വാടക മുടങ്ങിയിട്ട് മൂന്നുമാസം എങ്ങോട്ടുപോകും ഇവർ...
വിലങ്ങാട് : ഉരുൾപൊട്ടലിൽ സർവവും നശിച്ചവർക്ക് ആശ്വാസമായിരുന്നു സർക്കാർ ചെലവിലുള്ള വാടകവീടുകൾ. വിലങ്ങാട് വാടകവീട്ടിലേക്ക് മാറ്റിയത് 92 കുടുംബങ്ങളെ. ഇതിൽ കുറെപ്പേർ തിരിച്ചുപോന്നു. ഇപ്പോഴും സർക്കാർ കണക്കിൽ അൻപതോളം കുടുംബങ്ങൾ വാടകവീട്ടിലുണ്ട്. എന്നാൽ, മൂന്നുമാസമായി സർക്കാരിൽനിന്ന് വാടക കിട്ടിയിട്ട്. ഇതോടെ വാടകവീട്ടിലെ താമസവും പ്രതിസന്ധി നേരിടുന്നു.
എത്രകാലം ഇങ്ങനെ കഴിയുമെന്നതാണ് താമസക്കാരെ അലട്ടുന്ന മറ്റൊരു ചോദ്യം. അവരുടെ ഭൂമിയും ജീവിതോപാധിയുമെല്ലാം ദൂരെയാണ്. കൃഷി മുഖ്യഉപജീവനമാർഗമായ ഇവരെ സംബന്ധിച്ചിടത്തോളം കൃഷിഭൂമിയില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ല. കൃഷിഭൂമി പൂർണമായും ഒലിച്ചുപോയവരും ഭൂമിയിൽ കല്ലുവന്ന് നിറഞ്ഞവരും ഇതിലുണ്ട്. ഇനിയിവിടെ കൃഷിചെയ്ത് ജീവിക്കാനാവില്ലെന്നാണ് ഇവർ പറയുന്നത്. സ്ഥലംവിറ്റ് മറ്റെവിടെയെങ്കിലും പോകാമെന്ന് വിചാരിച്ചാലും നടക്കില്ല. സ്ഥലം ആരുവാങ്ങുമെന്നതാണ് പ്രശംനം
92 കുടുംബങ്ങൾക്ക് ആദ്യത്തെ മൂന്നുമാസം 6000 രൂപവെച്ച് വാടക കിട്ടിയിരുന്നു. ചിലർ സർക്കാർസഹായം ലഭിക്കാത്തതിനാൽ ബന്ധുവീട്ടിലും മറ്റുമാണ് താമസിക്കുന്നത്. കണ്ണൂർജില്ലയിൽവരെ താമസിക്കുന്നവരുണ്ട്. വാണിമേൽ, പുതുക്കയം, പരപ്പുപാറ, നരിപ്പറ്റ എന്നിവിടങ്ങളിലും വാടകവീടുകളുണ്ട്. വാടക നൽകേണ്ടവരുടെ പട്ടിക വില്ലേജ് ഓഫീസിൽനിന്ന് സർക്കാരിലേക്ക് നൽകിയിട്ടുണ്ട്. താമസിയാതെ വാടകകിട്ടുമെന്ന് റവന്യു അധികൃതർ പറഞ്ഞു

Comments
Post a Comment