കൂരാച്ചുണ്ടിലെ രാഷ്ട്രീയപ്രതിസന്ധി അവിശ്വാസപ്രമേയ ചർച്ച 27-ന്



✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  യു.ഡി.എഫ്. ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തിൽ എൽ.ഡി.എഫ്. അംഗങ്ങളുടെ പിന്തുണയോടെ മുസ്‌ലിം ലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഈമാസം 27-ന് ചർച്ചയെടുക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയ്ക്കുനേരേയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.

എൽ.ഡി.എഫ്. അംഗങ്ങങ്ങളായ നാലുപേർക്കൊപ്പം, ഒരു മുസ്ല‌ിംലീഗ് പ്രതിനിധി, ഒരു യു.ഡി.എഫ്. സ്വതന്ത്രൻ, ഒരു സ്വതന്ത്രൻ എന്നിവർചേർന്നാണ് നോട്ടീസ് നൽകിയത്. സി.പി. എം. പ്രാദേശിക നേതൃത്വത്തിൻ്റെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം.

മുന്നണിതീരുമാനം ലംഘിച്ച് പ്രസിഡന്റ് പദവിയിൽത്തുടർന്ന കോൺഗ്രസ് അംഗമായിരുന്ന കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ ചൊവ്വാഴ്ച ഡി.സി.സി. പ്രസിഡന്റ് പ്രവീൺകുമാർ പാർട്ടിയിൽനിന്ന് സസ്പെൻഡു ചെയ്തിരുന്നു. ജില്ലാനേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കാത്ത മണ്ഡലം പ്രസിഡന്റ് ജോൺസൻ താന്നിക്കലിനെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. രാജിവെക്കാൻ അന്ത്യശാസനം നൽകിയിട്ടും സ്ഥാനമൊഴിയാത്തതിനെ ത്തുടർന്നായിരുന്നു നടപടിയെടുത്തതെങ്കിലും പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാൻ തയ്യാറായിരുന്നില്ല.

നടപടി പിൻവലിക്കണമെന്ന് കോൺഗ്രസ് ഭാരവാഹികൾ

കൂരാച്ചുണ്ട് പഞ്ചായത്ത് യു.ഡി.എഫ്. ഭരണസമിതിയിലുള്ള മുസ്‌ലിംലീഗ് മുന്നണിവിട്ട് എൽ.ഡി.എഫിനൊപ്പം ചേർന്ന് അവിശ്വാസത്തിന് നോട്ടീസുകൊടുത്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കടയ്ക്കും, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോൺസൺ താന്നിക്കലിനും എതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റി എടുത്ത തീരുമാനം പിൻവലിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലെ ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ്  സുനീർ പുനത്തിൽ, മണ്ഡലം സെക്രട്ടറിമാരായ ഷാജി ഒറ്റ പ്ലാക്കൽ, സിബി കാരക്കട എന്നി വർ വാർത്താസമ്മേളനം വിളിച്ചാണ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് ബ്ലോക്ക് സെക്രട്ടറിമാരായ ജോൺസൻ കക്കയം, ബിജു മാണി എന്നിവരും ഡി.സി. സി. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗത്തിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണവും നടക്കുന്നുണ്ട്.

കോൺഗ്രസ് നിലപാട് തിങ്കളാഴ്‌ച

മുസ്‌ലിംലീഗും, എൽ.ഡി.എഫും ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് കൊണ്ടുവന്ന സാഹചര്യത്തിൽ എന്തുനിലപാട് സ്വീകരിക്കണമെന്നതിൽ കോൺഗ്രസ് നേതൃത്വം തിങ്കളാഴ്ച തീരുമാനമെടുക്കും. ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, വാർഡ് പ്രസിഡന്റുമാർ, മണ്ഡലം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ ജില്ലാ-ബ്ലോക്ക് കോൺഗ്രസ് നേതാക്കളും പങ്കെടുക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി