വാക്ക് പാലിച്ച് പേരാമ്പ്ര പൊലീസ്; സ്വീകരണമൊരുക്കി ആദരിച്ച് നാട്ടുകാർ
മാലിന്യം തള്ളിയ വാഹനം കണ്ടെത്തി വാക്ക് പാലിച്ച സാഹചര്യത്തിലാണ് പൊലീസിന് സ്വീകരണമൊരുക്കാൻ നാട്ടുകാർ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ജോനയുടേയും സൽമ നന്മനക്കണ്ടിയുടേയും നേതൃത്വത്തിൽ ബൈപാസിനു സമീപം നാട്ടുകാരുടെ സാന്നിധ്യത്തിൽ പൊലീസിന് അനുമോദന പരിപാടി സംഘടിപ്പിച്ചു.
നാട്ടുകാർ സ്റ്റേഷനിലെത്തി മധുരവിതരണവും നടത്തി. മാലിന്യം തള്ളിയ വണ്ടി കണ്ടെത്താൻ നേതൃത്വം നൽകിയ ഇൻസ്പെക്ടർ പി. ജംഷിദിനെ വാർഡ് അംഗം പി. ജോന പൊന്നാടയണിയിച്ചു.
തുടർച്ചയായി കക്കൂസ് മാലിന്യം തള്ളുന്ന പ്രതികളെ പിടികൂടാത്തതിനാൽ ജീവിതം ദുസ്സഹമായ സമീപവാസികൾ ശക്തമായ സമരപരിപാടികളുമായി രംഗത്തുവന്നപ്പോൾ പേരാമ്പ്ര എസ്.എച്ച്.ഒ. ഇൻസ്പെക്‌ടർ പി. ജംഷിദാണ് രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ പിടിക്കുമെന്ന ഉറപ്പ് പ്രതിഷേധക്കാർക്ക് നൽകിയിരുന്നു.
തുടർന്ന് പേരാമ്പ്ര പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ ഒരു ദിവസത്തിനുള്ളിൽ തന്നെ മാലിന്യം തള്ളിയ വാഹനം കണ്ടെത്തി പൊലീസ് വാക്കുപാലിക്കുകയായിരുന്നു.
റസിഡന്റ് അസോസിയേഷൻ പോലുള്ള സംഘടനകൾ രൂപീകരിച്ച് സംഘടിതരായാൽ മാത്രമേ ഇക്കാലത്ത് മയക്കുമരുന്ന്, മാലിന്യം നിക്ഷേപിക്കൽ തുടങ്ങി സാമൂഹ്യ വിപത്തുകളെ നേരിടാൻ പൊലീസിനെ കൂടുതൽ ഫലപ്രദമായി സഹായിക്കാൻ സാധിക്കുകയുള്ളൂ എന്ന് ഇൻസ്പെക്ടർ പി. ജംഷീദും സബ് ഇൻസ്പെക്ടർ ഷമീറും നാട്ടുകാരെ ബോധ്യപ്പെടുത്തി.
കൗമാരപ്രായക്കാരെ വീടുകളിൽ കൂടുതൽ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച് ശ്രദ്ധിക്കാൻ രക്ഷിതാക്കൾ കൂടുതൽ സമയം കണ്ടെത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അംഗം സൽമ നന്മനക്കണ്ടി, കെ. പത്മനാഭൻ, കെ.എം. ബാലകൃഷ്ണൻ, ശ്രീധരൻ കല്ലാട്ടുതാഴ, പി.കെ. റഹിം, രാമദാസൻ, ജൂബിൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു


Comments
Post a Comment