ഇരുട്ടുവീണാൽ പുറത്തിറങ്ങാൻ പേടിച്ച് പ്രദേശവാസികൾ



കക്കയം ബാംബൂ പാർക്കിൽ വിനോദം മൃഗങ്ങൾക്കുമാത്രം




അവഗണനയുടെ നേർക്കാഴ്‌ചയായി ഒരു ടൂറിസം പദ്ധതി

✒️നിസാം കക്കയം

കൂരാച്ചുണ്ട്: അധികൃതരുടെ അനാസ്ഥ യുടെയും അവഗണനയുടെയും നേർ സാക്ഷ്യമായി ഒരു ടൂറിസംപദ്ധതിയുണ്ട് കൂരാച്ചുണ്ട് പഞ്ചായത്ത് നാലാംവാർഡ് കക്കയം പഞ്ചവടിയിൽ. ജില്ലയിലെത്തന്നെ മികച്ച ടൂറിസംകേന്ദ്രങ്ങളായ കക്കയത്തും കരിയാത്തും പാറയിലും ദിവസേനയെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികൾക്ക് വേറിട്ട ഒരു കാഴ്ചയൊരുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഒന്നരപ്പതിറ്റാണ്ട് മുൻപാണ് വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ജലസേചന വകുപ്പിന്റെ സ്ഥലത്ത് ഇല്ലിത്തോട്ടം വെച്ചു പിടിപ്പിക്കുന്നത്. പണ്ട് മൈസൂരിൽ പോയപ്പോൾ കണ്ട് ബാംബു പാർക്കായിരുന്നു ഇത് വെച്ചുപിടിപ്പിക്കുമ്പോൾ പ്രദേശവാസികൾക്കു നൽകിയ വാഗ്ദാനം. എന്നാൽ വകുപ്പുകൾതമ്മിലുള്ള ഏകോപനമില്ലായ്മ കാരണം മലബാറിൽ ഉത്തരവാദിത്ത്വടൂറിസം മിഷന്റെ ഭാഗമായി പരിഗണിച്ചിരുന്ന കക്കയം ബാംബു പാർക്ക് ടൂറിസം പദ്ധതി ഇപ്പോഴും കടലാസിലുറങ്ങുകയാണ്.

കക്കയം പഞ്ചവടി മേഖലയിൽ കുറ്റ്യാടി റിസർവോയറിനു സമീപത്ത് എട്ടേക്കറിലധികം സ്ഥലത്താണ് ഇല്ലികൾ വെച്ചുപിടിപ്പിച്ചത്. 2020-ൽ പാർക്ക് സ്ഥാപിക്കാൻ ജലസേചനവകുപ്പ് ഉപാധികളോടെ അനു മതിനൽകിയിരുന്നു. ഫ്ലോട്ടിങ് ടൂറിസത്തിന് ഉദ്യോഗസ്ഥതലത്തിൽ അനുമതിലഭിക്കുകയും കളക്ടറുടെ നേതൃത്വത്തിലുള്ളസംഘം ഇല്ലിത്തോട്ടം സന്ദർശിച്ച് പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. മുൻ എം .എൽ.എ. പുരുഷൻ കടലുണ്ടി പദ്ധതിക്ക് 50 ലക്ഷം രൂപ നീക്കിവെച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായിരുന്നില്ല.

ലക്ഷ്യം മികച്ച ടൂറിസംകേന്ദ്രം

കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ തൂക്കുപാലം, ഇരിപ്പിടങ്ങൾ, ലഘുഭക്ഷണശാല, ഏറുമാടം, ഫോട്ടോഷൂട്ട് സൗകര്യം, പരമ്പരാഗത ഉത്പന്ന വിപണനകേന്ദ്രം തുടങ്ങിയവ പാർക്കിൽ സജ്ജീകരിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. കരിയാത്തും പാറയ്ക്കും കക്കയത്തിനുമിടയിലുള്ള പ്രദേശമായതിനാൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും സാധിക്കുമായിരുന്നു.

ടൂറിസംരംഗത്തെ തൊഴിൽസാധ്യത മനസ്സിലാക്കി കക്കയം വനിതാ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉത്തരവാദിത്ത്വടൂറിസം മിഷൻ്റെ കീഴിൽ പദ്ധതിക്കായി രംഗത്തിറങ്ങിയിരുന്നു. 2019-ൽ ഇവരുടെ നേതൃത്വത്തിൽ വനിതകൾ അടിക്കാടുകൾ വെട്ടിയൊതുക്കി പാർക്കിന്റെ രൂപത്തിലാക്കിയിരുന്നെങ്കിലും വീണ്ടും കാടുകയറി കാട്ടുമൃഗങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്.

ടൂറിസംപദ്ധതി യാഥാർഥ്യമായാൽ പ്രദേശവാസികൾക്കും ആദിവാസി കുടുംബങ്ങൾക്കും ജോലിലഭിക്കാനും വന്യജീവി ശല്യത്തിൽനിന്ന് രക്ഷനേടാനും സാധിക്കും. ടൂറിസം പദ്ധതിയുടെ അനുമതിക്കായി നവകേരളസദസ്സിലും, വിവിധ ജനപ്രതിനിധികൾക്കും വനിതാസൊസൈറ്റി ഭാരവാഹികൾ പരാതിനൽകിയിട്ടുണ്ട്.

ഇരുട്ടുവീണാൽ പുറത്തിറങ്ങാൻ ഭയക്കും
രാത്രിയാവുന്നതോടെ കാട്ടുപന്നികൾ കൂട്ടത്തോടെയെത്തുന്നതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ഇഴജന്തുക്കളുടെ ശല്യവും അസഹ്യമാണ്. കാട്ടാനയും, കാട്ടുപോത്തുമെല്ലാം ഇടയ്ക്കിടയ്ക്ക് ഇല്ലിത്തോട്ടത്തിൽഎത്തന്നതും പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. പെരുമ്പാമ്പിന്റെ ശല്യമുള്ളതിനാൽ പ്രദേശവാസികൾക്ക് കോഴികളെ വളർത്താൻ പോലും സാധിക്കുന്നില്ല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി