അച്ചാർ കമ്പനിക്ക് ശാപമോക്ഷം കിട്ടുമോ...? പ്രതീക്ഷയോടെ സ്ത്രീസംരംഭകർ



✒️നിസാം കക്കയം

കൂരാച്ചുണ്ട്: ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡിലെ മണ്ണു പൊയിലിൽ വനിതാ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെ ഉപയോഗശൂന്യമായി നശിക്കുന്ന കെട്ടിടം നവീകരിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായിട്ടും പ്രവൃത്തിക്ക് വേഗമില്ലാത്തതിനാൽ പദ്ധതി ഉദ്ഘാടനം വൈകുന്നു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വർഷങ്ങൾക്ക് മുൻപ് പണി കഴിപ്പിച്ച എസ്. ജി.എസ്.വൈ. കെട്ടിടം പിന്നീട് കാട് കയറി നശിക്കുകയായിരുന്നു. വനിതാ ഭക്ഷ്യസംസ്കരണ കേന്ദ്രമായാണ് ഈ കെട്ടിടം പ്രവർത്തിച്ചിരുന്നത്. വ്യത്യസ്ത തരം അച്ചാറുകൾ, സ്ല്വാഷ് തുടങ്ങിയവ നിർമിച്ച് വിപണിയി ലെത്തിച്ചിരുന്നു. അങ്ങനെയാണ് ഈ കെട്ടിടം ഉൾകൊള്ളുന്ന സ്ഥലത്തിന് അച്ചാർ കമ്പനിയെന്നപേര് ലഭിക്കുന്നത്. കുറച്ച് കാലം നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അച്ചാർ നിർമാണം നിലയ്ക്കുകയും കൃത്യമായ ഇടപെടലുകളും മെയിൻ്റനൻസും നടക്കാതിരിക്കുകയും ചെയ്തതു കൊണ്ട് വർഷങ്ങളായി കാടു പിടിച്ച് കെട്ടിടം നശിക്കുകയായിരുന്നു.

ഭക്ഷ്യ സംസ്കരണ കേന്ദ്രം നശിപ്പിക്കാതെ സൗകര്യങ്ങൾ ഉൾപ്പെടുത്തി തൊഴിൽ യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, വൈസ് പ്രസിഡൻ്റ് ടി.എം. ശശി, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഹസീന എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു.

2021-22 ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 5 ലക്ഷംരൂപ വകയിരുത്തിയാണ് കെട്ടിട നവീകരണ പ്രവൃത്തി ആരംഭിച്ചത്. ബാക്കിയുള്ള പണികൾകൂടി

എത്രയും വേഗം പൂർത്തീകരിച്ച് സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം ഒരുക്കിയാൽ ഒട്ടേറെ തൊഴിൽരഹിതരായ സ്ത്രീകൾക്ക് വരുമാന മാർഗമായി ഈ കെട്ടിടത്തെ ഉപയോഗപ്പെടുത്താൻ സാധിക്കും.

ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു

നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ഭക്ഷ്യ സംസ്കരണകേന്ദ്രം 25 വർഷത്തിലധികമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തിൻ്റെ നവീകരണ പ്രവൃത്തികൾ എല്ലാംകഴിഞ്ഞ് ഉദ്ഘാടന ത്തിന് തയ്യാറെടുക്കുകയാണ്. അഞ്ച് സ്ത്രീകളെ ഉൾപ്പെടുത്തി പുതിയൊരു സംരംഭം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ജോലികൾകൂടി പൂർത്തീകരിക്കാൻ ബാക്കിയുണ്ട്. മുഴുവൻ പണികളും എത്രയും വേഗത്തിൽ പൂർത്തീകരിച്ച് സ്ത്രീ സംരംഭകർക്ക് തൊഴിലവസരം സൃഷ്ടിക്കാൻ തുറന്ന് കൊടുക്കും

വി.കെ. ഹസീന (ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം)

നടപടികൾ വേഗത്തിലാക്കണം

ഭക്ഷ്യസംസ്കരണ കേന്ദ്ത്തിൻ്റെ നവീകരണപ്രവൃത്തി പൂർത്തീകരിച്ചാൽ തൊഴിലവസരങ്ങൾ വർധിക്കും. നിലവിൽ തൊഴിലുറപ്പ് പണികൾ ഉൾപ്പടെ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷയോടെയാണ് നവീകരണ പ്രവൃത്തികളെ നോക്കിക്കാണുന്നത്.

മറിയാമ്മ കുര്യാക്കോസ് (കുടുംബശ്രീ പ്രവർത്തക)

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി