ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പ്




കോഴിക്കോടൻ ഹൽവ നൽകി സ്വീകരിച്ച് നാട്ടുകാർ

കയ്യടി നേടി സംഘാടന മികവ്
 
 ചാമ്പ്യൻഷിപ് ഏറ്റെടുത്ത് അമേരിക്കൻ മലയാളി

✍🏿നിസാം കക്കയം

കോഴിക്കോടൻ ഹൽവ നൽകി സ്വീകരിച്ച് നാട്ടുകാർ'

കൂരാച്ചുണ്ട്: നിരവധി ദേശീയ- അന്തർദേശീയ കായിക താരങ്ങളെ വാർത്തെടുത്ത മലയോര കുടിയേറ്റ ഗ്രാമമായ കല്ലാനോടിലേക്ക് ആദ്യമായെത്തിയ സംസ്ഥാന ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിനെ മലയോര ജനത ആവേശത്തോടെയാണ് വരവേറ്റത്.  29-)മത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായെത്തിയ അറുനൂറിലധികം കായിക താരങ്ങളെയും  ഒഫീഷ്യലുകളെയും കോഴിക്കോടൻ രുചിയുടെ  പര്യായമായ കോഴിക്കോടൻ ഹൽവ നൽകിയാണ് ജനപ്രതിനിധികളും, സംഘാടകരും നാട്ടുകാരും വരവേറ്റത്.

ചാമ്പ്യൻഷിപ് ഏറ്റെടുത്ത് അമേരിക്കൻ മലയാളി

സാധാരണ ഗതിയിൽ നഗര മേഖലകൾ കേന്ദ്രീകരിച്ചു നടക്കുന്ന ക്രോസ്കൺട്രി ചാമ്പ്യൻഷിപ് ഏറ്റെടുത്തത് കല്ലാനോട്‌ സെയ്ന്റ് മേരീസ് സ്കൂൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സെയ്‌ന്റ് മേരീസ് സ്പോർട്സ് അക്കാദമിയാണ്. കായിക താരങ്ങളും, ഒഫീഷ്യലുകളും സംഘാടകരുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തുന്ന എഴുന്നൂറോളം ആളുകൾക്കുള്ള താമസവും, ഭക്ഷണവും ഉൾപ്പടെയുള്ള മുഴുവൻ കാര്യങ്ങൾക്കും ആവശ്യമായ ഫണ്ട് കണ്ടെത്തൽ സ്‌പോർട്സ് അക്കാദമിയുടെ ഉത്തരവാദിത്വമായിരുന്നു. സർക്കാർ തലത്തിൽ ഫണ്ടില്ലാത്തതിൽ പ്രാദേശികമായി പിരിവ് നടത്താനായിരുന്നു സംഘാടക സമിതിയുടെ ആലോചന. എന്നാൽ ചാമ്പ്യൻഷിപ്പിനെ കുറിച്ചറിഞ്ഞ അമേരിക്കൻ പ്രവാസി മലയാളിയും കല്ലാനോട്‌ സ്വദേശിയുമായ ബോസ് പള്ളിവാതുക്കൽ ചാമ്പ്യൻഷിപ്പിന് നടത്താൻ വരുന്ന ചെലവ് ഏറ്റെടുക്കാൻ തയ്യാറാവുകയായിരുന്നു. 

കല്ലാനോട്‌ പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രത്തിന് സൗജന്യമായി സ്ഥലം നൽകിയതുൾപ്പടെ കല്ലാനോട്‌ പ്രദേശത്തെ നിരവധി വികസന - ജീവകാരുണ്യ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പിന്തുണയുമായി മുന്നിലുള്ള വ്യക്തിയാണ് ഇദ്ദേഹം.


കയ്യടിനേടി സംഘാടക മികവ്

ഒരു പോരായ്മയും ഇല്ലാതെയാണ് 29-ാ മത് സംസ്ഥാന ക്രോസ്കൺട്രി മത്സരം കല്ലാനോട് സമാപിച്ചത്. മുൻ കാലങ്ങളിൽ പല ജില്ലകളിലും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവരും, നേതൃത്വം നൽകിയവരും ഒരേ സ്വരത്തിൽ പറഞ്ഞതും ചാമ്പ്യൻഷിപ്പിന്റെ സംഘാടക മികവിനെ പറ്റിയാണ്. നാട്ടുകാരുടെയും, ജനപ്രതിനിധികളുടെയും, സ്‌പോർട്സ് അക്കാദമിയുടെയും, സ്കൂൾ അധികൃതരുടെയും കൂട്ടായ പ്രവർത്തനമാണ് ചാമ്പ്യൻഷിപ് വിജയത്തിന് കാരണം. സ്വാഗതസംഘം രൂപീകരണ ദിവസം മുതൽ തന്നെ ചാമ്പ്യൻഷിപ് ചരിത്ര സംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു. 

ലോഗോ പ്രകാശനം, ഓർമ്മ മരം നടൽ, ഫ്ലാഷ്‌ മോബ്, ഫ്യൂഷൻ വിത്ത് കളേഴ്സ്, പോസ്റ്റർ പ്രകാശനം, വോൾ ഓഫ് ഹാർമണി തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ചാമ്പ്യൻഷിപ്പിന്റ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കല്ലാനോടെത്തിയ കായിക തരങ്ങൾക്ക് കുറ്റമറ്റ രീതിയിലാണ് താമസ-ഭക്ഷണ സൗകര്യങ്ങൾ തയ്യാറാക്കിയിരുന്നത്. സെന്റ് മേരീസ്‌ ഹൈസ്കൂൾ ബാൻഡ് സെറ്റ് ടീമിന്റെ അകമ്പടിയോടെ 
വിശിഷ്ടാതിഥികളെ സ്വീകരിച്ചു. എസ്.പി.സി അംഗങ്ങൾ ഗാർഡ് ഓഫ് ഹോണർ നൽകി.  വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, മ്യൂസിക് പ്രോഗ്രാം എന്നിവയും ഉണ്ടായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി