ദൗത്യം വിഫലം
ഒരടി ആഴത്തിലെ മുറിവിലെ വേദന താങ്ങാനാകാതെ കൊമ്പൻ മടങ്ങി;
അതിരപ്പള്ളിയിലെ മസ്‌കത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു
മസ്തകത്തിൽ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പൻ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തിൽ ഒരടി താഴ്‌ചയിലുള്ള മുറിവുണ്ടായിരുന്നതിൽ കൊമ്പൻ പൂർണമായും ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നു. ആന ഭക്ഷണമെടുത്ത് തുടങ്ങിയെന്നത് കഴിഞ്ഞ ദിവസത്തെ ആശ്വാസ വാർത്തയായെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാക്കിക്കൊണ്ട് ഇന്ന് കൊമ്പൻ ചരിയുകയായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് ആനയുടെ ആരോഗ്യനില വഷളായത്. മസ്‌കത്തിലെ അണുബാധ തുമ്പിക്കൈയിലേക്കും വ്യാപിക്കുകയായിരുന്നു. ആനയെ ഗുരുതരമായി മുറിവേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടത് ട്വൻ്റിഫോർ ഉൾപ്പെടെ നിരന്തരം വാർത്തയാക്കിയിരുന്നെങ്കിലും കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നതിൽ വനംവകുപ്പിന് ഏറെ കാലതാമസമുണ്ടായി. സമയം കഴിയുന്തോറും അണുബാധ ആനയുടെ തലച്ചോറിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും അത് ആനയുടെ അതിജീവനം അസാധ്യമാക്കുമെന്നും വിദഗ്ധർ മുൻപ് തന്നെ നിരീക്ഷിച്ചിരുന്നു. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർണായക ദൗത്യത്തിലൂടെ ആനയെ മയക്കുവെടി വച്ച് കോടനാടെത്തിച്ചത്. മയക്കുവെടിയേറ്റ ആനയെ ഏഴാറ്റുമുഖം ഗണപതിയെന്ന കൊമ്പൻ ചേർത്തുനിർത്തിയതും ഹൃദ്യമായ കാഴ്ചയായിരുന്നു.
ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാർ ചികിൽസിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ.
ആനയുടെ മരണവിവരം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകരുടെ സംഘം ആനയ്ക്ക് ഭക്ഷണത്തിൽ മരുന്ന് കലർത്തി കഴിപ്പിച്ചുവരികയായിരുന്നു. ആന നിരന്തരമായി അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ ഡോക്ടേഴ്സിന് മുറിവിൽ നേരിട്ട് മരുന്ന് പുരട്ടാൻ കഴിഞ്ഞിരുന്നില്ല.

Comments
Post a Comment