കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തീയതിയായി: തെളിയാതെ രാഷ്ട്രീയ ചിത്രം




തീയതിയായി : തെളിയാതെ രാഷ്ട്രീയ ചിത്രം

ഫെബ്രുവരി 28ന് രാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയും അന്ന് നടക്കും

✒️നിസാം കക്കയം

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 11-ന് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മത്സരമുണ്ടെങ്കിൽ ബാലറ്റ് വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. കൂരാച്ചുണ്ട് കൃഷി ഓഫീസറാണ് വരണാധികാരി. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിയുടെ സാന്നിധ്യത്തിൽ അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് പുതിയ പ്രസിഡന്റ് അധികാരമേൽക്കും.

ജനുവരി 27ന് മുസ്‌ലിം ലീഗ് സ്വതന്ത്രൻ കൊണ്ട് വന്ന അവിശ്വാസത്തെ തുടർന്നാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പുറത്തായിരുന്നത്.

കോൺഗ്രസ്‌ അംഗമായിരുന്ന ഇദ്ദേഹം മുന്നണി ധാരണ പ്രകാരം നാല് വർഷം കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് മുസ്‌ലിം ലീഗ്, ഇടത് പക്ഷത്തിന്റെ സഹായത്തോടെ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ധാരണ പ്രകാരം കോൺഗ്രസ്‌ അംഗങ്ങൾ കൂടി അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അവസാന വര്‍ഷം പ്രസിഡന്റ് സ്ഥാനം വേണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടതാണ് പ്രാദേശിക തലത്തില്‍ യു.ഡി.എഫ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് ജില്ലാ നേതൃത്വം ഉണ്ടാക്കിയ പ്രസിഡന്റ് സ്ഥാന മാറ്റം സംബന്ധിച്ച ധാരണ അംഗീകരിക്കില്ലെന്ന കാര്യത്തില്‍ മുൻ പ്രസിഡന്റ് പോളീ കാരക്കടയും കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോണ്‍സണ്‍ താന്നിക്കലും ഉറച്ച് നിന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെത്തിയത്. ഇതോടെ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ പോളി കാരക്കടയെ സസ്പെൻഡ് ചെയ്യുകയും ജോണ്‍സനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

13 അംഗ ഭരണസമിതിയില്‍ 11 അംഗങ്ങളാണ് അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നത്. എൽ.ഡി.എഫ് ( 4 ), കോൺഗ്രസ്‌ ( 4 ) മുസ്‌ലിംലീഗ് ( 1 ) യു.ഡി.എഫ് സ്വതന്ത്രൻ ( 1 ), സ്വതന്ത്രൻ ( 1 ) എന്നിങ്ങനെയാണ് അവിശ്വാസത്തിന് അനൂകൂലമായി വോട്ട് ലഭിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പോളി കാരക്കട അവിശ്വാസത്തിന് എതിരായാണ് വോട്ട് ചെയ്‌തത്. മറ്റൊരു കോൺഗ്രസ്‌ അംഗത്തിന്റെ വോട്ട് അസാധുവാകുകയും ചെയ്തിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി