റോഡിനുവേണ്ടിയല്ലേ, സ്ഥലം നൽകാൻ തയ്യാർ
സമ്മതപത്രം കൈമാറി 15 കുടുംബങ്ങൾ
✒️ നിസാം കക്കയം
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വട്ടച്ചിറ-വയലട കുടിയേറ്റപാതയെ വീണ്ടെടുക്കാനുള്ള ആക്‌ഷൻ കമ്മിറ്റിയുടെ ശ്രമങ്ങൾക്ക് ഊർജംനൽകി റോഡ് കടന്നുപോകുന്ന മേഖലയിലെ പതിനഞ്ചുകുടുംബങ്ങൾ സമ്മതപത്രം കൈമാറി. പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ആക്‌ഷൻ കമ്മിറ്റിയുടെയും ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വട്ടച്ചിറയിൽനിന്ന് വയലടയിലേക്ക് കാൽനടയാത്ര സംഘടിപ്പിച്ചിരുന്നു.
മലയോരഗ്രാമമായ കൂരാച്ചുണ്ടിൽനിന്ന് വട്ടച്ചിറ വഴി വയലടയിലേക്ക് കുടിയേറ്റകാലം മുതൽ വഴിയുണ്ടായിരുന്നു. എട്ടുമീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കണമെങ്കിൽ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ കൂടി ആവശ്യമായി വരുന്നുണ്ട്. കുത്തനെ കയറ്റമുള്ള മേഖലയിൽ അലൈൻമെൻ മാറ്റി സ്ഥാപിക്കേണ്ടിവരുന്ന സ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ വിട്ടുകിട്ടാനുണ്ട്.
ഇത്തരത്തിൽ സ്ഥലങ്ങൾ ആവശ്യമായി വരുന്ന കുടുംബങ്ങളെ നേരിൽക്കണ്ട് സമ്മതപത്രങ്ങൾ ഏറ്റുവാങ്ങുന്ന പ്രവർത്തനങ്ങൾക്കാണ് ആക്‌ഷൻ കമ്മിറ്റി ഞായറാഴ്ച തുടക്കംകുറിച്ചത്. ആദ്യദിനത്തിൽ തന്നെ പതിനഞ്ചുകുടുംബങ്ങൾ റോഡ് നിർമാണത്തിന് ആവശ്യമായ സ്ഥലം വിട്ടുനൽകാൻ സന്നദ്ധമായി സമ്മതപത്രം കൈമാറിയത് ആക്ഷൻ കമ്മിറ്റിയുടെ തുടർ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതായി.
ആക്‌ഷൻ കമ്മിറ്റി അംഗങ്ങളായ രാജൻ ഉറുമ്പിൽ, എൻ.കെ. കുഞ്ഞമ്മദ്, സണ്ണി പ്ലാത്തോട്ടം, സണ്ണി പാറുകുന്നേൽ, ഗ്രാമപ്പഞ്ചായത്തംഗ lമായ വിജയൻ കിഴക്കയിൽ മിത്തൽ എന്നിവർ നേതൃത്വം നൽകി


Comments
Post a Comment