പെരുവണ്ണാമൂഴിയിൽ മലയോര ഹൈവേ പ്രവൃത്തി അശാസ്ത്രീയമെന്ന് പരാതി
പാത വെള്ളക്കെട്ടാകുന്ന ഭാഗത്ത് വീണ്ടും റോഡ് താഴ്ത്തി നിർമിക്കുന്നതിനെതിരെ പരാതി.
✒️ജോബി മാത്യു
ചക്കിട്ടപാറ : പെരുവണ്ണാമൂഴി-ചക്കിട്ടപാറ - ചെമ്പ്ര മലയോര ഹൈവേ പ്രവൃത്തിയിൽ പെരുവണ്ണാമുഴി ഭാഗത്ത് അശാസ്ത്രീയമായി പണി നടക്കുന്നതായി പരാതി. മലയോര ഹൈവേയുടെ തുടക്കമായ പെരുവണ്ണാമൂഴി താഴത്തുവയലിൽ ജലസേചന വകുപ്പിന്റെ നീർപ്പാലത്തിന്റെ മേഖലയിലാണ് പ്രവൃത്തിയിൽ അപാകതയെന്ന് ആക്ഷേപം ഉയർന്നത്.
നീർപ്പാലത്തിന്റെ താഴ്ഭാഗം വർഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ടായി ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. ഈ ഭാഗത്ത് ഇപ്പോൾ ഹൈവേ നിർമാണത്തിൽ റോഡ് വീണ്ടും ഒന്നര മീറ്ററോളം താഴ്ത്തുകയാണ്.
വലിയ ലോറികൾ സഞ്ചരിക്കുമ്പോൾ നീർപ്പാലത്തിൽ സ്പർശിക്കാൻ സാധ്യത ഉള്ളതിനാൽ അപകട സാധ്യത ഒഴിവാക്കാനാണ് ഈ പ്രവൃത്തിയെന്നു അധികൃതർ പറയുന്നു.
എന്നാൽ റോഡ് വീണ്ടും താഴ്ത്തി നിർമിച്ചാൽ വെള്ളക്കെട്ടായി ഗതാഗത പ്രശ്നം രൂക്ഷമാകും. മഴക്കാലത്ത് ഈ മേഖലയിലെ റോഡുകളും തോടുകളും പൂർണമായും വെള്ളത്തിലാകുന്നതു പതിവാണ്. കൂടാതെ സമീപത്തെ തോടുകളിൽ നിന്നും വീണ്ടും റോഡിലേക്ക് ജലം ഒഴുകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.
നീർപ്പാലത്തിനു മേൽഭാഗത്ത് ഫ്ലൈഓവർ നിർമിക്കാൻ എസ്‌റ്റിമേറ്റ് തയാറാക്കി ഫണ്ട് വകയിരുത്തിയെന്ന് ആദ്യഘട്ടത്തിൽ കെആർഎഫ്‌ബി എൻജിനിയറിങ് വിഭാഗം അറിയിച്ചിരുന്നതായി പറയുന്നു. എന്നാൽ ഇപ്പോൾ ഫ്ലൈഓവർ പ്രവൃത്തി ഒഴിവാക്കിയാണ് റോഡ് പണി നടക്കുന്നത്.
മലയോര ഹൈവേക്ക് വേണ്ടി ഭൂമി സൗജന്യമായി വിട്ടു നൽകിയ ജനങ്ങൾക്ക് നീർപ്പാലത്തി നു അടിഭാഗത്ത് കൂടി പാത നിർമിച്ചാൽ വീണ്ടും കൂടുതൽ ദുരിതമായി മാറും.
ഫ്ലൈഓവർ നിർമിച്ച് റോഡ് പ്രവൃത്തി അധികൃതർ പൂർത്തികരിച്ചില്ലെങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് മെംബർ ജിതേഷ് മുതുകാട് അറിയിച്ചു.

Comments
Post a Comment