കൂരാച്ചുണ്ട് അങ്ങാടിയിൽ ദുർഗന്ധംപരത്തി മാലിന്യ വാഹനം
✒️നിസാം കക്കയം
കൂരാച്ചുണ്ട്: പഞ്ചായത്തിലെ കോഴിക്കടകളിൽനിന്ന് മാലിന്യം ശേഖരിക്കാൻ വരുന്ന വാഹനങ്ങളിൽ ഫ്രീസർ സൗകര്യമില്ലാത്തതിനാൽ ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതി.
മാലിന്യ വാഹനം അങ്ങാടി വഴി കടന്നു പോകുമ്പോഴും, കടകളിൽനിന്ന് വേസ്റ്റ് ശേഖരിക്കുമ്പോഴും അനുഭവപ്പെടുന്ന അസഹ്യമായ ദുർഗന്ധം പൊതുജനങ്ങൾക്ക് മനംപുരട്ടൽ, ഛർദി ഉൾപ്പടെയു ള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എല്ലാദിവസവും മാലിന്യം എടുക്കാൻ വാഹനം വരാത്ത സാഹചര്യമുള്ളതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ചില ദിവസങ്ങളിൽ വാഹനത്തിൽനിന്ന് മലിനജലം റോഡിലേക്കൊഴുകുന്ന സാഹചര്യവുമുണ്ട്. കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫീസിന് സമീപം മലിനജലം വീണതുകാരണം ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വ്യാപാരികളും നാട്ടുകാരും ചേർന്ന് കഴുകി വൃത്തിയാക്കുകയായിരുന്നു.
മാലിന്യം എടുക്കാൻ വരുന്ന സ്ഥാപനത്തിന് കിലോയ്ക്ക് അഞ്ച് രൂപയോളമാണ് കടയുടമകൾ നൽകുന്നത്. ദിവസേന നൂറു കണക്കിന് കടകളിൽനിന്ന് കോഴിവേസ്റ്റ് എടുക്കുന്ന വാഹനത്തിൽ ഫ്രീസർ സൗകര്യം ഉണ്ടെങ്കിൽ ദുർഗന്ധം കുറയ്ക്കാൻ സാധിക്കും.
'സർവകക്ഷിയോഗം വിളിക്കണം'
കൂരാച്ചുണ്ട് അങ്ങാടിയിൽ കോഴിക്കടകളിൽനിന്ന് കോഴിവേസ്റ്റ് എടുക്കാൻ വരുന്ന വാഹനത്തിൽനിന്നും ദുർഗന്ധം കാരണം പൊതുജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന
സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് സി.പി.ഐ. ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സർവ്വകക്ഷിയോഗം വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്യണമെന്നും സി.പി .ഐ. ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷതവഹിച്ചു.
എ.കെ. പ്രേമൻ, പി.ടി. തോമസ്, കെ.എം. പീറ്റർ, കുട്ട്യാലി കുനിയിൽ, കെ.വി. കുഞ്ഞപ്പൻ, വിനു മ്ലാക്കുഴിയിൽ എന്നിവർ സംസാരിച്ചു.

Comments
Post a Comment