ചക്കിട്ടപാറ; പെരുവണ്ണാമൂഴിയിൽ കുരങ്ങുകൾ വീടിനുള്ളിൽ



ചക്കിട്ടപാറ : ഇടയ്ക്ക് ഒന്നോ രണ്ടോ, മറ്റു ചിലപ്പോൾ കൂട്ടത്തോടെ. മരങ്ങളിലൂടെ നിരന്തരം വീട്ടിലേക്കെത്തുന്ന കുരങ്ങുകളെക്കൊണ്ട് എന്തുചെയ്യണമെന്നറിയാതെ വലഞ്ഞിരിക്കുകയാണ് കൂവപ്പൊയിലിലെ നാട്ടുകാർ. കതകടച്ച് വീട്ടിലിരുന്നാലും മേൽക്കൂരയിലെ ഓട് പൊട്ടിച്ച് വീടിനുള്ളിലേക്ക് കയറുകയാണ്. അടുക്കളയുടെ പുകക്കുഴലടക്കം തകർത്തിടും. ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടുപോകും. വീടിനുള്ളിൽ ചോറും കറികളും തിന്നുകയും നശിപ്പിക്കുകയും ചെയ്യുന്നതുകൂടിയായപ്പോൾ സഹികെട്ട അവസ്ഥയിലാണ് എല്ലാവരും. ഒരു വീട്ടിലെ കുട്ടികൾ സ്‌കൂളിൽനിന്ന് വൈകീട്ട് വീട്ടിലെത്തുമ്പോൾ കഴിക്കാനുണ്ടായിരുന്ന ഭക്ഷണമെല്ലാം കുരങ്ങുകൾ നശിപ്പിച്ച സംഭവവും അടുത്തകാലത്തുണ്ടായി.
തെങ്ങിൽക്കയറി തേങ്ങയും കരിക്കുകളും മറ്റ് കാർഷികവിളകളും പറിച്ചിടുന്നതും നശിപ്പിക്കുന്നതും പതിവാണ്. കൃഷിചെയ്ത ഒരു വിളയും ലഭിക്കാറില്ലെന്നും പച്ചക്കറി നട്ടാൽ ഒന്നും ബാക്കിവെക്കാറില്ലെന്നും അല്ലിയാക്കൽ ശോഭാ രാജൻ പറഞ്ഞു. വസ്ത്രങ്ങൾ അലക്കി അയലിലിട്ടാൽ കുരങ്ങ് എടുത്ത് അകലെ കൊണ്ടിട്ടിട്ടുണ്ടാകും. മില്ലിൽ പൊടിച്ചെടുക്കാനുള്ള സാധനങ്ങൾ അതിനുമുന്നോടിയായി കഴുകി ഉണക്കിയെടുക്കാൻപോലും വീട്ടുകാർക്ക് കഴിയാറില്ല.
കൂത്താളി ജില്ലാ കൃഷിഫാമിനു സമീപം ചക്കിട്ടപാറ പഞ്ചായത്തിലെ 15-ാം വാർഡിൽപ്പെട്ട മേഖലയിലാണ് കുരങ്ങുകൾ പതിവായി എത്തുന്നത്. മാവുള്ളചാലിൽ ജാനകി, ഞാറക്കാട്ട് ശാന്തമ്മ, മലയിൽതാഴത്ത് സന്തോഷ്, പന്തിരിക്കര മീത്തൽ പ്രകാശൻ, ചെല്ലപ്പൻ തുരുത്തിക്കാട്ട്, രാഘവൻ കൂവപ്പൊയിൽ, അല്ലിയാക്കൽ ശോഭാ രാജൻ, വള്ളിപ്പറ്റ മീത്തൽ ഉഷാ രവി, ജോർജ് തൂങ്കുഴി, മലയിൽ താഴത്ത് സതീഷ് ബാബു, മലയിൽ താഴത്ത് കുഞ്ഞിരാമൻ, കിഴക്കേക്കര ജോസ് തുടങ്ങി 20-ഓളം വീട്ടുകാർ കുരങ്ങുശല്യം നേരിടുന്നുണ്ട്. ജാനകിയുടെ വീട്ടിൽ കിടപ്പുരോഗിയായ സഹോദരിയുണ്ട്. വീടിനകത്തെത്തുന്ന കുരങ്ങ് ഇവരെപ്പോലും ആക്രമിക്കുമോ എന്ന ഭീതിയിലാണിവർ.
കൂട്ടത്തോടെ കുരങ്ങുകൾ എത്തുമ്പോൾ തനിച്ച് പിന്നാലെച്ചെന്ന് ഓടിച്ചുവിടാൻപോലും വീട്ടുകാർക്കെല്ലാം പേടിയാണ്. വനംവകുപ്പധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ ഇടപെടലൊന്നും നടന്നിട്ടില്ല. വീടുകൾക്കു സമീപം കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാൽ കടന്നുപോകുന്ന സ്ഥലമാണ്. ഒട്ടേറെ മരങ്ങൾ വളർന്നുനിൽക്കുന്ന മേഖലയാണിത്. ഈ മരക്കൊമ്പുകൾ വെട്ടാത്തതിനാൽ മരങ്ങൾവഴിയാണ് സ്വകാര്യസ്ഥലത്തേക്ക് കുരങ്ങുകൾ എത്തുന്നതെന്ന് താമസക്കാർ പറയുന്നു. കനാലിൻ്റെ ഒരുവശത്തെ മരങ്ങളിൽനിന്ന് എതിർവശത്തെ മരങ്ങളിലേക്ക് ചാടിയാണ് വീടുകൾക്കടുത്തേക്ക് കുരങ്ങുകൾ കടക്കുന്നത്. പെരുവണ്ണാമൂഴി ഭാഗത്തെ വനമേഖലയിൽനിന്നാണ് കുരങ്ങുകൾ പ്രദേശത്തേക്ക് വരുന്നത്. വർഷംതോറും ആന കൃഷി നശിപ്പിക്കുന്ന സ്ഥലമാണ് കൂവപ്പൊയിൽ. അതിനുപുറമേയാണ് കുരങ്ങുശല്യവും ജനങ്ങളെ വലയ്ക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി