കക്കയം ഡാം സൈറ്റിൽ കാട്ടുപോത്തുകൾ വീണ്ടും
സൗരവേലി നിർമിക്കാത്തത് സുരക്ഷാപ്രശ്‌നമായി
✒️ ജോബി മാത്യു
കക്കയം: ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ കക്കയം ഡാം സൈറ്റ് മേഖലയിൽ വീണ്ടും കാട്ടുപോത്തുകൂട്ടം ഇറങ്ങിയതോടെ ഭീതി വർധിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഹൈഡൽ ടൂറിസ്‌റ്റ് കേന്ദ്രം പാർക്കിങ് ഏരിയയിലാണു കാട്ടുപോത്തുകൾ ഇറങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ടൂറിസ്‌റ്റുകൾ സഞ്ചരിക്കുന്ന ഭാഗത്തു കാട്ടുപോത്തുകൾ പകൽ സമയത്തും വന്നിരുന്നു. 2024 ജനുവരി 21നാണ് ഡാം സൈറ്റി ലെ ടൂറിസ്‌റ്റ് കേന്ദ്രം പാർക്കിൽ കാട്ടുപോത്ത് ആക്രമണത്തിൽ ടൂറിസ്‌റ്റ് സംഘത്തിലെ അമ്മ യ്ക്കും കുഞ്ഞിനും പരുക്കേറ്റത്. ജനങ്ങൾ സഞ്ചരിക്കുന്ന ഭാഗത്ത് വേനൽക്കാലത്ത് കാട്ടുപോത്തുകൾ എത്തുന്നത് പതിവാണ്. സൗരവേലി നിർമിക്കാത്തതാണു പ്രധാന പ്രശ്നം. മുൻപ് ഉണ്ടായിരുന്ന സൗരവേലി നശിച്ചിരുന്നു.
ടൂറിസ്‌റ്റുകളെ ആക്രമിച്ച സമയത്ത്, സൗരവേലി നിർമിക്കുമെന്ന് അധിക്യതർ അറിയിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. വനം വകുപ്പും, കെഎസ്ഇബിയും സൗരവേലി നിർമിച്ചാൽ പ്രശ്നപരിഹാരമാകും.
വനം വകുപ്പ് കൂടുതൽ വാച്ചർമാരെ നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പകൽ സമയത്ത് പട്രോളിങ് ശക്തമാക്കിയാൽ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാകുമെന്നും പറയുന്നു.
കഴിഞ്ഞ മാർച്ച് 5ന് കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കൃഷിയിടത്തിൽ കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചപ്പോൾ കാട്ടുപോത്ത് ഇറങ്ങുന്ന ഭാഗത്ത് ഉടൻ സൗരവേലി നിർമിക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചിരുന്നു. കക്കയം ഡാം സൈറ്റ് റോഡിലെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനു സമീപത്ത് വേലി പൂർത്തികരിക്കുമെന്ന വനം വകുപ്പ് പ്രഖ്യാപനം 10 മാസം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല.
അധികൃതരുടെ അനാസ്ഥയിൽ വീണ്ടും വന്യമൃഗ ആക്രമണം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ടൂറിസ്റ്റുകളും, നാട്ടുകാരും.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

Comments
Post a Comment