വട്ടുകുളാരവാവേശം_2025..⚽ 'അരീക്കോടിനെ വന്ന വഴിക്ക് വിട്ട് കക്കയത്തിന്റെ കുതിപ്പ്'







MATCH_NO_2... ⚽

 ✒️നിസാം കക്കയം 

കൂരാച്ചുണ്ട് : 39-മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിലെ രണ്ടാം പ്രീ ക്വാർട്ടർ ഫൈനലിൽ പ്രാദേശിക കൊമ്പൻമാരായ എം.വൈ.സി കക്കയവും, മലപ്പുറം വമ്പൻമാരായ എഫ്.സി.അരീക്കോടും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.

കല്ലാനോട്‌ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ട്വിങ്കിൾ കെ ചാണ്ടി, ടൂർണമെന്റ് കമ്മിറ്റി മെമ്പർ ഷാജൻ കടുകൻമാക്കൽ എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.



കക്കയം ടീം 8 സ്വന്തം നാട്ടുകാരെയും,3 കോളേജ് ടീം കളിക്കാരെയും കൊണ്ട് കളത്തിലിറങ്ങിയപ്പോൾ, അരീക്കോടും മലയാളിത്തം നിറഞ്ഞു നിന്ന ടീമിനെ തന്നെയാണ് രംഗത്തിറക്കിയത്.

ഏറെ പ്രതീക്ഷയോടെയെത്തിയ ഫുട്‌ബോൾ ആസ്വാദകർക്ക് മുന്നിൽ കക്കയം ടീമിന്റെ പ്രാദേശിക പുലി കുട്ടികൾ കളി മികവ് മുഴുവനായി പുറത്തെടുക്കുകയായിരുന്നു. ഒരു തനി നാടൻ കളി. രണ്ട് ടീമും ഒരേ കരുത്തും ആവേശവുമുള്ളവർ.

പണ്ടാരോ കല്യാണത്തിന് പോയപ്പോൾ പറഞ്ഞ വാക്കുകളാണ് അരീക്കോടിന്റെ കളി കണ്ടപ്പോൾ ഓർമ്മ വന്നത്. 

"പെണ്ണൊരു കൊണവുമില്ല, ബിരിയാണി അടിപൊളിയാ'

എന്ന് പറഞ്ഞത് പോലെ പേരൊക്കെ കൊള്ളാം മലപ്പുറം കത്തി, അരീക്കോട് അമ്പ്, അവസാനം പവനാഴി..... 

എന്തിനോ തിളയ്ക്കുന്ന സാമ്പാർ എന്ന് പറയും പോലെ ബോൾ വെറുതെ അടിച്ചു കളഞ്ഞും,കൃത്യതയില്ലാത്ത പാസുകൾ നൽകിയുമുള്ള വിരസമായ രീതിയിൽ ഇടയ്ക്കൊക്കെ മത്സരം മാറിയത് കാണികളെ നിരാശരാക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് കളിയുടെ... മിനിറ്റിൽ ജേഴ്സി നമ്പർ 7 സിനാൻ അതി മനോഹരമായ ഒരു ലോങ് റേഞ്ചർ ഷോട്ടിലൂടെ കക്കയത്തെ മുന്നിലെത്തിക്കുന്നത്. കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിലും, കക്കയം പഞ്ചവടി ഗ്രൗണ്ടിലുമൊക്കെ കാൽ പന്ത് കളിയുടെ ബാലപാഠങ്ങൾ പഠിച്ച സിനാന്റെ ഉജ്ജ്വല ഗോൾ അക്ഷരാർത്ഥത്തിൽ ഗ്യാലറിയെ ഇളക്കി മറിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കക്കയത്തിന്റെ ഗോൾ വരൾച്ചയ്ക്കുള്ള അന്ത്യം കുറിക്കൽ കൂടിയായിരുന്നു സിനാന്റെ ഗോൾ.

ഇടയ്ക്കിടെ രണ്ട് കൂട്ടരും ചെറിയ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗ്യാലറിയെ ഇളക്കാൻ മാത്രം പിന്നീട് ഒന്നുമുണ്ടായിരുന്നില്ല. 1-0 ത്തിന് ആദ്യ പകുതി അവസാനിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് അവിടെ തട്ടി ഇവിടെ തട്ടി വന്ന ബോൾ അരീക്കോടിന്റെ നെഞ്ചകം കീറി 18 ആം മിനിറ്റിൽ ജേഴ്സി നമ്പർ 12 അപ്പുണ്ണി വല കുലുക്കിയത്. സ്കോർ 2-0.

രണ്ടാം പകുതിയിൽ അരീക്കോട് ഉണർന്ന് കളിച്ചുവെന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും അതുണ്ടായി കണ്ടില്ല. രണ്ടാം പകുതിയുടെ 21ആം മിനിറ്റിൽ കൂരാച്ചുണ്ടിന്റെ പുത്രൻ യാസിൻ അരീക്കോടിന്റെ വല കുലുക്കിയപ്പോൾ സ്കോർ 3-0. 27 ആം മിനിറ്റിൽ ജഴ്സി നമ്പർ 7 സിനാന്റെ കളി മികവിൽ ഒരു ഗോൾ കൂടി നേടിയതോടെ കുറച്ചു വർഷങ്ങൾക്ക് ശേഷം കക്കയം ആരാധകർ മനസറിഞ്ഞൊന്നു ചിരിച്ചു. സ്കോർ 4-0.

മത്സരത്തിന്റെ മുഴുവൻ സമയം അവസാനിച്ച് ഇഞ്ചുറി സമയത്തിലേക്ക് കടന്നപ്പോൾ കക്കയം ടീമിന്റെ അലസത മുതലെടുത്ത് അരീക്കോടിന്റെ ജേഴ്സി നമ്പർ 12 ഹാഷിദ് നേടിയ ആശ്വാസ ഗോളോടെ മത്സരം അവസാനിച്ചു.

തുടർച്ചയായ പരാജയങ്ങളുടെ ക്ഷീണം തീർത്ത ഉജ്ജ്വല വിനയത്തോടെ കക്കയം ടീം ക്വാർട്ടർ ഫൈനലിലേക്കും, അരീക്കോട് മലപ്പുറത്തെക്കും വണ്ടി കയറി.

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഒരു മത്സരം പോലും ജയിക്കാൻ സാധിക്കാതിരുന്നിട്ടും പ്രാദേശിക താരങ്ങളുടെ കളി മികവിൽ വിശ്വാസമർപ്പിച്ച കക്കയം ടീം മാനേജ്മെന്റിന് ബിഗ് സല്യൂട്ട്.

ഇന്ന് നടക്കുന്ന മൂന്നാം പ്രീ ക്വാർട്ടർ മത്സരത്തിൽ വിക്ടറി ചാലിടം കൂരാച്ചുണ്ട്, എം.ഇ.എസ് കോളേജ് മമ്പാടുമായി ജൂബിലി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.

 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി