കടംവീട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി വിദ്യാർഥി; ചോദിച്ചത് അഞ്ച് ലക്ഷം, സംഭവം കോഴിക്കോട്.
കോഴിക്കോട്: സുഹൃത്തുക്കളിൽ നിന്ന് ബൈക്ക് കടംവാങ്ങിയതിനെ ചൊല്ലിയുണ്ടായ കടം തിരികെ നൽകാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി വിദ്യാർഥികൾ. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വ്യാഴാഴ്ച വൈകിയിട്ടായിരുന്നു സംഭവം നടന്നത്. പത്താംക്ലാസുകാരനായ വിദ്യാർഥി സ്കൂൾ വിട്ട് ഏറെ നേരം കഴിഞ്ഞും വീട്ടിലെത്താതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർഥിയുടെ വീട്ടിലെത്തി. ആ സമയത്ത് രക്ഷിതാക്കളുടെ മൊബൈലിൽ ഒരു ഫോൺ കോൾ വന്നു. "നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിലാണെന്നും വിട്ടുകിട്ടാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്നും' ആയിരുന്നു ഫോൺ വിളിച്ചവർ ആവശ്യപ്പെട്ടത്.
ഇതുസംബന്ധിച്ച് മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥികൾ നടത്തിയ നാടകം പൊളിയുന്നത്. വിദ്യാർഥി സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്നും ബൈക്ക് കടംവാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപ ഈ വിദ്യാർഥികൾക്ക് നൽകാനുണ്ട്.
സുഹൃത്തുക്കൾ ഈ പണം ആവശ്യപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു നാടകം നടത്തിയത്.
സംഭവത്തിൽ പരാതിയൊന്നുമില്ലാത്തതിനാൽ വിദ്യാർഥികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടിട്ടുണ്ട്. വിദ്യാർഥികൾക്ക് കൗൺസിൽ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Comments
Post a Comment