കൂരാച്ചുണ്ട് അവിശ്വാസം: അനുകൂലമായി വോട്ട് ചെയ്യാൻ കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസിയുടെ വിപ്പ്



✒️ ജോബി മാത്യു 

 

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്പോളി കാരക്കടയ്ക്ക് എതിരെ മുസ്‌ലിം ലീഗ് -എൽഡിഎഫ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസപ്രമേയം 27 ന് ചർച്ച ചെയ്യാനിരിക്കെ അവിശ്വാസത്തിന് കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചു. അവിശ്വാസപ്രമേയ ചർച്ചയിൽ സിപിഎം പിന്തുണയോടെ മുസ്‌ലിം ലീഗ് കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ നിർദ്ദേശിച്ചു. ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ ഇത് സംബന്ധിച്ച് 5 കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകി.

ഇടതുപക്ഷ പിന്തുണയോടെ ലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് പിന്തുണയ്ക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

ഇതോടെ 13 അംഗ ഭരണസമിതിയിൽ പ്രസിഡന്റ് ഒഴികെ ബാക്കി എല്ലാ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാൻ വഴിതെളിഞ്ഞു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ മുൻ ധാരണ പ്രകാരം കോൺഗ്രസിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഡിസംബർ 30 ന് രാജിവയ്ക്കാത്തതിനെ തുടർന്ന് ജനുവരി 14 ന് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

മുസ്ലിം ലീഗിന് അവസാനത്തെ ഒരു വർഷം പ്രസിഡന്റ് സ്ഥാനം വിട്ടു നൽകാത്തതാണ് വിവാദമായത്.
മുസ്ല‌ിം ലീഗ് സിപിഎമ്മുമായി ചേർന്നുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനു വിപരീതമായി ഡിസിസി ഇപ്പോൾ നിലപാട് സ്വീകരിച്ചത് വിവാദം ഉയർത്തുന്നുണ്ട്.

അവിശ്വാസത്തെ കോൺഗ്രസ് അനുകൂലിക്കാൻ തീരുമാനിച്ചതിൽ യുഡിഎഫ് മുന്നണി സംവിധാനം നിലനിർത്താനുള്ള ശ്രമമാണെന്നും വാദഗതി ഉയരുന്നുണ്ട്. അവിശ്വാസത്തിനു ശേഷം കോൺഗ്രസിലെ 5 അംഗങ്ങളും ലീഗിലെ 2 അംഗങ്ങളും ചേർന്ന് പഞ്ചായത്ത് ഭരണം യുഡിഎഫിനു നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ എൽഡിഎഫിന്റെയും സ്വതന്ത്രന്റെയും പിന്തുണയില്ലാതെ തന്നെ യുഡിഎഫ് ഭരണം തുടരാൻ കഴിയുമെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം കരുതുന്നത്.

വർഷങ്ങളായി കോൺഗ്രസിന്റെ കൈവശമുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിന് വിട്ടു നൽകില്ലെന്നു പോളി കാരക്കട ഉറച്ച നിലപാട് സ്വീകരിച്ചതാണ് പ്രശ്നമായത്. യുഡിഎഫ് മുന്നണി സംവിധാനം തകർന്നാലും കോൺഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വാദിച്ചതോടെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം വെട്ടിലായത്. സിപിഎമ്മുമായി ചേർന്ന് അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാൻ ഡിസിസി പ്രസിഡന്റ് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾക്ക് വിപ്പ് നൽകിയതിൽ കോൺഗ്രസ് പാർട്ടിയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി