കല്ലാനോട് പന്തുരുണ്ടു ഇനി കാൽപ്പന്തുകളിയുടെ ആവേശം
കൂരാച്ചുണ്ട്: കുടിയേറ്റത്തിന്റെ ചൂടും ചൂരും ആവേശ മുയർത്തുന്ന മലയോര ഗ്രാമത്തിൽനിന്ന് ഉയർന്നുകേൾക്കുന്നത് കാൽപ്പന്തുകളിയുടെ ആരവാവേശം. കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച ഫാ. ജോർജ് വട്ടുകുളത്തിലച്ചന്റെയും കുടിയേറ്റ ജനതയുടെയും സ്മരണകൾ പുതുക്കി 39-ാം ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. കല്ലാനോട് സെയ്ന്റ് മേരീസ് ഹൈസ്കൂളിന്റെ ബാൻഡ് സെറ്റ് ടീമിന്റെ അകമ്പടിയോടെ ടൂർണമെന്റിന് മുന്നോടിയായി നടത്തിയ ഘോഷയാത്ര ശ്രദ്ധേയമായി.
താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ടൂർണമെന്റ് ഉദ്ഘാടനംചെയ്തു. ജിനോ ചുണ്ടയിൽ അധ്യക്ഷതവഹിച്ചു. കൂരാച്ചു ണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സിമിലി ബിജു, ജെസി ജോസഫ്, ഡാർളി പുല്ലംകുന്നേൽ, ടൂർണമെന്റ് സെക്രട്ടറി അനു കടുകൻമാക്കൽ ബിന്ദു മേരി പോൾ, സജി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. വ്യാഴാഴ്ചനടന്ന മത്സരത്തിൽ 'ബ്ലാക്സൺസ് തിരുവോ ടി'നെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി 'ഫോസ ന്യൂ സോക്കർ ഫറോക്ക്' ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ എം.വൈ. സി. കക്കയം എഫ്.സി. അരീക്കോടുമായി ഏറ്റുമുട്ടും. ഫെബ്രുവരി രണ്ടിനുനടക്കുന്ന ഫൈനൽ മത്സരത്തിൽ
മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയൻ മുഖ്യാതിഥിയാകും. ഫാ. ജോർജ് വട്ടുകുളം സ്മാരക എവർ റോളിങ് ട്രോഫിയും 1,00,001 രൂപയുമാണ് ഒന്നാം സമ്മാനം. ആഗസ്തി അബ്രഹാം കടുകൻമാക്കൽ എവർ റോളിങ് ട്രോഫിയും 50,001 രൂപയുമാണ് രണ്ടാംസമ്മാനം.
വൈദികന്റെ സ്‌മരണയിൽ
1957 മുതൽ 67 വരെ തുടർച്ചയായി പത്തുവർഷം കല്ലാനോട് സെൻ്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. ജോർജ് വട്ടുകുളത്തിന്റെ സ്മരണാർഥമാണ് ടൂർണമെന്റ്റ് നടന്നുവരുന്നത്. ഫാ. സെബാസ്റ്റ്യൻ പൂക്കളം സെയ്ൻറ് മേരീസ് പള്ളി വികാരിയായിരിക്കുമ്പോൾ 1988-ലാണ് വട്ടുകുളത്തച്ചന്റെ ഓർമ്മയ്ക്കായി ഇലവൻസ് ഫുട്ബോൾ ടൂർണമെൻറ് ആരംഭിക്കുന്നത്.
കല്ലാനോട് കടുകന്മാക്കൽ ആഗസ്തി അബ്രഹാമിന്റെ പേരിലാണ് വട്ടുകുളം ഫുട്ബോൾ ടൂർണമെൻറിലെ റണ്ണേഴ്‌സ് അപ്പ് ട്രോഫിയുള്ളത്. മുൻകാല കുടിയേറ്റകർഷകരിൽ പ്രമുഖനായ ഇദ്ദേഹത്തിന്റെ ഓർമ്മനില നിർത്താനായി 1984-ലാണ് എവർ റോളിങ് ട്രോഫി ഏർപ്പെടുത്തിയത്.


Comments
Post a Comment