കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി മുസ്‌ലിംലീഗ്-കോൺഗ്രസ് തർക്കം.
![]() |
| നാലുവർഷം കഴിഞ്ഞാൽ പ്രസിഡന്റ് സ്ഥാനം ലീഗിന് നൽകണമെന്നു കാണിച്ച് ജില്ലാ കോൺഗ്രസ്-മുസ്ലിംലീഗ് നേതാക്കൾ ഒപ്പിട്ട കത്ത് |
മുന്നണിവിടാൻ ലീഗ് തീരുമാനം
✒️ നിസാം കക്കയം
കൂരാച്ചുണ്ട്: മുന്നണിധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്ലിംലീഗിന് നൽകാത്തതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ഭരിക്കുന്ന കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിൽ മുസലിംലീഗ്-കോൺഗ്രസ് തർക്കം പുതിയ തലത്തിൽ. നാലുവർഷം കഴിഞ്ഞാൽ മുസ്‌ലിംലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് കൈമാറണമെന്നാണ് നേരത്തേയുണ്ടായിരുന്ന ധാരണയെന്ന് മുസ്‌ലിംലീഗ് നേതാക്കൾ പറയുന്നു. ഇത് പ്രാവർത്തികമാകാത്തതിൽ പ്രതിഷേധിച്ച് ജനുവരി 14 ചൊവ്വാഴ്ച മുതൽ പഞ്ചായത്തിൽ കോൺഗ്രസുമായുള്ള മുഴുവൻ ബന്ധവും ഉപേക്ഷിക്കുകയാണെന്ന് ലീഗ് നേതാക്കൾ അറിയിച്ചു.
നാലുവർഷമായി കോൺഗ്രസ് അംഗമായ പോളി കാരക്കടയാണ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്. ഡിസംബറിൽ നാലുവർഷം പൂർത്തിയായതോടെ ലീഗ് നേതൃത്വം പ്രസിഡൻ്റ് പദവിക്ക് ആവശ്യമുന്നയിച്ചെങ്കിലും കോൺഗ്രസ് പ്രാദേശിക നേതൃത്വം അംഗീകരിച്ചിരുന്നില്ല. ജില്ലാ-നിയോജകമണ്ഡലം യു.ഡി.എഫ്. നേതൃത്വം ഇടപെട്ട് വിഷയം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതിൻറെ അടിസ്ഥാനത്തിൽ
ലീഗ് പ്രാദേശികനേതൃത്വം കടുത്ത തീരുമാനങ്ങളെടുത്തിരുന്നില്ല. ഡിസംബർ 31-നു മുൻപ് വിഷയം പരിഹരിക്കുമെന്ന പ്രതീക്ഷയും നടത്താതിരുന്നതോടെ പരസ്യ പ്രതികരണവുമായി ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. ജില്ലാനേതൃത്വങ്ങൾ തമ്മിൽ ധാരണയിലെത്തിയതി ന്റെ രേഖയായി മിനിറ്റ്സ് പകർപ്പും ലീഗ് നേതാക്കൾ പുറത്തു വിട്ടിരുന്നു.
ജനുവരി ഒന്നിന് മുന്നണിബന്ധം വിടാൻ തീരുമാനിച്ചപ്പോൾ ജനുവരി അഞ്ചിനകം ഉചിതമായ പരിഹാരംകാണുമെന്ന് ജില്ലാനേതൃത്വം ഉറപ്പുനൽകിയിരുന്നു. എന്നാൽ, നാളിതുവരെ ധാരണ പാലിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകാത്തതിനാലാണ് കോൺഗ്രസുമായുള്ള മുഴുവൻ ബന്ധവും ഉപേക്ഷിക്കുന്നതെന്ന് മുസ്‌ലിം ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് .എസ്. ഹമീദ്, ജനറൽസെക്രട്ടറി ഒ.കെ. നവാസ്, ട്രഷറർ അസീസ് വട്ടുകുനി എന്നിവർ അറിയിച്ചു.
ഭരണം പ്രതിസന്ധിയിൽ
കൂരാച്ചുണ്ട് : 2020-ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 13 സീറ്റിൽ എട്ടുസീറ്റിലാണ് യു.ഡി.എഫ്. വിജയിച്ചിരുന്നത്. അതിൽ കോൺഗ്രസ് ആറുസീറ്റിലും മുസ്‌ലിംലീഗ് ഒരുസീറ്റിലും യു.ഡി.എഫ്. സ്വതന്ത്രൻ ഒരുസീറ്റിലുമായിരുന്നു ജയിച്ചിരുന്നത്.
എൽ.ഡി.എഫിൽ സി.പി.എമ്മും കേരള കോൺഗ്രസും രണ്ടുസീറ്റിലും വിജയിച്ചിരുന്നു. പഞ്ചായത്തിലെ ആറാം വാർഡിൽ സ്വതന്ത്രസ്ഥാനാർഥി അരുൺ ജോസിനായിരുന്നു വിജയം.
തിരഞ്ഞെടുപ്പു ഫലം വന്ന സമയത്തും യു.ഡി.എഫിന് ഭരണം നേടാൻ സാധിക്കാത്ത വിധം കോൺഗ്രസ്-ലീഗ് തർക്കം രൂക്ഷമായിരുന്നു. ജില്ലാകമ്മിറ്റി ഇടപെട്ട് വിഷയം പരിഹരിച്ചാണ്. കോൺഗ്രസ് അംഗം പ്രസിഡൻറായി ഭരണത്തിന് കളമൊരുങ്ങിയത്.
മുസ്‌ലിംലീഗ് മുന്നണി വിടുന്ന തോടെ ഭരണത്തെ അനുകൂലിക്കുന്നവർ ആറ് സീറ്റിലേക്കൊതുങ്ങുന്നതോടെ ഭരണം പ്രതിസന്ധിയിലാകും. മുസ്‌ലിംലീഗ് മുന്നണി വിട്ട് എതിർ പാളയത്തിലേക്കെത്തിയാൽ പഞ്ചായത്ത് ആര് ഭരിക്കണമെന്ന കാര്യത്തൽ സ്വതന്ത്രൻറെ നിലപാടാണ് നിർണായകമാവുക.

Comments
Post a Comment