കല്ലാനോട് ജൂബിലി സ്റ്റേഡിയം
(നാട്ടുകാർ സ്റ്റേഡിയം നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നതാണ് ഇതോടൊപ്പമുള്ള ഫോട്ടോ.)
കൂരാച്ചുണ്ട്: കല്ലാനോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് ജൂബിലി സ്റ്റേഡിയം. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഗ്രാമീണ സ്റ്റേഡിയമാണിതെന്ന പ്രത്യേകതയുമുണ്ട്. മലയോര കുടിയേറ്റ ജനതയുടെ നിശ്ചയദാർഡ്യവും ദീർഘവീക്ഷണവുമാണ് ഇത്തരമൊരു സ്റ്റേഡിയം കായിക പ്രേമികൾക്ക് സമ്മാനിച്ചത്.
1957 - 1967 കാലഘട്ടത്തിൽ കല്ലാനോട് സെൻറ് മേരീസ് പള്ളിവികാരി ആയിരുന്ന വട്ടുകുളത്തച്ചനാണ് സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തി പ്രാഥമിക പണികൾ തുടങ്ങിയത്. തേനമാക്കൽ ആഗസ്തി, എടമനശ്ശേരി മത്തായി, നെടുവേലി പാപ്പു എന്നിവരിൽ നിന്നാണ് ആവശ്യമായ രണ്ടേക്കർ സ്ഥലം വാങ്ങിയത്. വെള്ളക്കുഴിയും പാറക്കെട്ടുമായിരുന്ന സ്ഥലം മണ്ണിട്ട് നികത്തി പാകപ്പെടുത്തി. മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനവും ക്രമീകരിച്ചു.
ഫാ.ജേക്കബ് നരിക്കുഴി ഗ്രൗണ്ട് വലിപ്പം കൂട്ടി ഫുട്ബോൾ കളിക്ക് അനുയോജ്യമാക്കി. 1968ൽ തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. മലബാർ കുടിയേറ്റ രജത ജൂബിലി സ്മാരകമെന്ന നിലയ്ക്കാണ് ആ പേര് ലഭിച്ചത്. കുര്യാക്കോസ് ചേംബ്ലാനിയച്ചന്റെ കാലത്ത് തിരുനാളിനോട് അനുബന്ധിച്ച് സ്റ്റേഡിയത്തിൽ വി.വി.എം. ഫുട്ബോൾ ടൂർണമെൻറ് ആരംഭിച്ചു.
എ.സി. ഷൺമുഖദാസ് കായിക മന്ത്രിയായിരിക്കെ ലഭിച്ച ഒരു ലക്ഷം രൂപയുടെ ഗ്രാൻറ് ഉപയോഗിച്ച് കിഴക്ക് - തെക്ക് - വടക്ക് ഭാഗങ്ങളിൽ സ്ഥിരമായ കോൺക്രീറ്റ് ഗാലറി നിർമിച്ചു. വട്ടുകുളത്തച്ചൻ സ്മാരക പവിലിയനും പൂർത്തിയാക്കി. 1982ൽ കായികമന്ത്രി ഉമ്മൻ ചാണ്ടി ഇവയുടെ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര ഫണ്ടുപയോഗിച്ച് പടിഞ്ഞാറ് ഭാഗത്ത് ഗാലറി ഉണ്ടാക്കിയത് 1985ലാണ്.
1987ൽ 12000പേർക്ക് ഇരുന്ന് കളികാണാൻ സൗകര്യമുള്ള ആദ്യത്തെ ഗ്രാമീണ സ്റ്റേഡിയം മന്ത്രി നീലലോഹിതദാസ് നാടാർ നാടിനു സമർപ്പിച്ചു. സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പടക്കം നിരവധി കായിക മത്സരങ്ങൾക്ക് ഈ മൈതാനം വേദിയായിട്ടുണ്ട്. ഒളിമ്പ്യൻ മയൂഖ ജോണിയും, ഇന്ന് ടീം അംഗങ്ങളെ പരിചയപ്പെട്ട അർജുൻ ബാലകൃഷ്ണനും, ജൂനിയർ ഇന്ത്യൻ വനിത ഫുട്‌ബോൾ ടീം അംഗം ഷിൽജി ഷാജിയും ഉൾപ്പടെ നിരവധി താരങ്ങൾ കളിച്ചുവളർന്ന മൈതാനം ശ്രദ്ധയാകർഷിച്ചത് ഫാ. വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റോടെയാണ്.
📸 സേവ്യർ വാഴപ്പിള്ളി,
✒️ സന്ദീപ് കളപ്പുരയ്ക്കൽ



Comments
Post a Comment