ക്യാമറക്കണ്ണിൽ കുടുങ്ങാതെ അജ്ഞാതജീവി; ഭീതിയൊഴിയാതെ കൂരാച്ചുണ്ട്; ശങ്കരവയൽ
✒️നിസാം കക്കയം
കൂരാച്ചുണ്ട്: ശങ്കരവയലിൽ അജ്ഞാതജീവി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന സംഭവത്തെത്തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ അഞ്ചുദിവസമായിട്ടും ചിത്രങ്ങളൊന്നും പതിഞ്ഞില്ല. ക്യാമറ പ്രവർത്തനരഹിതമായതിനെത്തുടർന്ന് വെള്ളിയാഴ്ച
പുതിയ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ശങ്കരവയൽ, പുളിവയൽ മേഖലകളിൽ ജീവിയെക്കണ്ട പ്രദേശത്താണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം രാത്രി നായയ്ക്കുനേരേ ആക്രമണമുണ്ടായ ഔസേപ്പുപറമ്പിൽ ഷാജുവിൻ്റെ വീടിനുസമീപമാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി രണ്ടു തവണ അജ്ഞാതജീവി വന്നിരുന്നതായി വീട്ടുകാർ പറഞ്ഞതനുസരിച്ച് ഉദ്യോഗസ്ഥർ ക്യാമറ പരിശോധിച്ചപ്പോഴാണ് പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത്.
ഈ മാസം തുടക്കത്തിലാണ് ശങ്കരവയലിൽ പുലിയെപ്പോലെ തോന്നുന്ന ജീവിയെ കണ്ടെന്ന അഭ്യൂഹം പരക്കുന്നത്.
റബ്ബർ ടാപ്പിങ് തൊഴിലാളിയായിരുന്നു ജീവിയെ കണ്ടത്. അതിനുശേഷവും ആളുകൾ പുലിയെപ്പോലെ തോന്നിക്കുന്ന ജീവിയെ കണ്ടെന്നു പറയുമ്പോഴും അത് പുലിയായിരിക്കില്ല, അതിനോട് സാമ്യമുള്ള കാട്ടുപൂച്ച വർഗത്തിൽപ്പെട്ട ഏതെങ്കിലും മൃഗമായിരിക്കാമെന്നാണ് വനവകുപ്പ് പറയുന്നത്. പ്രദേശത്ത് നായകൾക്കുനേരേ ആക്രമണം ഉണ്ടായതോടു കൂടിയാണ് ഏതു മൃഗമാണെന്നുറപ്പിക്കാൻ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചത്. ജീവിയേതാണെന്ന് വ്യക്തമായാൽ കൂടുവെച്ച് പിടികൂടാനാണ് ആലോചിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചയും റബ്ബർ ടാപ്പിങ് തൊഴിലാളി അജ്ഞാതജീവിയെ കണ്ട് ഭയന്നോടിയിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ജീവിയേതാണെന്നു പോലും ഉറപ്പിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിക്കാത്തതിൽ പ്രദേശത്ത് പ്രതിഷേധമുയരുന്നുണ്ട്.

Comments
Post a Comment