5 വർഷമായി ശമ്പളം കിട്ടാത്ത അധ്യാപിക ജീവനൊടുക്കിയ നിലയിൽ
വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്‌ഥയാണു മരണത്തിനു കാരണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
കട്ടിപ്പാറ: അഞ്ചു വർഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപികയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വളവനാനിക്കൽ ബെന്നിയുടെ മകളും കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂൾ' അധ്യാപികയുമായ അലീനയെ (30) ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ലഭിച്ച് 5 വർഷം കഴിഞ്ഞിട്ടും ജോലി സ്‌ഥിരപ്പെട്ടു ശമ്പളം ലഭിക്കാത്തതിൽ അലീന കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.
നസ്രത്ത് യുപി സ്കൂളിൽ നാലു വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ജൂണിലാണ് കോടഞ്ചേരി സ്കൂളിലേക്കു മാറിയത്. ഇന്നലെ സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് പ്രധാനാധ്യാപകൻ വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു.
തുടർന്നു നടത്തിയ പരിശോധ നയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം ഇന്നു നാലിനു തിരുക്കുടുംബ ദേവാലയത്തിൽ. അലീനയുടെ മരണത്തിൽ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.വിദ്യാഭ്യാസവകുപ്പിന്റെ അനാസ്ഥയാണു മരണത്തിനു കാരണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി. അലീനയ്ക്ക് മാനേജ്മെന്റ് നൽകിയത് സ്ഥിരനിയമനമാണെന്നും ഇതിനായി സംഭാവനയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഗിൽഡ് വ്യക്തമാക്കി .
വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും കാരണം വർഷങ്ങളായി നിയമനാംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് അലീനയെന്നും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മലബാർ മേഖലാ കമ്മിറ്റി പറഞ്ഞു.

Comments
Post a Comment