിതം ആത്മവിശ്വാസം പകർന്നെങ്കിലും, സ്കോർ 241ൽ നിൽക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കൈൽ ജെയ്മിസന്റെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യ, ജെയ്‌മിസനു തന്നെ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. പിന്നീട് ജഡേജയും രാഹുലും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

"വരിഞ്ഞുമുറുക്കി' ന്യൂസീലൻഡ്

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 251 റൺസെടുത്തത്. അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. 101 പന്തിൽ 63 റൺസെടുത്തു പുറത്തായ മിച്ചലിന് നേടാനായത് മൂന്നു ഫോറുകൾ മാത്രം. രചിൻ രവീന്ദ്ര (29 പന്തിൽ 37), ഗ്ലെൻ ഫിലിപ്സ് (52 പന്തിൽ 34) വിൽ യങ് (23 പന്തിൽ 15), കെയ്ൻ വില്യംസൻ (11 പന്തിൽ 14), ടോം ലാഥം (30 പന്തിൽ 14), മിച്ചൽ സാന്റ്നർ (10 പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകൾ. അവസാന ഓവറുകളിൽ സ്കോർ ഉയർത്തിയ മിച്ചൽ ബ്രേ‌വെല്ലിന്റെ ഇന്നിങ്സാണ് ന്യൂസീലൻഡിനെപൊരുതാവുന്ന നിലയിലെത്തിച്ചത്.

40 പന്തിൽ 53 റൺസെടുത്ത താരം പുറത്താകാതെ നിന്നു.
കിവീസിന്റെ തുടക്കം അത മോശമായിരുന്നില്ല. ആദ്യ ഏഴോവറുകളിൽ ന്യൂസീലൻഡ് 50 റൺസ് കടന്നു. മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും എറിഞ്ഞ ആദ്യ ഓവറുകളിൽ ന്യൂസീലൻഡ് തകർത്തടിച്ചതോടെ, ഇന്ത്യ സ്പിന്നർമാരെ ഇറക്കി. വരുൺ ചക്രവർത്തിയെറിഞ്ഞ എട്ടാം ഓവറിൽ വിൽ യങ് എൽബിഡബ്ല്യു ആകുകയായിരുന്നു. 11-ാം ഓവറിൽ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ കുൽദീപ് യാദവ് രചിൻ രവീന്ദ്രയെ ബോൾഡാക്കി. പിന്നാലെ കെയ്ൻ വില്യംസനെ സ്വന്തം പന്തിൽ കുൽദീപ് പിടിച്ചെടുത്തു. പിന്നീട് കൂടുതൽ വിക്കറ്റുപോകാതെ പിടിച്ചുനിൽക്കാനായി ന്യൂസീലൻഡിൻ്റെ ശ്രമങ്ങൾ. ഇന്ത്യൻ സ്‌പിന്നർമാർ നിയന്ത്രിച്ച് പന്തെറിഞ്ഞതോടെ 19.2 ഓവറിലാണ് കിവീസ് 100 പിന്നിട്ടത്. 14 റൺസെടുത്ത ടോം ലാഥമിനെ രവീന്ദ്ര ജഡേജ എൽബിഡബ്ല്യു ആക്കി.

81 പന്തുകളാണ് മധ്യഓവറുകളിൽ ബൗണ്ടറി വഴങ്ങാതെ ഇന്ത്യൻ സ്പ‌ിന്നർമാർ പിടിച്ചുനിന്നത്. അക്ഷറിനെതിരെ 14-ാം ഓവറിലെ രണ്ടാം പന്തിൽ ഡാരിൽ മിച്ചൽ ഫോർ അടിച്ചതിനു ശേഷം കുൽദീപിന്റെ 27-ാം ഓവറിലെ അവസാന പന്തിലാണ് ഗ്ലെൻ ഫിലിപ്സ് ഒരു സിക്സ് അടിക്കുന്നത്. ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്സും കൈകോർത്തപ്പോൾ വിക്കറ്റുപോകാതെ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കുക. എന്നതായിരുന്നു ന്യൂസീലൻഡിന്റെ ലക്ഷ്യം. 87 പന്തുകൾ നേരിട്ട ഈ സഖ്യം 57 റൺസ് അടിച്ചെടുത്തു. വരുൺ ചക്രവർത്തിയെറിഞ്ഞ 38-ാം ഓവറിൽ ഗ്ലെൻ ഫിലിപ്സ് ബോൾഡാകുകയായിരുന്നു.

44.4 ഓവറിൽ കിവീസ് സ്കോർ 200 പിന്നിട്ടു. വീണ്ടും പേസർമാരെത്തിയതോടെയാണ് ന്യൂസീലൻഡ് ബാറ്റർമാർ ഒന്നുണർന്നതുതന്നെ. ബൗണ്ടറികൾ കണ്ടെത്തി, എന്നാൽ അതും അധിക സമയം നീണ്ടില്ല. മുഹമ്മദ് ഷമിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡാരിൽ മിച്ചലിനെ ക്യാപ്റ്റൻ രോഹിത് ശർമ പിടിച്ചെടുത്തു. കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ റണ്ണൗട്ടായി. അവസാന അഞ്ചോവറുകളിൽ 50 റൺസാണ് കിവീസ് ബാറ്റർമാർ അടിച്ചെടുത്തത്. സ്‌പിന്നർമാരായ വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. മുഹമ്മദ് ഷമിക്കും ഒരു വിക്കറ്റുണ്ട്. ഒൻപതോവറുകൾ പന്തെറിഞ്ഞ ഷമി 74 റൺസ് വഴങ്ങി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി