വൈദികന്റെ സ്മരണ നിലനിർത്താൻ ആരംഭിച്ച ഫുട്‌ബോൾ ടൂർണമെന്റിന് 39-ന്റെ ചെറുപ്പം




ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം 

✒️നിസാം കക്കയം

കൂരാച്ചുണ്ട് : മലയോര ഗ്രാമമായ കൂരാച്ചുണ്ടിൽ ഇനി കാൽപ്പന്തുകളിയുടെ ആരവാവേശം. കുടിയേറ്റ ഗ്രാമമായ കല്ലാനോടിന്റെ പുരോഗതിയിൽ സുപ്രധാന പങ്ക് വഹിച്ച ഫാ.ജോർജ് വട്ടുകുളത്തിലച്ചന്റെയും, കുടിയേറ്റ ജനതയുടെയും സ്മരണ പുതുക്കിയാണ് 39-)മത് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന് ഇന്ന് വൈകീട്ട് 4.30ന് തുടക്കമാവുന്നത്. 

1957 മുതൽ 67 വരെ തുടർച്ചയായി പത്ത് വർഷക്കാലം കല്ലാനോട്‌  സെയ്ന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ.ജോർജ് വട്ടുകുളത്തിന്റെ സ്മരണാർഥമാണ് ടൂർണമെന്റ് നടന്ന് വരുന്നത്. ഫാ. സെബാസ്റ്റ്യൻ പൂക്കളം സെൻറ് മേരീസ് പള്ളി വികാരി ആയിരിക്കുമ്പോൾ 1983ലാണ് വട്ടുകുളത്തച്ചന്റെ ഓർമയ്ക്കായി ഇലവൻസ് ഫുട്ബോൾ ടൂർണമെൻറ് ആരംഭിക്കുന്നത്.
 കല്ലാനോട്ട് ഇന്നുള്ള പള്ളിയുടെ രൂപരേഖ നിർദേശിച്ചതും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവെച്ചതും അച്ചനാണ്. കൂടുതൽ സ്ഥലം വാങ്ങി പള്ളിപറമ്പ് വിസ്തൃതമാക്കുന്നതിനും കൃഷിയാരംഭിക്കുന്നതിനും അച്ചൻ മുൻകൈയെടുത്തു.

 അച്ചൻ നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് കല്ലാനോട്  ഹൈസ്കൂൾ അനുവദിച്ചു കിട്ടിയത്. കേരളത്തിലെ ആദ്യത്തെ ഗ്രാമീണ സ്റ്റേഡിയമെന്ന് അറിയപ്പെടുന്ന ജൂബിലി സ്റ്റേഡിയത്തിനു വേണ്ടി സ്ഥലം കണ്ടെത്തിയ വട്ടുകുളത്തച്ചൻ കായിക മേഖലയോട് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു.

തിരുഹൃദയമഠം, സർവീസ്  സഹകരണ ബാങ്ക്, ചൂരൽ സൊസൈറ്റി, പോസ്റ്റോഫീസ് എന്നിവ ആരംഭിക്കുന്നതിൽ വട്ടുകുളത്തച്ചൻ വഹിച്ച നേതൃത്വപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല.
1967ൽ അച്ചൻ വയനാട്ടേക്ക് സ്ഥലം മാറിപ്പോയി. കാഞ്ഞങ്ങാടിനടുത്ത് കൊട്ടോടി സെൻറ് സേവ്യർ പള്ളി വികാരി ആയിരിക്കുമ്പോൾ 1970 ഓഗസ്റ്റ് 28ന് മരണമടഞ്ഞു. വൈദികന്റെ സ്മരണ നിലനിർത്താൻ നടക്കുന്ന ഏറ്റവും പഴക്കമുള്ള ടൂർണമെന്റെന്ന നിലയിൽ പ്രസിദ്ധമാണ് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റ്.

ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബ്ലാക്സൺസ് തിരുവോട് ഫോസ ന്യൂ സോക്കർ ഫറോക്കുമായി ഏറ്റുമുട്ടും. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി